ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുകൂല പരിപാടി സംഘടിപ്പിക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ വിദ്യാര്‍ഥികള്‍ക്കെതിരേ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇവര്‍ രാജ്യം വിടുന്നത് തടയുകയാണ് ലക്ഷ്യം. ജെഎന്‍യുവിലെ പരിപാടി വിവാദമായതോടെ ഇതിന്റെ മുഖ്യആസൂത്രകരായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികള്‍ മുങ്ങുകയായിരുന്നു. ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പരിപാടിക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒളിവില്‍ പോയ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുകഴിഞ്ഞു. ഇവരുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ എവിടെയാണെന്ന കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ ആണ് കേസ് അന്വേഷിക്കുന്നത്.