കൊച്ചി: മുഖ്യമന്ത്രിക്കും മറ്റുമെതിരേ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. തെളിവ് ഏല്‍പിച്ചിരുന്ന സ്ഥലത്താണ് താന്‍ പോയതെന്നും സിഡി ആരോ മാറ്റിയതാകാമെന്നും ബിജു പറഞ്ഞു.
ഇന്നലെ ബിജുവിനെ കോയമ്പത്തൂരിലെ ശെല്‍വപുരത്ത് നേരിട്ടെത്തിച്ച് സിഡി കണ്ടെടുക്കാന്‍ സോളാര്‍ കമ്മീഷന്‍ ശ്രമം നടത്തിയെങ്കിലും സിഡി ലഭിച്ചിരുന്നില്ല. ഇതിന് ശേഷം സോളാര്‍ കമ്മീഷന്‍ ഓഫീസില്‍ എത്തിച്ചപ്പോഴാണ് മാദ്ധ്യമങ്ങളോട് ബിജു ഇക്കാര്യം പറഞ്ഞത്.
കമ്മീഷന്‍ അനുവദിച്ചാല്‍ അടുത്ത സിറ്റിങ്ങില്‍ സിഡി ഹാജരാക്കാമെന്നും താന്‍ പറഞ്ഞത് 100 ശതമാനം സത്യമാണെന്നും ബിജു പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് ലഭിച്ച സിം കാര്‍ഡുകള്‍ അടക്കമുളള രേഖകള്‍ സോളാര്‍ കമ്മീഷനില്‍ എത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ സരിതാ നായരുമായി ബന്ധപ്പെടുത്തി ബിജു ലൈംഗീക ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബിജു അവകാശപ്പെട്ടിരുന്നു. ഇന്നലെയും തെളിവുകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് ഇത് പിടിച്ചെടുക്കാന്‍ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.