ന്യൂഡല്‍ഹി: ആരെയും അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന് സന്ദര്‍ശിച്ചതെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്ത്. പാകിസ്ഥാന് സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തന്റെ അഭിപ്രായം തേടിയിരുന്നതായി അവര്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രിയുടെയോ സുരക്ഷാ സേനയുടെയോ അഭിപ്രായം തേടാതെയാണ് പ്രധാനമന്ത്രി പാകിസ്ഥാന് സന്ദര്‍ശിച്ചതെന്നായിരുന്നു ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നത്.
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സംസാരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിളിച്ച് അഭിപ്രായം തേടിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ സുഷമ സ്വരാജ് വ്യക്തമാക്കി. പ്രധാനമന്ത്രി പാകിസ്ഥാനില്‍ പോകണമെന്ന അഭിപ്രായമാണ് താനും പങ്കുവെച്ചതെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഉണ്ടായിരുന്നെങ്കില്‍ രാഹുലിന്റെ ആരോപണത്തിന് അവിടെ വെച്ച് മറുപടി നല്‍കിയേനെയെന്നും എന്നാല്‍ വീട്ടിലെത്തിയ ശേഷമാണ് രാഹുല്‍ ഇക്കാര്യം സഭയില്‍ ഉന്നയിച്ചതായി കണ്ടതെന്നും സുഷമ സ്വരാജ് പറഞ്ഞു.
ലാഹോര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ച ശേഷം വിമാനത്താവളത്തില്‍ വെച്ച് തന്നെ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ തിരക്കിയതായും പത്ത് മിനിറ്റോളം പ്രധാനമന്ത്രിയുമായി സംസാരിച്ചതായും സുഷമ കൂട്ടിച്ചേര്‍ത്തു. ലാഹോര്‍ സന്ദര്‍ശനത്തില്‍ രാജ്യം കൈക്കൊണ്ട പോസിറ്റീവ് നിലപാട് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ അഭിനന്ദിച്ചതായും സുഷമ വ്യക്തമാക്കി.