ന്യൂഡല്‍ഹി: ഇന്ത്യയെ ലോകമറിയാന്‍ ആര്‍ട്ട് ഓഫ് ലിവിങ് സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം വൈവിദ്ധ്യമായ സംസ്കാരം കൊണ്ടാണ് ലോകത്തിന് നിരവധി സംഭാവനകള്‍ നല്കാന് ഇന്ത്യയ്ക്ക് കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ആര്‍ട്ട് ഓഫ് ലിവിങ് നടത്തുന്ന ലോക സാംസ്കാരികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമ്മള് നമ്മളെത്തന്നെ മോശക്കാരാക്കിയാല്‍, എല്ലാത്തിനെയും വിമര്‍ശിച്ചാല്‍ ലോകം എങ്ങനെ നമ്മളെ നോക്കിക്കാണുമെന്ന് ചിന്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്കാരത്തിന്റെയും കലയുടെയും കുംഭമേളയാണ് ലോക സാംസ്കാരികോത്സവം. നൂറ്റിയന്‍പതോളം രാജ്യങ്ങളില്‍ വ്യാപൃതമായ ജീവനകലയ്ക്ക് ശ്രീ ശ്രീ രവിശങ്കറിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ശരീരത്തെ പിടിച്ചുകുലുക്കുന്ന സംഗീതം വിപണിയിലുണ്ട്. പക്ഷെ മനസിനെ പിടിച്ചുകുലുക്കുന്ന സംഗീതം ഭാരതത്തില്‍ മാത്രമാകും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക സാംസ്കാരികോത്സവം ഒരു സ്വകാര്യ പരിപാടിയാണെന്ന വിമര്‍ശനങ്ങള്‍ക്ക് ശ്രീ ശ്രീ രവിശങ്കറും ചടങ്ങില്‍ മറുപടി പറഞ്ഞു. ഇത് ഒരു സ്വകാര്യ പരിപാടിയല്ലെന്നും ലോകത്തിന് വേണ്ടിയുളളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദേശവുമായിട്ടാണ് അവിടുത്തെ പ്രതിനിധികള്‍ പരിപാടിക്ക് എത്തിയത്. ആര്‍ട്ട് ഓഫ് ലിവിങ്ങിലൂടെ ലോകത്തിന് മുഴുവന്‍ സമാധാനം പകരാന്‍ കഴിയട്ടെയെന്ന് ഷിന്‍സോ ആബെ സന്ദേശത്തില്‍ പറഞ്ഞു.
155 രാജ്യങ്ങളില്‍ നിന്നുളളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നിന്നായി 36,000 കലാകാരന്മാരും പരിപാടിയില്‍ വിരുന്നൊരുക്കും. കേരളത്തില്‍ നിന്നുള്ള 1310 കലാകാരന്മാര് അവതരിപ്പിക്കുന്ന മോഹിനിയാട്ടവും കഥകളിയും കലാപരിപാടിയുടെ ഭാഗമായി അരങ്ങേറും.