കൊച്ചിയിൽ അമോണിയം ചോർന്നു. ഒഴിവായത് വൻ ദുരന്തം

Published by
Janam Web Desk

തൃപ്പൂണിത്തുറ: കൊച്ചിയിൽ അമോണിയം ചോർച്ചയുണ്ടായത് പ്രദേശത്ത് ആശങ്ക പരത്തി. ഫാക്ടിന്റെ അമ്പലമേട് ഡിവിഷനിലേയ്‌ക്ക് ചമ്പക്കര കനാലിലൂടെ ബാർജിൽ കൊണ്ടു പോയ അമോണിയമാണ് ബാർജിന്റെ വാൽവ് തകരാറിനേത്തുടർന്ന് ചോർന്നത്.

അപകടസാദ്ധ്യത കുറയ്‌ക്കുന്നതിനായി ബാർജ് ആൾവാസം കുറഞ്ഞ എരൂർ ഭാഗത്തേയ്‌ക്കു നീക്കിയെങ്കിലും ചമ്പക്കര പ്രദേശത്ത് ചിലർക്ക് ബോധക്ഷയവും, തലചുറ്റലും അനുഭവപ്പെട്ടതിനേത്തുടർന്ന് ചികിത്സയിലാണ്.

ആറു മണിക്കൂറുകളോളം പ്രയത്നിച്ചാണ് അഗ്നിശമനസേനാംഗങ്ങളും, ഫാക്ടിലെ സാങ്കേതിക വിദഗ്‌ദ്ധരും ചേർന്ന് ചോർച്ചയടച്ചത്.

കാറ്റിന്റെ ഗതി നിർണ്ണയിച്ച് അപകടസാദ്ധ്യതയുളള   മേഖലകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും, പ്രദേശത്ത് അപായസൂചന നൽകുകയും ചെയ്തത് വൻ ദുരന്തം ഒഴിവാകുന്നതിനു കാരണമായി.

അഗ്നിശമനസേന ചമ്പക്കര കനാലിൽ നിന്നു തന്നെ വെളളമെടുത്ത് അമോണിയം നിർവീര്യമാക്കിക്കൊണ്ടിരുന്നു. ജില്ലാ കളക്ടർ രാജമാണിക്യവും, റവന്യൂ ഉദ്യോഗസ്ഥരും, പൊലീസ് സേനയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഒന്നിച്ചു പ്രവർത്തിച്ചതും ദുരന്തം ഒഴിവാകുന്നതിനു കാരണമായി.

192 ടണ്ണോളം അമോണിയവുമായാണ് ബാർജ് അപകടത്തിൽ പെട്ടത്. അമോണിയയുടെ രൂക്ഷഗന്ധം പ്രദേശമാകെ വ്യാപിച്ചതോടെ പലർക്കും ഛർദ്ദിയും, തലകറക്കവും അനുഭവപ്പെട്ടു. കയ്യിൽ കിട്ടിയതെല്ലാമെടുത്ത് ജനങ്ങൾ പരക്കം പായുകയായിരുന്നു.

രാത്രി പന്ത്രണ്ടരയോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ചോർച്ചയടച്ച ശേഷം, ബാർജ് ഫാക്ടിന്റെ കൊച്ചി ഡിവിഷനിലേയ്‌ക്കു കൊണ്ടു പോയി.

Share
Leave a Comment