മോടിയോടെ ഭാരതം, 3-ാം വര്‍ഷത്തിലേക്ക്‌

Published by
Janam Web Desk

ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകത്തേയും ദേശീയതയേയും പിൻപറ്റുന്ന ദേശീയ ജനാധിപത്യ സഖ്യ സർക്കാർ മൂന്നാം വർഷത്തിലേക്ക്. സമഗ്ര വികസനത്തിന്‍റെ സമാധാനത്തിന്‍റെ നല്ല നാളുകൾ. ലോകരാഷ്‌ട്രങ്ങളുടെ നെടുനായകത്വത്തിലേക്ക് ഭാരതം മുന്നേറുന്നു.

ദരിദ്രർക്ക് പറയാനുള്ളത് കേൾക്കുന്നതും ദരിദ്രരെക്കുറിച്ച് ചിന്തിക്കുന്നതും ദരിദ്രർക്ക് വേണ്ടി നിലകൊള്ളുന്നതുമായ ഒന്നായിരിക്കണം ഒരു സർക്കാർ.  അതിനാൽ ഈ സർക്കാർ ദരിദ്രരോടും കോടിക്കണക്കിന് യുവാക്കളോടും തങ്ങളുടെ ആത്മാഭിമാനത്തിനും അന്തസിനും വേണ്ടി യത്നിക്കുന്ന അമ്മമാരോടും പെങ്ങൻമാരോടും പ്രതിബദ്ധമാണ്.  ഈ സർക്കാർ കർഷകർക്കും ഗ്രാമീണർക്കും ദളിതർക്കും, വനവാസികൾക്കും അടിച്ചമർത്തപ്പെട്ടവർക്കുമുള്ളതാണ്. അവരുടെ ആശയ അഭിലാഷങ്ങളെ സംരിക്ഷിക്കാനുള്ളതാണ്. ഈ ചുമതല വഹിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഭാരതത്തിന്‍റെ 15-ാം മത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു.  

ഭാരതത്തിലെ 126 കോടി ജനസമൂഹത്തിന് പ്രതീക്ഷയുടെ പൊൻകിരണം നൽകിയ ആ വാക്കുകൾ യാഥാർത്ഥ്യമായി ക്കൊണ്ടിരിക്കുന്നു.  സാധാരണക്കാരുടെ ജീവനും സ്വത്തിനും ഉറപ്പുനൽകുന്ന, അവരുടെ ഭാവി പ്രതീക്ഷകളെ നെഞ്ചേറ്റുന്ന സുസ്ഥിരതയുള്ള ഒരു കേന്ദ്ര സർക്കാർ.  ഭൂമിയും വീടുമില്ലാത്ത നിർധനർക്ക് ജീവിത സൗകര്യമൊരുക്കിയും, സൗജന്യ പാചക വാതക കണക്ഷൻ നൽകിയും, ജൻധൻയോജന, മുദ്രാബാങ്ക്, സുകന്യ സമൃദ്ധി പദ്ധതി, ജൻ ഔഷധി, അടൽ പെൻഷൻ പദ്ധതി, സ്വഛ് ഭാരത് അഭിയാൻ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചും സാധാരണക്കാരുടെ ജീവിതത്തിന് താങ്ങും തണലുമാകാൻ രണ്ട് വർഷത്തെ ഭരണത്തിലൂടെ നരേന്ദ്രമോദി സർക്കാറിന് കഴിഞ്ഞു. 

ഭൂരഹിതരരായ കർഷകരെ ലക്ഷ്യമിട്ടുള്ള ഭൂമി ഹീൻ കിസാൻ പദ്ധതി, വൻ കിട കാർഷിക മേഖലയ്‌ക്ക് വഴിയൊരുക്കാൻ ജലസേചനത്തിന് സംവിധാനമൊരുക്കുന്ന ഗ്രാം സിഞ്ചായി യോജനാ പദ്ധതി എന്നിങ്ങനെ കാർഷിക മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള ഒട്ടേറെ കർമ പദ്ധതികൾ യാഥാർത്ഥ്യമായി.

വിളനാശം അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതി, മുതിർന്ന പൗരന്മാർക്ക് പെൻഷൻ ഉറപ്പുവരുത്തുന്ന അടൽ പെൻഷൻ യോജന പദ്ധതി, രാജ്യത്തെ ദരിദ്രവിഭാഗങ്ങളെ കൈപിടിച്ച് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, പെൺകുട്ടികളുടെ ജീവിത സുരക്ഷയ്‌ക്കായി സുകന്യ സമൃദ്ധി യോജന, ഇൻഷുറൻസ് പരിരക്ഷയ്‌ക്കായി ജീവൻ ജ്യോതി ഭീമ യോജന എന്നിങ്ങനെ ഒട്ടേറെ പദ്ധതികളിലൂടെ സാധാരണക്കാരുടെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പ് വരുത്താൻ കേന്ദ്രസർക്കാറിനായി.

പട്ടിക ജാതി – പട്ടിക വർഗക്കാരായ വനിതാ സംരഭകർക്കായി തുടക്കം കുറിച്ച സ്റ്റാർട്ട് അപ് ഇന്ത്യ – സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയും ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന മുദ്രാബാങ്കും നരേന്ദ്രമോദി സർക്കാർ തുടക്കമിട്ടു. ചെറുകിട ബിസിനസ് സംരഭങ്ങളെ സംരക്ഷിക്കുന്നതിലൂടെ ആഭ്യന്തര ഉത്പാദന മേഖലയെ ശക്തിപ്പെടുത്താനും കേന്ദ്ര സർക്കാറിനായി.

ചെറുകിട ബിസിനസ് സംരഭങ്ങളെ സംരക്ഷിക്കുന്നതിനായി തുടക്കമിട്ട പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ 35 ലക്ഷത്തിലേറെ പേർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഈട് രഹിത വായ്പ ലഭ്യമാക്കി. രാജ്യത്ത് വൻ വിജയമായ പദ്ധതിയ്‌ക്ക് കേരളത്തിലെ യുവജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാനദണ്ഡങ്ങൾ പാലിച്ച ഒൻപത് ലക്ഷത്തോളം അപേക്ഷകരുടെ സംരഭങ്ങൾക്ക് അഞ്ച് കോടി രൂപ വായ്പ അനുവദിക്കപ്പെട്ടു. കേരളത്തിൽ പദ്ധതികൾ തകിടം മറിക്കാൻ ഇടത് ആഭിമുഖ്യ സംഘടനകൾ ഒട്ടേറെ ശ്രമം നടത്തിയിട്ടും യുവസംരഭകർ തേടിയെത്തിയത് പദ്ധതിയുടെ വിജയത്തിന് കാരണമായി.

രാജ്യത്ത് രണ്ട് കോടിയിലേറെ തൊഴിലവസരം സൃഷ്ടിക്കുവാൻ ഇക്കാലയളവിൽ കേന്ദ്രസർക്കാറിനായി എന്നതും ശ്രദ്ധേയം. നരേന്ദ്രമോദി സർക്കാറിന്‍റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയാണ് തൊഴിൽ മേഖലയിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. നിർമാണ മേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കഴിഞ്ഞു. ജപ്പാൻ, ചൈന, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വ്യവസായ സംരഭകർ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താൻ മത്സരിക്കുന്നുവെന്നതാണ് നിലവിലെ യാഥാർത്ഥ്യം.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ കാര്യത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയത് ഇതിന് ഉദാഹരണം. 6300 കോടി ഡോളറാണ് കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങൾ ഇന്ത്യയിലെ വ്യവസായ – വ്യാപാര മേഖലയിൽ നിക്ഷേപിച്ചത്. ഇക്കാലയളവിൽ അമേരിക്കയിൽ 5960 കോടി ഡോളറിന്‍റെയും ചൈനയിൽ 5660 കോടി ഡോളറിന്‍റെയും നിക്ഷേപമാണ് നടന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കേന്ദ്രസർക്കാർ പദ്ധതികളുടെ ആനുകൂല്യം സാധാരണക്കാരിൽ എത്തുന്നതിന് പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി വഴിയൊരുക്കി. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഒട്ടനേകം പദ്ധതികളുടെ പ്രയോക്താവാകാൻ ഇനി സാധിക്കും. 15 കോടി പുതിയ ബാങ്ക് അക്കൗണ്ടുകളാണ് പദ്ധതിയ്‌ക്കായി ആരംഭിച്ചത്.

ഗ്രാമീണ മേഖലയിലെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആദർശ ഗ്രാമ പദ്ധതിയും നടപ്പാക്കപ്പെട്ടു. പാർലമെന്‍റ് അംഗങ്ങളിലൂടെ മാതൃക ഗ്രാമം രൂപപ്പെടുത്തുന്ന പദ്ധിയ്‌ക്കാണ് സർക്കാർ തുടക്കമിട്ടത്. ഓരോ ഗ്രാമത്തിലേക്കും അടിസ്ഥാന സൗകര്യ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിനായി പാർലമെന്‍റ് അംഗങ്ങളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമങ്ങളിലെ സന്പൂർണ വൈദ്യൂതികരണം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കും കേന്ദ്രസർക്കാർ നടന്നടുക്കുകയാണ്.
സ്വാതന്ത്രം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും വൈദ്യുതി ലഭിക്കാത്ത രാജ്യത്തെ 18000 ഗ്രാമങ്ങളിൽ 1000 ദിവസത്തിനുള്ളിൽ വൈദ്യുതി എത്തിക്കാനുള്ള നടപടി കേന്ദ്രസർക്കാർ തയ്യാറാക്കി നടപ്പാക്കുന്നു. 7000 ഓളം ഗ്രാമങ്ങളിൽ ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതി വഴി ലക്ഷ്യം പൂർത്തിയായിക്കഴിഞ്ഞു.

സോളാർ പദ്ധതിയിലൂടെ ഊർജക്ഷാമം പരിഹരിക്കാനുള്ള നടപടികളും വിജയം കണ്ടു തുടങ്ങിയിട്ടുണ്ട്. സൗര നഗരം പദ്ധതിയ്‌ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.

ഭാരതത്തെ ശുചിത്വപൂർണമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സ്വച്ഛ് ഭാരത് അഭിയാന് വൻ ജനപിന്തുണയാണ് ലഭിച്ചത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ റോഡുകളും പൊതുസ്ഥലങ്ങളും ശുചിത്വ പൂർണവാക്കുവാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം പൊതുജനം ഏറ്റെടുത്ത് നടപ്പാക്കി. ശുചിത്വ ഭാരതത്തിനായി വിദ്യാർത്ഥികളും പൊതുജനങ്ങളും നിരത്തുകളിൽ ഒന്നിക്കുന്ന കാഴ്ചയ്‌ക്കാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്.

ഭൂമിയും വീടുമില്ലാത്തവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഭവനം നിർമിച്ചു നൽകുന്ന പ്രധാനമന്ത്രി സന്പൂർണ ഭവന പദ്ധതിയ്‌ക്ക് രാജ്യത്ത് തുടക്കമായി 2022 ഓടെ ലക്ഷ്യം പൂർത്തികരിക്കുവാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.

ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറച്ചും വിലനിയന്ത്രണ പട്ടിക പരിഷ്കരിച്ചും നിർധനരായ രോഗികൾക്ക് ചികിത്സാ രംഗം അനുകൂലമാക്കി. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യത്തെ മുഴുവൻ കുടുംബാംഗങ്ങൾക്കും വേണ്ടി ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് നടപ്പാക്കാൻ സർക്കാർ തയ്യാറായി. വൃക്കരോഗികൾക്ക് ആശ്വാസകേന്ദ്രമായി ദേശീയ ഡയാലിസിസ് പദ്ധതിയും നടപ്പാക്കിക്കഴിഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് കേന്ദ്രസർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്.  പെൺഭ്രൂണഹത്യ തടയുന്നതിനും
വിദ്യാഭ്യാസമടക്കം പെൺകുട്ടികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുമായി ബേഠി ബചാവോ – ബേഠി പഠാവോ പദ്ധതിയ്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകുന്ന നിർണായക നിലപാടുകൾ സർക്കാർ സ്വീകരിച്ചു. അമേരിക്ക, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളുമായി രൂപികരിച്ച ആയുധ വ്യാപാര കരാറുകൾ പ്രതീക്ഷയേകുന്നു. കൂടാതെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ പ്രതിരോധ മേഖലയ്‌ക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കാനാകുന്നുവെന്നതും നേട്ടം തന്നെ. ഇതിന് പുറമെ കാലങ്ങളായി സൈനികർ ഉന്നയിക്കുന്ന വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കാനും കേന്ദ്രസർക്കാർ ആർജവം കാട്ടി എന്നതും ശ്രദ്ധേയമാണ്.

രണ്ട് വർഷത്തെ ഭരണം ഗതാഗത മേഖലയിലും ഒട്ടേറെ പുരോഗതിയ്‌ക്ക് വഴിയൊരുക്കി. രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സാഗർ മാല പദ്ധതി, രാജ്യത്തെ നൂറുജില്ലകളെ ബന്ധിപ്പിക്കുന്ന അതിവേഗ പാത, ഭാരത് മാല പദ്ധതി, സാർക്ക് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ എന്നിവ ലക്ഷ്യത്തോട് അടക്കുന്നു. 97000 കോടി രൂപയാണ് റോഡ് വികസനത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

റെയിൽവേയുടെ ആധുനിക വത്കരണം ലക്ഷ്യമിട്ട് തുടക്കം കുറിച്ച ഒട്ടേറെ പദ്ധതികൾ. രാജ്യത്തെ ഏറ്റവും വേഗമേറിയ സെമി ഹൈ സ്പീഡ് ഗതിമാൻ എക്സ് പ്രസ് യാത്ര ആരംഭിച്ചു കഴിഞ്ഞു. ജപ്പാന്‍റെ സാങ്കേതിക സഹായത്തോടെ കൂടുതൽ സെമി ഹൈ സ്പീഡ് ട്രയിനുകൾ വേഗക്കുതിപ്പിന് തയ്യാറെടുകൊണ്ടിരിക്കുന്നു. ബയോ ടോയ്‍ലറ്റ് അടക്കം ഒട്ടേറെ പരിഷ്കരണങ്ങൾക്കും ഇന്ത്യൻ റെയിൽവേ കാത്തിരിക്കുന്നു.  പുതിയ പാതകൾ നിർമ്മിക്കുന്നതിലും വൈദ്യുതീകരണത്തിലും വൻ മുന്നേറ്റമാണ് റെയിൽ വെ കൈവരിച്ചത്. മാറ്റത്തിന്‍റെ ചൂളം വിളികൾ വരും വർഷങ്ങളിൽ പ്രതീക്ഷിക്കാം.

ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നവും സാക്ഷാത്കരിക്കപ്പെടുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് ഇന്‍റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൂർത്തിയായി വരുന്നു. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ സർക്കാർ ഇടപാടുകൾ ഡിജിറ്റൽ വത്കരിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്‌ക്കുണ്ട്. രാജ്യത്തെ 200 പ്രമുഖ നഗരങ്ങളിലും, 579 റയിൽവെ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സൗകര്യം ഒരുങ്ങിക്കഴിഞ്ഞു.

ജനകീയ പദ്ധതികൾക്കൊപ്പം ചേർത്തുവയ്‌ക്കേണ്ട ഒന്നുകൂടിയുണ്ട് കേന്ദ്രസർക്കാറിന്‍റെ ഭരണനേട്ടങ്ങളുടെ പട്ടികയിൽ. ഭരണ വ്യവസ്ഥയെ ആകെ ചൂഴ്ന്ന് നിന്ന അഴിമതി എന്ന വിപത്തിനെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞു എന്നത്. ഉദ്യോഗസ്ഥ തലത്തിൽ പ്രവർത്തന സന്നദ്ധത കാര്യക്ഷമമാക്കാൻ കഴിഞ്ഞു. സർക്കാർ സംവിധാനത്തിനുള്ളിൽ പ്രധാനമന്ത്രിയ്‌ക്ക് ആശയവിനമയത്തിന് വഴി ഒരുങ്ങിയിരിക്കുന്നു. ഭരണകാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും പ്രധാനമന്ത്രിയ്‌ക്കും അതത് മന്ത്രാലയങ്ങൾക്കും കൂട്ടുത്തരവാദിത്വം ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചു എന്നതും ശ്രദ്ധേയം.

രാജ്യത്തെ സാധാരണ ജനങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തിലും കേന്ദ്രസർക്കാർ ജാഗരൂകരാണ് എന്നതിന്‍റെ വ്യക്തമായ തെളിവാണ് ലോക വ്യാപാര സംഘടനാ ഉടന്പടിയിൽ ഒപ്പുവയ്‌ക്കാൻ ഇന്ത്യ വിസമ്മതിച്ചത്. രാജ്യത്തിന് പ്രതികൂലമായേക്കാവുന്ന വ്യവസ്ഥകൾ പാടെ മാറ്റം വരുത്തുവാൻ നരേന്ദ്രമോദി സർക്കാറിന്‍റെ ഉറച്ച നിലപാട് വഴിയൊരുക്കി.

അയൽരാജ്യങ്ങളുമായി സമാധാന സഹവർത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് സന്ദേശമായിരുന്നു രണ്ട് വർഷംമുന്പ് നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് നൽകിയത്. സാർക്ക് രാജ്യങ്ങളുടെ തലവന്മാരെ ചടങ്ങിന് ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ നയതന്ത്രജ്ഞത വ്യക്തമാക്കി.

അമേരിക്ക, റഷ്യ, ഫ്രാൻസ്, കാനഡ, ജർമനി, ജപ്പാൻ, ചൈന തുടങ്ങി പ്രമുഖ രാജ്യങ്ങളിലേക്കുള്ള നരേന്ദ്രമോദിയുടെ ഔദ്യോഗിക സന്ദർശനങ്ങളോരോന്നും രാജ്യപുരോഗതിയുടെ നാഴികക്കല്ലുകളാണ്. അമേരിക്കൻ സന്ദർശനത്തിനിടെ യു.എൻ. ജനറൽ അസംബ്ലിയിലും, ജി 4 യോഗത്തിലും, സിലിക്കൺ വാലിയിലും, വൈറ്റ് ഹൗസിലും, നരേന്ദ്ര മോദി എന്ന ലോകനേതാവിന്‍റെ വ്യക്തി പ്രഭാവം ദർശിക്കാനായി.

യുഎൻ രക്ഷാസമിതി വിപുലീകരണത്തിന്‍റെ ആവശ്യകത എടുത്തുപറഞ്ഞ നരേന്ദ്ര മോദി, ഭാരതത്തിന്‍റെ സ്ഥിരാംഗത്വം ഔദാര്യമല്ല, മറിച്ച് അവകാശമാണെന്നും വ്യക്തമാക്കി.  യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് അമേരിക്ക, ചൈന തുടങ്ങി പ്രമുഖ രാഷ്‌ട്രങ്ങളുടേയും ജി 4 രാജ്യങ്ങളുടെയും പിന്തുണയാർജിക്കാനും നരേന്ദ്ര മോദിക്ക് സാധിച്ചു.

ഇന്ത്യ-അമേരിക്ക ബന്ധം ചരിത്രത്തിലെ  എറ്റവും മികച്ച രീതിയിൽ പുരോഗമിക്കുന്ന കാലഘട്ടമാണിത്. നയതന്ത്ര രംഗത്തും സാന്പത്തിക മേഖലയിലും കൂടുതൽ സഹകരണം ഉറപ്പുവരുത്താനാണ് ഇരുരാഷ്‌ട്രങ്ങളുടേയും ശ്രമം.

ലോകത്തെ വിവരസാങ്കേതിക മേഖലയുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന സിലിക്കൺ വാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം ആധുനിക ഭാരതത്തിന്‍റെ ലക്ഷ്യങ്ങൾ ഉൾക്കൊളളുന്നതായിരുന്നു. ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ മേധാവുകളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ നിക്ഷേപ സമാഹരണത്തിന് പിന്തുണ ഉറപ്പിക്കാനും കഴിഞ്ഞു.

പ്രമുഖ രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ നല്ല ബന്ധം രൂപപ്പെടുത്താനും വ്യാപാര – വാണിജ്യ മേഖലയിൽ പരസ്പര സഹകരണം ഉറപ്പുവരുത്താനും നരേന്ദ്രമോദിയ്‌ക്കായി.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്രാൻസിന്‍റെ സഹായത്തോടെ എയർ ബസ് നിർമാണം,
ചരക്ക് നീക്കത്തിൽ രാജ്യത്തിന് ഗുണകരമാകുന്ന ഇറാനിലെ ചബഹർ സീ പോർട്ട് നിർമാണം വിയറ്റ്നാമിൽ ഇന്ത്യൻ സാങ്കേതിക സഹായത്തോടെയുള്ള എണ്ണ പര്യവേഷണം, ബ്രിക്സ് ബാങ്കിന്‍റെ അദ്ധ്യക്ഷ സ്ഥാനം, ഭൂട്ടാനിൽ ഇന്ത്യയുടെ നാല് ഹൈഡ്രോ പവർ പ്രോജക്ടുകൾ, ‍ഡ‍ൽഹി – മുംബൈ വ്യവസായ ഇടനാഴിയ്‌ക്കായി ജപ്പാന്‍റെ 30 മില്യൺ ഡോളർ സഹായം, ബുള്ളറ്റ് ട്രെയിൻ സാങ്കേതിക സഹായം, ഇന്ത്യൻ ആണവ നിലയങ്ങൾക്ക് ഫ്രാൻസിൽ നിന്നും കാനഡയിൽ നിന്നും യുറേനിയം ഇറക്കുമതി എന്നിങ്ങനെ രാജ്യത്തിന്‍റെ വികസനത്തിന് കുതിപ്പേകുന്ന ഒട്ടേറെ നേട്ടങ്ങളും ഇതോടൊപ്പം ചേർത്തുവയ്‌ക്കേണ്ടതുണ്ട്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോകം ഒന്നിക്കണമെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ലോകം ശ്രവിച്ചു. ഭീകരാക്രമണം ഉണ്ടായി ഒരാഴ്ച പിന്നിടും മുന്പെ ബ്രസൽസ് സന്ദർശിച്ച് നരേന്ദ്രമോദി തന്‍റെ നിലപാട് ഒരിക്കൽകൂടി വ്യക്തമാക്കി. ഭീകരർക്ക് ഒളിത്താവളം ഒരുക്കുകയും ഭീകരതയ്‌ക്കെതിരെ വാചാലരാകുകയും ചെയ്യുന്ന പാകിസ്ഥാന്‍റെ ഇരട്ടത്താപ്പ് ലോകരാഷ്‌ട്രങ്ങൾക്ക് മുന്പിൽ തുറന്നുകാട്ടാനും ഇന്ത്യക്കായി.

ദക്ഷിണേഷ്യയിൽ ചൈനയും, പാകിസ്ഥാനും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് ലോകം പ്രതീക്ഷയോടെ ഭാരതത്തെയാണ് ഉറ്റുനോക്കുന്നത്.

വിദേശയാത്രകളിൽ രാജ്യത്തിന്‍റെ സ്നേഹാദരങ്ങൾ പ്രവാസ ജനസമൂഹത്തിന് പകർന്ന് അവർക്കൊപ്പം വേദിപങ്കിടാനും പ്രധാനമന്ത്രി നേരം കണ്ടെത്തി. ദേശീയതയെ ഹൃദയത്തിലേറ്റുന്ന ഇന്ത്യൻ ജനസമൂഹത്തെ നരേന്ദ്രമോദിയുടെ ഓരോ സന്ദർശനവേളയിലും കാണാനായി.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ യമൻ, ലിബിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പ്രവാസി സമൂഹത്തിന് രാജ്യത്തേക്ക് മടങ്ങാൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ സമയോചിത ഇടപെടൽ നിർണായകമായി. ഇന്ത്യൻ സേന നടത്തിയ സുരക്ഷാ പ്രവർത്തനങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.

ബീഹാറിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ അസഹിഷ്ണുതാ പ്രചാരണവും കെട്ടടങ്ങിക്കഴിഞ്ഞു. നരേന്ദ്രമോദി സർക്കാറിനെതിരെ ഉന്നയിച്ച കോൺഗ്രസ് – ഇടത് രാഷ്‌ട്രീയ ചേരികളുടെ ആക്ഷേപങ്ങൾ പൊതുജനം ചെവിക്കൊണ്ടില്ല എന്നതാണ് കുപ്രചാരണങ്ങളുടെ മുനയൊടിച്ചത്. അസമിൽ മികച്ച ഭൂരിപക്ഷത്തോടെ ബിജെപി നയിക്കുന്ന എൻ.ഡി.എ സർക്കാർ ഭരണത്തിലേറിയതും, കേരളത്തിൽ ബിജെപിയ്‌ക്ക് അക്കൗണ്ട് തുറക്കാനായതും, പശ്ചിമ ബംഗാളിൽ ഏഴ് മണ്ഡലങ്ങളിൽ വിജയിക്കാനായതും നരേന്ദ്രമോദിയുടേയും – അമിത് ഷായുടേയും നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണ്.

പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോഴും – കാശ്മീരിൽ ഹിമപാതത്തിൽപെട്ട് ധീരജവാൻ ഹനുമന്ദപ്പ ഗുരുതരാവസ്ഥയിൽ കഴിഞ്ഞപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്‌ട്രത്തോടുള്ള കടപ്പാട് എന്തെന്ന് വ്യക്തമാക്കി. നേരിട്ടെത്തിയും വിദഗ്‌ദ്ധ ഡോക്ടർമാരെ ദുരന്തമുഖത്ത് എത്തിച്ചും മികച്ച ചികിത്സാ സൗകര്യം ഒരുക്കിയും അടിയന്തര ഘട്ടത്തിൽ നിർണായക സാന്നിദ്ധ്യമായി പ്രധാനമന്ത്രി മാറി.

കലാപങ്ങളോ, രക്തച്ചൊരിച്ചിലുകളോ, രാഷ്‌ട്രീയ പ്രതിസന്ധികളോ ഇല്ലാതെ രാജ്യം സമാധാനത്തിലേക്ക് തിരികെയെത്തിക്കഴിഞ്ഞു. രാജ്യത്തിന്‍റെ അഖണ്ഡതയും ഭാവിയും നരേന്ദ്രമോദിയിൽ ഭദ്രമെന്ന് ഓരോ ഭാരതീയനും ഇപ്പോൾ ഉറച്ചുവിശ്വസിക്കുന്നു.

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്ന  സന്ദേശവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ദേശീയ ജനാധിപത്യ സർക്കാർ അധികാരമേറ്റ് രണ്ട് വർഷം പൂർത്തിയാകുന്പോൾ ഒന്നു വ്യക്തം.

“നല്ലനാളുകൾ എന്നത് വെറുംവാക്കല്ല, യാഥാർത്ഥ്യം തന്നെയെന്ന തിരിച്ചറിവിലാണ് ഓരോ ഭാരതീയനും.”

Share
Leave a Comment