പമ്പ കര്‍മ്മ പദ്ധതി: കേന്ദ്ര സംഘം മുഖ്യമന്ത്രിയെ കണ്ടു

Published by
Janam Web Desk

തിരുവനന്തപുരം: പമ്പാകര്‍മ്മ പദ്ധതി തയ്യാറാക്കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയന്‍, ജലവിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവരുമായി ചര്‍ച്ച നടത്തി. പമ്പയിലെ നീരൊഴുക്ക് നിലനിര്‍ത്താനും മലിനീകരണം ഇല്ലാതാക്കാനുമുള്ള പദ്ധതിയാണ് വിഭാവന ചെയ്യുന്നതെന്ന് സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തൃവേണി സംഗമം മുതല്‍ തണ്ണീര്‍ മുക്കം വരെ പമ്പയുടെ വിവിധ തടങ്ങള്‍ സന്ദര്‍ശിച്ച അനുഭവം സംഘം വിശദീകരിച്ചു.

പമ്പയുടെ പുനര്‍ നിര്‍മ്മിതിയ്‌ക്ക് കൂടുതല്‍ സാങ്കേതിക സഹായം കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി പിണറായി പറഞ്ഞു. ശബരിമല സീസണില്‍ ഭക്തര്‍ക്ക് വരാത്ത രീതിയില്‍ നിര്‍മ്മാണ കലണ്ടര്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രഥമിക റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്ര സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംയോജിത പ്രവര്‍ത്തനം പമ്പയെ രക്ഷിക്കാനായി സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. നിലവിലുള്ള പമ്പാ കര്‍മ്മ പദ്ധതി എന്തുകൊണ്ട് മുടങ്ങി എന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലന്നും മന്തി പറഞ്ഞു.

മുഖ്യമന്തിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ജലവിഭവ സെക്രട്ടറി ടിങ്കു ബിശ്വാള്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ ആന്റണി എന്നിവരുമായും സംഘം ചര്‍ച്ച നടത്തി.

ഗംഗാ കര്‍മ്മ പദ്ധതി മാതൃകയില്‍ പമ്പാ നദിയുടെ രക്ഷയ്‌ക്ക് 1000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പഠന സംഘം എത്തിയത്. കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ ജെ.സി.അയ്യര്‍ തലവനായ സംഘത്തില്‍ കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ വി.കുഞ്ഞമ്പു, കേന്ദ്ര ജല കമ്മീഷനിലെ ഡോ.ആര്‍.എന്‍.സംഖ്‌വെ, ദേശീയ ജല സംരക്ഷണ അതോറിറ്റി ജോയിന്റ് ഡയറക്ടര്‍ വിനോദ് സിങ് എന്നിവരാണ് സംഘത്തിലുള്ളത്.

പമ്പ ത്രിവേണി, ഞുണങ്ങാര്‍, ചെറുകോല്‍ പുഴ, ആറന്മുള, റാന്നി, അയിരൂര്‍, ചെങ്ങന്നൂര്‍, കുട്ടംപേരൂര്‍, കുട്ടനാട് തുടങ്ങിയ സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ച സംഘം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി. സുരേഷ് ഗോപി എം പി, വീണ ജോര്‍ജ്ജ് എം എല്‍ എ എന്നിവരും സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

പമ്പാനദിയിലേക്ക് നീരൊഴുക്ക് എത്തുന്നതും നദീതീരത്തുള്ളതുമായ പത്തനംതിട്ട ജില്ലയിലെ 30 പഞ്ചായത്തുകളും ആലപ്പുഴയിലെ ആറ് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന വിശാലമായ ഭൂപ്രദേശങ്ങളിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരവും അതുവഴി പമ്പയെ മാലിന്യമുക്തമാക്കാനുള്ള ലക്ഷ്യത്തിനാണ് വീണ്ടും ചിറകുമുളയ്‌ക്കുന്നത്.

2001 ജൂണ്‍ 15ന് ദേശീയ നദീസംരക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. 2002ല്‍ 319.7 കോടി രൂപയുടെ പമ്പ പുനരുദ്ധാരണപദ്ധതി പ്രഖ്യാപിച്ചു. പമ്പാനദിയുടെയും നദിയുടെ ഇരുകരകളിലെ പഞ്ചായത്തുകളുടെയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടിയാണ് ഈ പദ്ധതി രൂപകല്പന ചെയ്തത്. ആദ്യഘട്ടത്തില്‍ ശബരിമലയിലെ മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായി 18.45 കോടി രൂപയുടെ പദ്ധതി അനുവദിച്ചു.

എന്നാല്‍ ശബരിമലയില്‍ കുളിക്കടവും കക്കൂസുകളും മൂന്ന് ചെക്ക്ഡാമുകളും മാത്രം നിര്‍മിച്ച് പണിനിര്‍ത്തി. ആകെ 7.68 കോടി രൂപയുടെ പണികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. പണം ഉപയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതിരുന്നതിനാല്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കാന്‍ ബുദ്ധിമുട്ടുമായി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ റിവര്‍ കണ്‍സര്‍വേഷന്‍ ഡയറക്ടറേറ്റില്‍ (എന്‍ആര്‍സിപി) നടന്ന പദ്ധതികളെക്കുറിച്ചോ നടത്തേണ്ട പദ്ധതികളെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ നല്‍കാന്‍ കേരളം തയ്യാറായില്ല.

പൊതുജനബോധവല്‍ക്കരണം, പമ്പയുടെ ഇരുകരകളിലുമുള്ള തീര്‍ത്ഥാടകരുടെ സഹായത്തിനായി ശൗചാലയങ്ങളും വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മിക്കല്‍, ഖരമാലിന്യ സംസ്‌കരണം, ഓടകളുടെ നിര്‍മ്മാണം, വനവല്‍ക്കരണം, പാര്‍ക്കുകളുടെ നിര്‍മ്മാണം, സംരക്ഷണഭിത്തി നിര്‍മ്മാണം, നദിയുടെ ആഴം നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍, നദികളുടെ അതിര്‍ത്തി നിര്‍ണ്ണയം അതിരുകല്ല് സ്ഥാപിക്കല്‍, വൈദ്യുതി ശ്മശാനങ്ങളുടെ നിര്‍മ്മാണം. ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ സംസ്‌കരണ പദ്ധതി. ആധുനിക അറവുശാലകളുടെ നിര്‍മാണം, വൈദ്യുതി ലൈനുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Share
Leave a Comment