കഴിഞ്ഞവർഷം ഓണാഘോഷം : ഈ വർഷം വർഗീയ വിരുദ്ധ വാരം : സിപിഎമ്മിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇങ്ങനെ

Published by
Janam Web Desk

കണ്ണൂർ :  കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷം ഈ വര്‍ഷം സംസ്ഥാനത്തെല്ലായിടത്തും നടത്താന്‍ തീരുമാനം. സംസ്ഥാനത്തൊട്ടാകെ ലോക്കല്‍ കമ്മിറ്റി തലത്തില്‍ രണ്ടായിരത്തോളം ഘോഷയാത്രകള്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടത്താനാണ് തീരുമാനം. കഴിഞ്ഞവര്‍ഷം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശിലേറ്റുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതുള്‍പ്പെടെ വിവാദമാകുകയും പാര്‍ട്ടിക്കുള്ളില്‍ തന്നെ വന്‍ എതിര്‍പ്പുകളുണ്ടാവുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 24ന് ശ്രീകൃഷ്ണജയന്തിദിനത്തില്‍ സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളം ഘോഷയാത്രകള്‍ സംഘടിപ്പിക്കാനാണ് സി.പി.എം തീരുമാനിച്ചിട്ടുള്ളത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ജന്മാഷ്ടമി ശോഭായാത്രകള്‍ക്ക് സമാനമായ ഘോഷയാത്രകള്‍ കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ജില്ലയില്‍ പരീക്ഷിച്ച ശേഷമാണ് സി.പി.എം ഇത് സംസ്ഥാനതലത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. പാര്‍ട്ടി അണികള്‍ വന്‍തോതില്‍ ആര്‍.എസ്.എസ്സിലേക്കും ബി.ജെ.പിയിലേക്കും കൊഴിഞ്ഞുപോകുന്നത് തടയാനാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

വര്‍ഷങ്ങളായി പാര്‍ട്ടിഗ്രാമങ്ങളില്‍ പോലും സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മക്കള്‍ വന്‍തോതില്‍ ബാലഗോകുലത്തിന്റെ ശോഭായാത്രകളില്‍ പങ്കെടുത്തുവരുന്നതിന് തടയിടാനാണ് കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ജില്ലയില്‍ അതേദിവസം കൃഷ്ണവേഷങ്ങളും നിശ്ചലദൃശ്യങ്ങളുമൊക്കെയായി ഘോഷയാത്രകള്‍ പാര്‍ട്ടി നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര എന്നായിരുന്നു കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച് പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍ ഇത്തവണ ഓണം മൂന്നാഴ്ചകൂടി കഴിഞ്ഞാണെന്നതിനാല്‍, ചട്ടമ്പിസ്വാമി ജയന്തി മുതല്‍ അയ്യങ്കാളിദിനം വരെ വര്‍ഗീയവിരുദ്ധ പ്രചാരണവാരത്തിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്നാണ് പറയുന്നത്.

സി.പി.എം കണ്ണൂര്‍ ലോബിയുടെ ബുദ്ധിയിലുദിച്ച ശ്രീകൃഷ്ണജയന്തി ആഘോഷം കഴിഞ്ഞവര്‍ഷം വിവാദമയതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ കണ്ണൂര്‍ ലോബിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തളിപ്പമ്പില്‍ നടന്ന ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശിലേറ്റുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചത് വിവാദമായത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകുകയും ചെയ്തു. കണ്ണൂര്‍ ലോബിയുടെ തെറ്റുകളെ ശരിവെക്കുന്ന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സി.പി.എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും വിവിധ ഘടകങ്ങളില്‍ എതിര്‍പ്പുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

Share
Leave a Comment