ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി ആരോഗ്യമന്ത്രി സത്യന്ദ്ര ജെയ്‌ന് ആദായനികുതി വകുപ്പിന്റെ സമന്‍സ്. ഒക്ടോബര്‍ നാലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്‍ക്കത്തയിലെ ചില സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ സത്യന്ദ്ര ജെയ്‌നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ നാല് വര്‍ഷം മുന്‍പ് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും 2013 ന് ശേഷം ഈ കമ്പനികളുമായി യാതൊരു ബന്ധവും ഇല്ലെന്നും സത്യന്ദ്ര ജെയ്ന്‍ പ്രതികരിച്ചു. കേസിലെ സാക്ഷിയാണ് താനെന്നും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകുമെന്നും സത്യന്ദ്ര ജെയ്ന്‍ പ്രതികരിച്ചു.
നിരപരാധിത്വം ബോധിപ്പിക്കുന്ന തെളിവുകള്‍ സത്യന്ദ്ര ജെയ്ന്‍ തന്നെ കാട്ടിയിരുന്നുവെന്നും അഴിമതി ചെയ്തതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ പ്രതികരിച്ചു. സത്യന്ദ്ര ജെയ്‌ന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് വ്യക്തമായാല്‍ അദ്ദേഹത്തെ പുറത്താക്കുമെന്നും കെജ്്‌രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.