ന്യൂഡൽഹി: പാംപോറിൽ ആക്രമണം നടത്തിയ മുഴുവൻ ഭീകരരേയും സുരക്ഷാ സേന വധിച്ചു. ആക്രമണം നടത്തിയത് ലഷ്കറെ തൊയിബ ഭീകരരെന്ന് സൈന്യം. മൂന്നു ദിവസം നീണ്ട പ്രത്യാക്രമണം പൂർത്തിയാക്കിയത് പാരാ സെപെഷ്യൽ ഫോഴ്സ് കമാൻഡോകൾ.
പാംപോരിലെ സർക്കാർ കെട്ടിടത്തിൽ തിങ്കളാഴ്‌ച്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ 58 മണിക്കൂറോളം നീണ്ടു നിന്നു. 120ഓളം മുറികളുള്ള വലിയ കെട്ടിടത്തിലായിരുന്നു ഭീകരർ പതുങ്ങിയിരുന്ന് ആക്രമണം നടത്തിയത്. സാധാരണ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയിരുന്ന ഈ കെട്ടിടത്തിൽ അവധി ദിവസങ്ങളായതിനാൽ ആരും ഉണ്ടായിരുന്നില്ല. ഭീകരർ മറ്റാരേയും ബന്ധികളാക്കാൻ ഇടയില്ലാത്തതിനാൽ ധൃതി പിടിച്ചുള്ള പ്രത്യാക്രമണത്തിനു മുതിരാതെ പരമാവധി നാശനഷ്ടങ്ങളും ആളപായവും ഇല്ലാതെ സൈനിക നടപടി പൂർത്തിയാക്കാനാണ് സുരക്ഷാസേന ശ്രമിച്ചത്. എന്നാൽ ആക്രമണം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ സൈന്യം അവസാന സൈനിക നീക്കത്തിനൊരുങ്ങി. ഇന്ന് പുലർച്ചെ മുതൽ ഭീകരരെ ലക്ഷ്യമിട്ട് സൈന്യം ഷെല്ലാക്രമണം നടത്തി. അതിനു ശേഷം ശേഷിക്കുന്ന ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു.
ലഷ്കറെ തൊയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവരിൽ നിന്നും രണ്ട് എ.കെ.47 തോക്കടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായും മേജർ ജനറൽ അശോക് നരുല വ്യക്തമാക്കി.
കെട്ടിടത്തിൽ രണ്ടോ മൂന്നോ ഭീകരർ ഉണ്ടായിരിക്കാമെന്നായിരുന്നു സൈന്യത്തിന്റെ നിഗമനം. തുടർന്ന് പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോ സംഘം കെട്ടിടത്തിനകത്ത് കയറി പരിശോധന ആരംഭിച്ചു. ഒരോ മുറിയും കയറിയുള്ള തിരച്ചിലിനു ശേഷമാണ് സൈന്യം സൈനിക നടപടി അവസാനിപ്പിച്ചത്.