ഒബാമയ്‌ക്കെതിരേയുളള പാക് സ്ഥാനപതിയുടെ പരാമർശം പരിഹാസ്യമെന്ന് യു.എസ്

Published by
Janam Web Desk

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ്  ബരാക് ഒബാമയെ പരിഹസിച്ചു കൊണ്ടുള്ള പാക് സ്ഥാനപതിയുടെ പരാമർശത്തിന് കനത്ത തിരിച്ചടി.  അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഇപ്പോൾ വൈറ്റ് ഹൗസിന്റെ അതിഥി മാത്രമാണെന്ന പാകിസ്ഥാൻ സ്ഥാനപതിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് യു.എസ്.പ്രതികരിച്ചു. ഒബാമ സ്ഥാനമൊഴിയാൻ പോകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം വൈറ്റ് ഹൗസിന്റെ അതിഥി മാത്രമാണെന്ന് പാകിസ്ഥാൻ സ്ഥാനപതി മുഷഹിദ് ഹുസൈൻ സെയ്ദ് പറഞ്ഞത്.

കശ്മീർ വിഷയത്തിൽ അമേരിക്കയുമായി ചർച്ച ചെയ്യുന്നതിനാണ് മുഷഹിസ് ഹുസൈൻ സെയ്ദ് കഴിഞ്ഞയാഴ്ച അമേരിക്കയിലെത്തിയത്. അതേസമയം കശ്മീർ വിഷയത്തെ അഫ്ഗാനിസ്ഥാൻ വിഷയവുമായി താരതമ്യം ചെയ്യാനുള്ള സെയ്ദിന്റെ ശ്രമത്തെ അമേരിക്ക ശക്തമായി എതിർത്തിരുന്നു.

സെയ്ദിന്റെ പ്രസ്താവന അത്യന്തം പരിഹാസ്യമാണ്. ഒബാമയെ വൈറ്റ് ഹൗസിന്റെ അതിഥിയെന്നു വിളിച്ചതിലൂടെ പുതിയ അമേരിക്കൻ സർക്കാരിൽ പാകിസ്ഥാൻ പുലർത്തിപ്പോന്ന പ്രതീക്ഷകൾ അപ്രസക്തമാവുകയാണെന്നും, പാകിസ്ഥാന്റെ ആവശ്യങ്ങളെ തിരസ്കരിക്കുന്നതാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സഹവക്താവ് മാർക്ക് ടോണർ പറഞ്ഞു.

കശ്മീർ വിഷയത്തിൽ യു.എസ് പിന്തുണ പ്രതീക്ഷിക്കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാകുന്ന പ്രതികരണമാണ് വിഷയത്തിൽ വൈറ്റ് ഹൗസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. നയതന്ത്ര തലത്തിൽ ഒരു പക്ഷേ ദൂരവ്യാപകമായ നിസ്സഹകരണത്തിനു പോലും യു.എസിനെ ഇത് പ്രേരിപ്പിച്ചേക്കാം എന്നും വിലയിരുത്തപ്പെടുന്നു.

Share
Leave a Comment