മനാമ : കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ്‍ സിംഗിന്‍റെ ത്രിദിന ബഹ്റിൻ സന്ദർശനം ഇന്ന് അവസാനിക്കും. ബഹറിൻ ഭരണാധികാരികളുമായും മറ്‍റ് ഉന്നത ഉദ്യാഗസ്ഥരുമായും രാജ്നാഥ്‍സിംഗ് ഇന്ന് കൂടിക്കാഴ്‍ച നടത്തും. ഉഭയകക്ഷി ബന്ധം വളർത്തുന്ന നിരവധി കരാറുകളിലും അദ്ദേഹം ഒപ്പുവയ്‍ക്കും.
എക്കാലത്തും ഇന്ത്യയ്‌ക്കൊപ്പം നിന്നിട്ടുള്ള രാജ്യമാണ് ബഹറിനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ്‍ സിംഗ് പറഞ്ഞു. ഇന്ത്യയ്‌ക്ക് പാക്കിസ്ഥാന്‍റെ ആക്രമണം ഏൽക്കേണ്ടി വന്നപ്പോഴും കൂടെ നിന്ന് പിന്തുണ നൽകിയ രാജ്യമാണ് ബഹറിൻ. ആ സ്നേഹം തിരിച്ചു നൽകാൻ തയ്യാറാകണമെന്ന് ഇന്ത്യൻ സമൂഹത്ത അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സർക്കാരാണ് ഭരണത്തിലുള്ളത്. ഡിജിറ്‍റൽ ഇന്ത്യ, മെയ്‌ക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികൾ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും. 2015-16 വർഷത്തിൽ മാത്രം ആഗോള വളർച്ചാ നിരക്കിൽ ഭാരതത്തിനുണ്ടായ മുന്നേറ്‍റം ഭരണ നേട്ടം തന്നെയാണ്. ഇപ്പോഴുള്ള വളർച്ചാ നിരക്ക് ഒറ്‍റ സംഖ്യയിൽ നിന്ന് ഇരട്ട സംഖ്യ ആയി മാറാൻ അധിക കാലം വേണ്ടി വരില്ലെന്നും പ്രവാസികളുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
ബഹറിൻ ആഭ്യന്തരമന്ത്രാലയത്തിന്‍റെ ക്ഷണ പ്രകാരമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്നാഥ് ബഹറിൽ എത്തിയത്. ബഹറിൻ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഭീകരത, കുറ്‍റവാളികളെ കൈമാറൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം തലസ്ഥാനമായ മനാമയിലും ഗുദൈബിയ പാലസിലും വിവിധ രാഷ്‌ട്രീയ പ്രമുഖരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.