അരയനല്ലെങ്കിൽ പിന്നെ ആർക്കുളളതാണ് കടൽ?

Published by
Janam Web Desk

-കാവാലം ജയകൃഷ്ണൻ

മനുഷ്യകുലചരിത്രം പരിശോധിച്ചാൽ, അവന്റെ നിലനിൽപ്പിന്റെ ആദ്യഘട്ടങ്ങൾ പ്രകൃതിയെ ഉപജീവിച്ചായിരുന്നുവെന്നു മനസ്സിലാക്കാം. പൂർണ്ണമായും പ്രകൃതിവിഭവങ്ങൾ മാത്രമായിരുന്നു അവന്റെ ആദ്യകാല നിലനിൽപ്പിന്റെ അടിസ്ഥാനമായ ഭക്ഷ്യവിഭവങ്ങൾ. സംസ്കരിക്കാത്തതും, പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങളായിരിക്കാം അഗ്നിയുടെ കണ്ടുപിടുത്തത്തിനും മുൻപേ മനുഷ്യൻ ഉപയോഗിച്ചു വന്നിരുന്നത്.

ഈ രീതിയിൽ ചിന്തിക്കുമ്പൊഴാണ്, ആദിവാസി, വനവാസി സമൂഹങ്ങൾക്ക് ഈ ഭൂമിയുടെ ആദ്യ ഉടമസ്ഥത കൽപ്പിച്ചു കൊടുക്കാൻ കഴിയുന്നത്. സ്വാഭാവികമായും, കരപ്രദേശങ്ങളിൽ കഴിഞ്ഞിരുന്നവർ വനവിഭവങ്ങളേയും, മലയോരങ്ങളിൽ കഴിഞ്ഞിരുന്നവർ ഗിരിവിഭവങ്ങളേയും, സമുദ്രതീരത്ത് നിവസിച്ചിരുന്നവർ സമുദ്രവിഭവങ്ങളേയും തങ്ങളുടെ ജീവസന്ധാരണത്തിനായി ഉപയോഗിച്ചു പോന്നു എന്നതിൽ ചരിത്രകാരന്മാർക്കു പോലും എതിരഭിപ്രായമുണ്ടാവില്ല.

ഈ ആദിമ ഉടമസ്ഥതയിൽ നിന്നും ഈ വർഗ്ഗങ്ങളിൽ പെട്ട മനുഷ്യസമൂഹത്തെ ഉച്ചാടനം ചെയ്യുകയാണ് തുടർന്നു വന്ന ജനസമൂഹങ്ങളെല്ലാം ചെയ്തത്. തികച്ചും അസംഘടിതരും, വിദ്യാഭ്യാസമടക്കമുളള  മേഖലയിൽ പിന്നാക്കം നിന്നവരുമായ ഈ സമൂഹത്തിനിടയിൽ വിഭാഗീയത സൃഷ്ടിച്ചും, അവരുടെ വസ്തു വകകൾ കൊളളയടിച്ചും കാലാകാലങ്ങളായി അവരുടെ സമ്പത്ത് മുഴുവനും ആധുനിക മനുഷ്യർ കൈവശപ്പെടുത്തുക തന്നെയായിരുന്നു. വിരുന്നു വന്നവർ വീട്ടുകാരായി മാറി എന്നു പറയുന്നത് ഇക്കാര്യത്തിൽ തികച്ചും ഉചിതമായ വാക്കാകുമെന്നു തോന്നുന്നു.

കേരളത്തിന്റെയെന്നല്ല, ഭാരതത്തിന്റെ മുഴുവൻ തീരപ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഹൈന്ദവരായ, എന്നാൽ പല വിഭാഗങ്ങളിലായി കഴിഞ്ഞിരുന്ന മനുഷ്യസമൂഹത്തിന്റെ പ്രധാന ജീവനോപാധി മത്സ്യബന്ധനമായിരുന്നു. ഹൈന്ദവപുരാണങ്ങളിൽ ആദ്യ അവതാരം പോലും ആരംഭിക്കുന്നത് മത്സ്യാവതാരത്തിലൂടെയാണെന്നത് ഈ സംസ്കാരത്തിന്റെ പൗരാണികതയെ എടുത്തു കാട്ടുന്നതാണ്. മുക്കുവസ്ത്രീയിൽ ജനിച്ച വേദവ്യാസൻ പോലും ഈ പൗരാണിക കുലമഹിമയെ ചരിത്രത്തോടു ബന്ധിച്ചു നിർത്തുന്നതു കാണാം.

എന്നാൽ, ഈ സമുദായങ്ങൾക്ക് ഇന്ന് കടൽ അന്യമാവുകയാണ്. സമുദ്രത്തെ അമ്മയായി ആരാധിച്ച കടലിന്റെ മക്കൾക്ക് കടൽ വിലക്കപ്പെടുന്നത് ഏതു നീതിശാസ്ത്രം കൊണ്ട് ന്യായീകരിക്കാൻ ശ്രമിച്ചാലും അവരുടെ ദൗർബല്യത്തെയും, അസംഘടിതമായ അവസ്ഥയേയും ചൂഷണം ചെയ്യുകയെന്നതിലുപരി മറ്റൊരു ന്യായവും കണ്ടെത്താൻ കഴിയില്ല തന്നെ. കടലിന്റെ ആഴങ്ങളെ ആദ്യമായി അറിഞ്ഞതും, അനുഭവിച്ചതും, അളവില്ലാത്ത സമുദ്രവിഭവങ്ങളെ മനുഷ്യരാശിയ്‌ക്കു മുൻപിൽ ആദ്യമായി എത്തിച്ചു നൽകിയതും ധീരന്മാരായ അരയവംശജരാണ്. ധീരോദാത്തമായ ഒരു ജീവിതത്തിന്റെയും, ത്യാഗത്തിന്റെയും, കണ്ണീരിന്റെയും, വിയർപ്പിന്റെയുമൊക്കെ പ്രൗഢമായ ചരിത്രമുണ്ട് അരയന്.

കടലിൽ പോയി വരുന്ന അരയനു വേണ്ടി കാത്തിരിക്കുന്ന അരയത്തിപ്പെണ്ണിന്റെ കദനങ്ങൾ ചലച്ചിത്രത്തിലൂടെ അനുഭവിച്ചറിഞ്ഞ നമ്മൾ, പക്ഷേ ഭീതിദമായ കടലിന്റെ അലർച്ചയും, പതർച്ചയും ജീവിതത്തിന്റെ ഭാഗമാക്കിയവർ നേടിയിരുന്ന തുച്ഛമായ വരുമാനവും, അവരെ മുതലെടുത്ത കോടീശ്വരന്മാരായ ഇടനിലക്കാരുടെ കുതന്ത്രവും മനസ്സിലാക്കിയിട്ടില്ല. അപാരസാദ്ധ്യതകൾ വിശാലമായി കിടക്കുന്ന തീരത്തെ, ഉപജീവനത്തിനു വേണ്ടി മാത്രമായി ആ പാവങ്ങൾ കണ്ടപ്പോൾ, കരിമണലടക്കമുളള  ശതകോടികളുടെ നിക്ഷേപഭൂമികയായാണ് ചില തൽപ്പര കക്ഷികൾ നോക്കിക്കണ്ടത്.

കരിമണൽ ഖനനത്തിന്റെ അപകടങ്ങൾ ചെന്നെത്തുന്നത് നാളെയൊരു പക്ഷേ ഭാരതത്തിനെതിരേ വന്നെത്തിയേക്കാവുന്ന ആണവ ഭീഷണി വരേയ്‌ക്കുമാണെന്നത് പലർക്കും അജ്ഞാതമാണ്. സംസ്കരിച്ച ശേഷം, ലഭ്യമാകുന്ന തോറിയം എന്ന ആണവ ഇന്ധനം, എങ്ങോട്ടു പോകുന്നു എന്തു ചെയ്യുന്നു തുടങ്ങിയ അന്വേഷണങ്ങൾ ഇന്നും ആരംഭിച്ചിട്ടു പോലുമില്ല.

മതം കടലിനു പരിധി നിശ്ചയിക്കുക കൂടി ചെയ്തപ്പോൾ, നൂറ്റാണ്ടുകളായി, തലമുറകളായി കടലിനെ ഉപജീവിച്ചു കഴിഞ്ഞ അരയവംശജർക്ക് അന്യമാകുന്നത് അവരുടെ ആത്മസ്വത്വമാണ്. നിഷേധിക്കപ്പെടുന്നത് അവരുടെ ജീവിക്കാനുളള  ജന്മാവകാശത്തെയാണ്. ചോദ്യം ചെയ്യപ്പെടുന്നത് ഭരണഘടന ഓരോ മനുഷ്യനും അനുവദിച്ചു നൽകിയ മൗലികാവകാശങ്ങളെയാണ്.

അതിനെതിരേ ശബ്ദമുയർത്തിയവർക്കെതിരേ രാജ്യദ്രോഹമടക്കമുളള  കുറ്റങ്ങൾ ചുമത്തി തുറുങ്കിലടയ്‌ക്കാൻ ശ്രമിക്കുന്ന ശക്തികൾ, മതവും, രാഷ്‌ട്രീയധാർഷ്ട്യവും ചേർന്ന് ഗൂഢതന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കിയ ഭീബൽസ സത്വങ്ങളാണ്. കടലാഴങ്ങളിലെ ഭീകരകഥകളെ വെല്ലുന്ന പരമാർത്ഥത്തിന്റെ ചൂടുണ്ട് ഈ യാഥാർഥ്യങ്ങൾക്ക്. ഈ ചൂഷകർക്ക് കുടപിടിച്ചു കൊണ്ട് സർക്കാരുകൾ നിലകൊളളുന്നത്, വോട്ടുബാങ്കുകളല്ലാത്ത, അസംഘടിതരായ ആ പാവങ്ങൾ തങ്ങളെ വെല്ലാൻ പോന്ന ശക്തികളല്ലെന്ന ബോധമുളളതു കൊണ്ടു കൂടിയാണ്.

കടൽ അരയന്റേതാണ്. അവിടെ നിന്നും ആർക്കും അവൻ വിലക്കു കൽപ്പിച്ചിട്ടില്ല. അവിടെ വിരുന്നെത്തി പുതിയ സാദ്ധ്യതകൾ തേടുന്നവർ ഇന്ന് ജീവിക്കാൻ വേണ്ടി കടലിൽ പോകുന്ന അരയന് സമുദ്രത്തിന്റെ പരപ്പുകളിൽ അതിർത്തികൾ നിശ്ചയിക്കുന്നു. അതു ലംഘിക്കുന്നവരെ മതശാലകളിൽ ബന്ദികളാക്കി വിചാരണ ചെയ്യുന്നു. രാഷ്‌ട്രീയശക്തികൾ അവർക്കു കുടപിടിക്കുന്നു. അതിനെതിരേ ശബ്ദിക്കുന്നവരെ വിവിധ കേസുകളിൽ കുടുക്കാൻ കൂട്ടു നിൽക്കുന്നു. മീനില്ലാതെ ചോറിറങ്ങാത്തവനും, ഒരു കാലത്ത് ശുദ്ധമായ മത്സ്യസമ്പത്ത് അവന്റെ വീടുകളിലെത്തിച്ച ആ നിരപരാധികളുടെ ദൈന്യാവസ്ഥയിൽ അവനോട് മുഖം തിരിക്കുന്നു.

അമോണിയവും, നിരോധിത രാസവസ്തുക്കളും ചേർത്ത് മത്സ്യവിപണനം വൻ ബിസിനസ് ആക്കി മാറ്റിയവർക്കാണ് നാം അറിഞ്ഞോ അറിയാതെയോ ഈ കുറ്റകരമായ മൗനത്തിലൂടെ തണൽ വിരിക്കുന്നത്. കാൻസറടക്കമുളള  ദുരന്തങ്ങൾ ഇതിന്റെ ഉപോൽപ്പന്നങ്ങളായി നാം തൂക്കി വാങ്ങുന്നുമുണ്ട്.

ഇവിടെ ഉന്മൂലനം ചെയ്യപ്പെടുന്നത്, കലയും, ആരാധനയും, വിവിധങ്ങളായ വിശ്വാസങ്ങളും, കടലോളം നിഷ്കളങ്കത്വവുമുണ്ടായിരുന്ന ഈ ഭൂമിയുടെ ആദ്യാവകാശികളിൽ ഒരു വിഭാഗം തന്നെയായ അരയൻ എന്ന വംശമാണ്. ഭാരതത്തിന്റെ സമുദ്രാതിർത്തികളിൽ പ്രാർത്ഥനാപൂർവ്വം കാവൽ കിടന്ന ഒരു വംശത്തിന്റെ സംസ്കൃതിയെയാണ് നാം കണ്ണടച്ചു പുറം തളളുന്നത്.

കടലിൽ അരയനു പരിധി നിശ്ചയിച്ചു കൂടാ. രാജ്യം നിശ്ചയിച്ചിരിക്കുന്ന സമുദ്രാതിർത്തികൾക്കുളളിൽ, അവന്റെ കണ്ണെത്തുന്നിടത്തോളം അവനു സ്വന്തമാണ്. മറ്റാർക്കുമെന്ന പോലെ അവനും അതിന്റെ ഉടമയാണ്. കടൽ വിലക്കുകൾ നിശ്ചയിക്കുന്നത് മതമായാലും, രാഷ്‌ട്രീയമായാലും അത് ശക്തിയുക്തം പ്രതിരോധിക്കപ്പെടുക തന്നെ വേണം, അരയന്റെ അവകാശത്തിന് മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ മറ്റാരെക്കാളും മുൻഗണനയുണ്ട്. കടലിനു മാതൃഭാവമുണ്ടെങ്കിൽ, ആ അമ്മമനസ്സു കൊതിക്കുന്നതും ഇതു തന്നെയാണ്.

Share
Leave a Comment