ബംഗളൂരു : കർണാടകയിൽ ആർ.എസ്.എസ് പ്രവർത്തകൻ രുദ്രേഷ് കൊല്ലപ്പെട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസിം ഷെരീഫ് അറസ്റ്റിൽ. ഷെരീഫിന്റെ നിർദ്ദേശമനുസരിച്ചാണ് കൊല നടത്തിയതെന്ന് നേരത്തെ അറസ്റ്റ് ചെയ്ത പ്രതികൾ പോലീസിന് മൊഴി നൽകിയതിനെത്തുടർന്നാണ് നടപടി.
ഷെരീഫിനെ ചോദ്യം ചെയ്തതിനു ശേഷം മാത്രമേ സത്യാവസ്ഥ പറയാൻ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വസീം അഹമ്മദ്, മുഹമ്മദ് മഷർ , മുഹമ്മദ് മുജീബുള്ള , ഇർഫാൻ പാഷ തുടങ്ങിയവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത്. ഇവർ കണ്ണൂരിലെത്തിയിരുന്നെന്നും പിന്നീട് ആന്ധ്രയിലെ കുപ്പത്തെത്തി തീവ്രവാദ സംഘടനയിലെ ആളുകളെ കണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ഇർഫാൻ പാഷയ്‌ക്ക് നിരോധിത സംഘടനയായ അൽ ഉമ്മയുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മൈസൂരിൽ കഴിഞ്ഞ മാർച്ചിൽ നടന്ന കൊലപാതകത്തിലും ഇപ്പോൾ അറസ്റ്റിലായ പ്രതികൾക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . തമിഴ് നാട് , കർണാടക സംസ്ഥാനങ്ങളിൽ ആർ.എസ്.എസ് – ബിജെപി നേതാക്കൾക്ക് നേരേ നടക്കുന്ന ജിഹാദി ആക്രമണങ്ങളുടെ കേരള ബന്ധം അന്വേഷണവിധേയമാക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ന്യൂമാൻ കോളേജ് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ പോപ്പുലർ ഫ്രണ്ടിന് ഇതിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു . ഇത് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്.
മൈസൂരിലെ ശിവാജി നഗറിൽ ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ വൈരാഗ്യമാണ് രുദ്രേഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം . ശിവാജി നഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേരുകൾ കേരളത്തിലാണ് .