ന്യൂഡൽഹി: എരുമേലിയിൽ പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായിവിജയൻ. കേന്ദ്ര വ്യോമയാനമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിച്ചതായി പിണറായി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ എൻ.ഒ.സി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി പിണറായി പറഞ്ഞു. സംസ്ഥാനത്ത് ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തിയ ശേഷം പദ്ധതി സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറന്മുള വിമാനത്താവളം അടഞ്ഞ അദ്ധ്യായമാണെന്നു വ്യക്തമാക്കിയ പിണറായി, എരുമേലിയിലെ വിമാനത്താവളം ആറന്മുള വിമാനത്താവളത്തിനു പകരമല്ലെന്നും, ശബരിമല തീർത്ഥാടകർക്ക് ഇത് ഏറെ പ്രയോജനപ്രദമാണെന്നും അവകാശപ്പെട്ടു.
കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശവും ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന സ്ഥലവുമായ എരുമേലി ശബരിമല തീർത്ഥാടനകാലത്ത് നിരവധി ഭക്തർ വന്നു പോകുന്ന സ്ഥലവുമാണ്.