മലബാറിലെ സിംഹഗർജ്ജനം

Published by
Janam Web Desk

1805 നവംബർ 30. പഴശ്ശിരാജയേയും അദ്ദേഹത്തെ സഹായിക്കുന്ന വിപ്ലവകാരികളേയും പിടികൂടാൻ ബ്രിട്ടീഷ് സബ് കലക്ടർ ബാബറും സംഘവും പുൽപ്പള്ളിയിലെ കാടുകൾ തോറും കയറിയിറങ്ങി തെരച്ചിൽ തുടങ്ങിയിട്ട് ദിവസങ്ങളായി. പെട്ടെന്നാണ് മാവിലാം തോടിന്റെ കരയിലിരുന്ന പത്തോളം വിപ്ലവകാരികളെ ബാബറും സംഘവും കണ്ടു പിടിച്ചത്. ആക്രമിക്കാൻ ആജ്ഞ കിട്ടേണ്ട താമസം അവരുടെ മേൽ ബ്രിട്ടീഷ് പട്ടാളം ചാടി വീണു വിപ്ലവകാരികളും പിന്നോട്ടായിരുന്നില്ല. സ്വാതന്ത്ര്യ വാഞ്ഛ സ്വജീവനെ തൃണവൽഗണിക്കാൻ പ്രേരണ നൽകുന്ന കാലമായിരുന്നല്ലോ അത് .

ധീരമായി പോരാടിയെങ്കിലും എണ്ണത്തിൽ കുറവായ വിപ്ലവകാരികൾക്ക് ബ്രിട്ടീഷ് സേനയോട് പിടിച്ചു നിൽക്കാനായില്ല . എല്ലാവരും നിലം പതിച്ചു . ദൃഢഗാത്രനായ ഒരു മദ്ധ്യ വയസ്കൻ മുറിവേറ്റെങ്കിലും ധീരമായി പോരാടുന്നത് കണ്ട ബ്രിട്ടീഷ് പട്ടാളത്തിലെ ശിപായിയായ കരുണാകരമേനോൻ അയാളുടെ അരികിലേക്ക് ചെന്നു . ” മ്ലേച്ഛാ തൊട്ട് അശുദ്ധമാക്കരുത് .. മാറി പോ ” എന്ന ആജ്ഞ മരിക്കാറായ ആ മനുഷ്യന്റെ ശരീരത്തിൽ നിന്നാണ് വരുന്നതെന്ന് ബാബറിനു വിശ്വസിക്കാൻ കഴിഞ്ഞില്ല . നിമിഷങ്ങൾക്കകം , വയനാടൻ മണ്ണ് ആ വീര പുരുഷന്റെ , ദേഹി വിട്ടകന്ന ദേഹത്തെ തന്നോട് ചേർത്തു സ്വീകരിച്ചു. 9 വർഷത്തോളം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇരിക്കപ്പൊറുതി നൽകാതിരുന്ന വീരപഴശ്ശിയുടെ പോരാട്ടത്തിനു അവിടെ തിരശ്ശീല വീഴുകയായിരുന്നു.

ഭാരതത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ നിരയിൽ സുപ്രധാനമായ സ്ഥാനമാണ് പഴശ്ശി രാജയ്‌ക്കുള്ളത് .ബ്രിട്ടീഷുകാർക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടം ധീരതയുടേയും സഹനത്തിന്റെയും ഇതിഹാസമായിരുന്നു .. എല്ലാ വിഭാഗം ജനങ്ങൾക്കും പഴശ്ശി രാജാവിനോടുള്ള ബഹുമാനം ഭക്തിയോളമെത്തുന്ന ആദരവായിരുന്നെന്ന് സബ് കളക്ടറായിരുന്ന ബാബർ തന്നെ സാക്ഷ്യപ്പെടുത്തുന്നു .പഴശ്ശിയുടെ മൃതദേഹം എല്ലാ ആചാരങ്ങളോടും സംസ്കരിക്കാൻ ബാബർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു, കലാപകാരിയാണെങ്കിലും ഇന്നാട്ടിലെ രാജാവായ അദ്ദേഹത്തെ യുദ്ധത്തിൽ പരാജയപ്പെട്ട ശത്രുവായിക്കണ്ടാണ് അങ്ങനെ ചെയ്തതെന്ന് ബാബർ രേഖപ്പെടുത്തിയിട്ടുണ്ട്

പഴശ്ശി തലസ്ഥാനമായി കോട്ടയം ഭരിച്ചിരുന്ന രാജവംശത്തിന്റെ പടിഞ്ഞാറൻ ശാഖയിലെ അംഗമായിരുന്നു കേരളവർമ്മ .പുരളീമലയിൽ കോട്ട കെട്ടി താമസിച്ചിരുന്നതിനാൽ പുരളീശ്വരന്മാരെന്നും ഈ രാജവംശം അറിയപ്പെട്ടിരുന്നു . ടിപ്പുവുമായുണ്ടാക്കിയ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ കോട്ടയത്ത് അവരേർപ്പെടുത്തിയ കനത്ത നികുതിയാണ് ഒന്നാം പഴശ്ശികലാപത്തിന് കാരണമായത് .നേരിട്ട് നികുതി നൽകുന്ന പിരിവ് അവസാനിപ്പിച്ച് നാടുവാഴികൾ വഴി നികുതി വാങ്ങുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ ആവിഷ്കരിച്ചു .നാടുവാഴികൾ ജനങ്ങളെ ഞെക്കിപ്പിഴിയാൻ തുടങ്ങി. സ്വാഭാവികമായും ജനങ്ങൾ സംഘടിച്ചു . പഴശ്ശി രാജാവിനൊപ്പം ചേർന്ന് നിന്ന് യുദ്ധം നയിക്കുകയും ചെയ്തു .1793 മുതൽ 97 വരെ നീണ്ട ആദ്യ ഘട്ട പഴശ്ശി കലാപത്തെ പൂർണമായും ഒതുക്കാൻ ബ്രിട്ടീഷുകാർക്കായില്ല .അവസാനം പഴശ്ശിയുമായി സന്ധി ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുകയായിരുന്നു

എന്നാൽ സന്ധി പഴശ്ശി രാജാവിന്റെ തന്ത്രപരമായ നീക്കമായിരുന്നു . 1800 ൽ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ കലാപമാരംഭിച്ചു . ടിപ്പു വിട്ടുകൊടുക്കാത്ത വയനാട്ടിൽ നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതാണ് രണ്ടാം പഴശ്ശി കലാപത്തിന്റെ അടിയന്തിര കാരണം . എടച്ചേന കുങ്കനും തലയ്‌ക്കൽ ചന്തുവുമുൾപ്പെടുന്ന യോദ്ധാക്കളുടെ പിന്തുണയോടെ അഞ്ചു വർഷത്തോളം പഴശ്ശി രാജാവ് ഒളിപ്പോർ യുദ്ധം നടത്തി . നായന്മാരും കുറിച്യരും മാപ്പിളമാരുമുൾപ്പെടെയുള്ള ജനങ്ങൾ പഴശ്ശിയുടെ പിന്നിൽ അണിനിരന്നെങ്കിലും ബ്രിട്ടീഷ് സൈന്യത്തോട് കിടനിൽക്കാർ അവർക്കായില്ല. എങ്കിലും യുദ്ധവീരൻ ആർതർ വെല്ലസ്ലിയെ വശംകെടുത്താൻ അവർക്കു കഴിഞ്ഞു . 1802 ൽ പനമരം കോട്ട പിടിച്ച് മുഴുവൻ ബ്രിട്ടീഷ് സൈനികരേയും വധിക്കാനും വയനാട് ചുരവും മൈസൂർ മുതൽ മാനന്തവാടി വരെയുള്ള പാതയും നിയന്ത്രണത്തിലാക്കാനും വിപ്ലവകാരികൾക്ക് കഴിഞ്ഞിരുന്നു . തലയ്‌ക്കൽ ചന്തു ബ്രിട്ടീഷ് പിടിയിലകപ്പെട്ടതോടെയാണ് കലാപകാരികളുടെ ശക്തി ക്ഷയിച്ചു തുടങ്ങിയത് .പിന്നീടെല്ലാം വേഗത്തിൽ അവസാനിക്കുകയും ചെയ്തു

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ജനകീയ പോരാട്ടങ്ങളുടെ പട്ടികയിലാണ് പഴശ്ശി വിപ്ലവങ്ങളുടെ സ്ഥാനം .അതിന്റെ നേതൃത്വമേറ്റെടുത്ത് സ്വാതന്ത്ര്യ സമരാഗ്നിയിൽ ബലിദാനം ചെയ്ത വീര പഴശ്ശിയുടെ ജ്വലിക്കുന്ന ഓർമ്മകൾ കേരളമുള്ള കാലം വരെയും നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും .

Share
Leave a Comment