തിരുവനന്തപുരം: സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് ഇനിമുതൽ സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു കൊണ്ട് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉത്തരവിറക്കി. വിജിലൻസ് വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
സ്ഥാവരജംഗമ വസ്തുക്കളായി ഉദ്യോഗത്തിൽ കയറുന്ന അവസരത്തിൽ എതെല്ലാം സ്വത്തു വകകളാണുളളതെന്ന് സർവ്വീസ് ബുക്കിലെ നിശ്ചിത ഫോറത്തിൽ രേഖപ്പെടുത്തണം. സർവ്വകലാശാലകളും, എയ്‌ഡഡ് സ്കൂളുകളുമുൾപ്പെടെയുളള സർക്കാർ ശമ്പളം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും പുതിയ ഉത്തരവ് ബാധകമായിരിക്കും.
നിലവിൽ സർക്കാർ ജീവനക്കാരുടെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച വിവരശേഖരണം വിജിലൻസ് വിഭാഗത്തിന് പ്രതിസന്ധികൾ തീർക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതെന്നാണ് വിവരം.
അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച അന്വേഷണങ്ങൾക്ക് ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടായിരുന്ന സ്വത്ത് എത്രയെന്ന് കണ്ടെത്താൻ വ്യാപകമായ അന്വേഷണം നടത്തേണ്ടി വരുന്നത് ഇത്തരം കേസുകളിലെ അന്വേഷണം നീണ്ടു പോകുന്നതിന് ഇടയാക്കുന്നുണ്ട്. അതേസമയം സർവ്വീസിൽ കയറുമ്പോൾ ഉളള സ്വത്തു വിവരം ലഭ്യമായാൽ ഇപ്പൊഴത്തെ സ്വത്തു വിവരവുമായി താരതമ്യം ചെയ്ത് സമ്പാദ്യം സംബന്ധിച്ച വിലയിരുത്തലിന് എളുപ്പമാകും. ഈ വിവരം ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു സമർപ്പിച്ച കത്തിനെത്തുടർന്നാണ് പുതിയ നടപടി.