ത്യാഗിയുടെ ജാമ്യാപേക്ഷയിന്മേൽ 26ന് വിധി പറയും

Published by
Janam Web Desk

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്ടർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ വ്യോമസേനാമേധാവി എസ്.പി ത്യാഗിയുടെ ജാമ്യാപേക്ഷയിന്മേൽ പ്രത്യേക സി.ബി.ഐ കോടതി 26ആം തീയതി വിധി പറയും. ത്യാഗിയുടേയും, സി.ബി.ഐയുടേയും വാദമുഖങ്ങൾ കേട്ടതിനു ശേഷമാണ് തീരുമാനം.

ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകൻ ഗൗതം ഖെയ്‌താൻ എന്നിവരുടെ ജാമ്യാപേക്ഷയിന്മേലും വിധി പറയുന്നത് ഡിസംബർ 26ലേയ്‌ക്കു മാറ്റി വച്ചതായി സ്പെഷ്യൽ സി.ബി.ഐ ജഡ്‌ജ് അരവിന്ദ് കുമാർ അറിയിച്ചു.

അതേസമയം സി.ബി.ഐക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികൾക്കു ജാമ്യമനുവദിക്കുന്നതിനെ കോടതിയിൽ എതിർത്തു. വിവിധ ഏജൻസികൾ അന്വേഷിക്കുന്ന കേസിൽ പ്രതികൾക്കു ജാമ്യമനുവദിച്ചാൽ അവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു. ഒന്നിലധികം കോടതികളുടെ അധികാരപരിധികളിൽ നടക്കുന്ന കേസായതു കൊണ്ടും, ഒന്നിലധികം രാജ്യങ്ങളിലേയ്‌ക്കു വ്യാപിച്ചിട്ടുളള കേസ് ആയതുകൊണ്ടും പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ പാടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയർന്ന റാങ്കിലുളള വ്യക്തികളാണ് പ്രതികൾ. ഇവർക്ക് ജാമ്യമനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുന്നതിനും, തെളിവുകൾ നശിപ്പിക്കുന്നതിനുമുളള സാദ്ധ്യതകളുണ്ട്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതേയുളളൂ. മറ്റു രാജ്യങ്ങളും അന്വേഷണത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയം ജാമ്യം അനുവദിക്കുക വഴി കേസിന്റെ നിർണ്ണായക നിമിഷങ്ങൾ അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. പ്രതികൾ രാജ്യത്തിന്റെ പേരിനു കളങ്കം ചാർത്തിയവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.പി. ത്യാഗി അഴിമതി നടത്തിയതു സംബന്ധിച്ച് വസ്തുതാപരമായ തെളിവുകൾ വല്ലതും ഹാജരാക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഇതിനു മറുപടിയായി, ത്യാഗി വാങ്ങിക്കൂട്ടിയ വസ്തുക്കളുടേയും, മറ്റു സമ്പാദ്യങ്ങളുടേയും വിവരം സി.ബി.ഐ ചൂണ്ടിക്കാട്ടി. ഇവയൊന്നും ത്യാഗി വെളിപ്പെടുത്തിയിരുന്നതല്ല.

കേസ് അന്വേഷണത്തിനു കാലതാമസം നേരിടുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷക മനേക ഗുരുസ്വാമി കോടതിയോട് അപേക്ഷിച്ചു. നാലു വർഷം മുൻപ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ത്യാഗിക്കുമേൽ കുറ്റം ആരോപിക്കാൻ കഴിയുന്ന തെളിവുകളൊന്നും സി.ബി.ഐ ഹാജരാക്കിയിട്ടില്ലെന്നും അവർ വാദിച്ചു.

Share
Leave a Comment