മണിയുടെ കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

Published by
Janam Web Desk

തൃശ്ശൂർ: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. സഹോദരൻ രാമകൃഷ്ണൻ നടത്തിവന്ന മൂന്ന് ദിവസത്തെ സമരം അനിശ്ചിതകാലമാക്കാൻ തീരുമാനിച്ചു. കേന്ദ്ര ലാബില്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് നല്‍കിയ സാമ്പിളുകള്‍ സീല്‍ ചെയ്തിരുന്നില്ലെന്നും ഇതിലെ ദുരൂഹതയെ കുറിച്ച് അന്വേഷണം നടത്തണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. മണിയുടെ ഓര്‍മ ദിനത്തില്‍ സ്മൃതികുടീരത്തില്‍ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും പുഷ്പാര്‍ച്ചന നടത്തി.

മണിയുടെ ശരീരത്തിലെ വിഷാംശം അറിയാൻ നടത്തിയ ആന്തരിക അവയവങ്ങളുടെ രാസപരിശോധന അട്ടിമറിച്ചെന്നും അതിനെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം അനിശ്ചിതകാലത്തേക്ക് നീട്ടിയത്. മണിയുടെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

മണി മരിച്ച് ഒരു വർഷം പൂർത്തിയായിട്ടും സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടില്ല. ഇതേത്തുടർന്നാണ്  അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ നടത്തിവന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഫോറന്‍സിക് പരിശോധന സംബന്ധിച്ച് പരാതിയുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെടുന്നു.

മണിയുടെ സഹോദരിമാരും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓര്‍മ ദിനമായ ഇന്ന് മണിയുടെ വീടായ മണികൂടാരത്തിലെ സ്മൃതികുടീരത്തില്‍ പുഷ്പാർച്ചന നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.

Share
Leave a Comment