തരുമഹിമയറിയാം .. നടാം .. പരിപാലിക്കാം

Published by
Janam Web Desk

“ദശകൂപ സമാവാപി
ദശവാപീ സമോ ഹ്രദഃ
ദശഹ്രദ സമപുത്രേ
ദശപുത്ര സമോ ദ്രുമ: ”

തരുമഹിമ വിളിച്ചോതുന്ന പൂർവിക ചിന്ത . പത്ത് മക്കൾക്ക് സമമാണ് ഒരു മരം എന്ന മഹത്തായ ചിന്ത ലോകത്തിന് പകർന്ന് നൽകിയ സംസ്കാരമാണ് നമ്മുടേത് . അതുകൊണ്ട് തന്നെ ലോക പരിസ്ഥിതിക്ക് മഹനീയ സംഭാവന നൽകേണ്ട ഉത്തരവാദിത്വവും നമ്മളിൽ നിക്ഷിപ്തമാണ് .

അശ്വത്ഥമേകം പിചുമന്ദമേകം
ന്യഗ്രോധമേകം ദശതിന്ത്രിണീശ്ച
കപിത്ഥവില്വാമലകത്രയശ്ച
പഞ്ചാമ്രനാളീ നരകം ന യാതി

ഒരു ആൽമരവും , ഒരു വേപ്പും , ഒരു പേരാലും , പത്തു പുളിയും , മൂന്നു വീതം വിളാർ മരവും , കൂവളവും , നെല്ലിയും , അഞ്ചുവീതം മാവും , തെങ്ങും നട്ടുപിടിപ്പിക്കുന്നയാൾ നരകത്തിൽ പോകുന്നില്ല.  ഇതായിരുന്നു നമുക്ക് പൂർവികർ പറഞ്ഞു തന്നത് .  നരക സ്വർഗ്ഗ ചിന്തകൾ തികച്ചും ആപേക്ഷികമാണെങ്കിലും ലോകം ഒരു നരകമാകാതിരിക്കാൻ വൃക്ഷങ്ങൾ നടണമെന്ന സന്ദേശമായി ഇക്കാലത്ത് നമുക്കിത് പരിഗണിക്കാവുന്നതേയുള്ളൂ

കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതം നേരിടുന്ന ലോകത്ത് വൃക്ഷതൈകൾ വെച്ചുപിടിപ്പിച്ച് ആഗോള താപനത്തെ ചെറുക്കുകയെന്ന മുദ്രാവാക്യമാണ് ഈ വനദിനത്തിലും നാടെങ്ങും മുഴങ്ങുന്നത്. ഫോറസ്‍റ്‍റ് ആന്‍ഡ് എനർജി എന്നതാണ് ഈവർഷത്തിലെ വനദിന വാക്യം.

വനത്തെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓ‍ർമ്മിപ്പിച്ചുകൊണ്ടാണ് ഓരോ വനദിനവും കടന്നുപോകുന്നത്. രണ്ടായിരത്തിലധികം വരുന്ന ഗോത്ര വിഭാഗങ്ങളുടെ സംസ്കാരവും ജീവിതവും കാടിനെ ആശ്രയിച്ചിരിക്കുന്നു. ഭൂരിഭാഗം ശുദ്ധജല സ്രോതസ്സുകളും വനത്തിൽ നിന്നാണ് പുറപ്പെടുന്നത്. എന്നിട്ടും മനുഷ്യന്‍റെ അമിതചൂഷണം മൂലം വനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത് .

പ്രതിവർഷം 13 മില്യൺ ഹെക്ടർ വനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാണ് ഐക്യരാഷ്‌ട്രസഭ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് തുടർന്നാൽ വലിയ ദുരന്തമാകും നാം നേരിടേണ്ടി വരിക. ഇക്കോടൂറിസം ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ കാടുകളും അനുഭവിക്കുകയാണ്.

പ്ലാസ്റ്‍റിക് പോലുള്ള മാലിന്യങ്ങൾ ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. വന സംരക്ഷണത്തിന് നിയമമുണ്ടായിട്ടും അതൊന്നും വേണ്ടത്ര പാലിയ്‌ക്കപ്പെടുന്നില്ല എന്നതാണ് സത്യം. കാടിന്‍റെ ഉറവ വറ്‍റിയതോടെ വന്യമൃഗങ്ങൾ ദാഹനീരിനായി നാടിറങ്ങുന്നത് പതിവായി മാറിയിരിക്കുന്നു.

വനം ഇല്ലാതായാൽ തകരുന്നത് നമ്മുടെ ആവാസവ്യവസ്ഥ തന്നെയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഓരോ വനദിനവും. അതുകൊണ്ടു തന്നെ വനം സംരക്ഷണം എന്നത് ഓരോ പൗരന്‍റെയും കടമയാണെന്ന് എന്നുള്ള തിരിച്ചറിവുകൂടിയാണ് ഈ ദിനം.

Share
Leave a Comment