ഉത്തരകൊറിയയെ ചർച്ചയ്‌ക്കു വിളിച്ച് മാർപ്പാപ്പ

Published by
Janam Web Desk

വത്തിക്കാൻ: വടക്കൻ കൊറിയയുടെ ആണവായുധ താൽപ്പര്യങ്ങൾ അന്താരാഷ്‌ട്രതലത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ ഉത്തര കൊറിയയെ ചർച്ചയ്‌ക്കു വിളിച്ച് ഫ്രാൻസിസ് പാപ്പ. വിഷയത്തിൽ നയതന്ത്രപരമായ ചർച്ചകളാവശ്യമാണെന്ന് രണ്ടു ദിവസത്തെ ഈജ്പ്ത് സന്ദർശനത്തിനു ശേഷം മടങ്ങവേ ഫ്രാൻസിസ് പാപ്പ പറഞ്ഞു.

വിഷയത്തിലിടപെടാൻ കഴിയുന്ന നിരവധി മദ്ധ്യസ്ഥന്മാർ ലോകത്തുണ്ടെന്നും അവരുടെ ക്രിയാത്മകമായ ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ മാർപ്പാപ്പ നോർവേ അത്തരത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി. നോർവേയ്‌ക്ക് ഈ വിഷയത്തിൽ സഹായങ്ങൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരകൊറിയ ശനിയാഴ്ച പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നു. അതേസമയം ഈ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉത്തരകൊറിയയുടെ നിരന്തരമായ മിസൈൽ പരീക്ഷണങ്ങൾക്കെതിരേ അമേരിക്കയടക്കം പ്രതിഷേധമുയർത്തുന്ന സാഹചര്യത്തിൽക്കൂടിയാണ് മാർപ്പാപ്പയുടെ ഇടപെടൽ.

Share
Leave a Comment