ജ്യോതിയും വന്നില്ല, തീയും വന്നില്ല…

Published by
Janam Web Desk

സൂരജ് ഇലന്തൂർ


 

കിലുക്കം സിനിമയിൽ രേവതിയുടെ കഥാപാത്രം അതീവ നിരാശയോടെ പറയുന്ന ഈ ഡയലോഗാണ് “ലക്ഷ്യം” കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്‌….

മെമ്മറീസ്‌, ദൃശ്യം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ-സസ്പെൻസ് സിനിമകളുടെ സ്രഷ്ടാവായ ജീത്തു ജോസഫിന്റെ രചനയും, രക്ഷാധികാരി ബൈജുവിന്റെ തകർപ്പൻ വിജയത്തിന് ശേഷമുള്ള ബിജുമേനോന്റെ ടൈറ്റിൽ റോളും, ഒപ്പം ഇന്ദ്രജിത്തും ഒക്കെ പ്രേക്ഷകർക്ക് അമിത പ്രതീക്ഷകൾ മാത്രമാണ് നൽകിയിരുന്നത്. കൂടാതെ റിലീസിന് ദിവസങ്ങൾക്കു മുൻപേ തെരുവുകൾ കൈയടക്കിയ തകർപ്പൻ പോസ്റ്ററുകളും.

ഒരുമികച്ച സസ്പെൻസ് ത്രില്ലറാണ് തങ്ങൾ കാണാൻ പോകുന്നതെന്ന വികാരം പ്രേക്ഷകരിൽ ജനിപ്പിച്ചു കൊണ്ടാണ് “ലക്ഷ്യം” ആരംഭിക്കുന്നത്. ഹൈറേഞ്ചിൽ ഒരു പോലീസ് വാഹനം അപകടത്തിൽ പെടുന്നതും, അതിൽ നിന്നും ഒരു വിലങ്ങിൽ ബന്ധിപ്പിച്ചിരുന്ന രണ്ടു കുറ്റവാളികൾ രക്ഷപെടുന്നതും, സർവ്വ സന്നാഹങ്ങളോട് കൂടി വൻ പോലീസ് സംഘം അവരുടെ വേട്ടക്കിറങ്ങുന്നതുമൊക്കെ ആദ്യ മിനിറ്റുകളിൽ കാണുന്ന ഏതൊരു പ്രേക്ഷകനും ത്രില്ലടിക്കും.

സ്വതസിദ്ധമായ തമാശകളിലൂടെ ആദ്യപകുതി ചലനാത്മകമാക്കിയത് ബിജുമേനോൻ ഏതാണ്ട് ഒറ്റക്കാണ്. ഒരു വിലങ്ങിൽ ബന്ധിപ്പിച്ചവരുടെ രക്ഷപെടാനുള്ള പരാക്രമം, അതും വന്യമൃഗങ്ങൾ പതിയിരിക്കുന്ന കൊടുംകാട്ടിലൂടെ, പിന്നാലെ കേരളാ പോലീസ്…. ചടുലമായ സീനുകൾ, തരക്കേടില്ലാത്ത പച്ഛാത്തല സംഗീതം. ത്രില്ലിന്റെ ഉത്തുംഗശൈലത്തിൽ വളരെ പെട്ടെന്ന് കയറിയ പ്രേക്ഷകർ മൂക്കും കുത്തി നിലത്തു വീഴുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

രണ്ടു കുറ്റവാളികളും തങ്ങളുടെ കഥകളും, ശിക്ഷാർഹരായി ജയിലിൽ വരാനുള്ള കാരണവുമൊക്കെ പറഞ്ഞു കൊണ്ടുള്ള ഓട്ടം, അതു പ്രേക്ഷകരിൽ സൃഷ്ടിച്ച ആവേശം ഇതൊക്കെ ഒരൊറ്റ നിമിഷത്തിൽ തകർക്കുന്നത് പോലെയായിപ്പോയി ഇടവേള സമയത്തെ ട്വിസ്റ്റ്‌.

അതിൽ സിനിമയുടെ സസ്പെൻസ് ഏതാണ്ട് തീർന്നു എന്നുറപ്പിച്ചുവെങ്കിലും, ജീത്തു ജോസഫ് എന്ന ക്രാഫ്റ്റ് ഉള്ള രചയിതാവിൽ ഉള്ള വിശ്വാസം, ഇടവേളയ്‌ക്കു ശേഷം കഥയിൽ മറ്റൊരു ട്വിസ്റ്റ്‌ വരുമെന്നും, ത്രില്ലടിച്ചു ത്രില്ലടിച്ചു പണ്ടാറമടങ്ങുമെന്നും വൃഥാ ധരിച്ചു ഇടവേളയിലേക്കു പ്രേക്ഷകർ പിരിഞ്ഞു.

രണ്ടാം പകുതി ആരംഭം മുതൽ തിരക്കഥയുടെ ഉറപ്പില്ലായ്മ പ്രകടമായി തുടങ്ങും. എവിടെ എങ്ങനെ കൊണ്ട് ഇതൊന്നവസാനിപ്പിക്കാം എന്നുള്ള ടെൻഷനിൽ ആയിപ്പോയോ ജീത്തുവും, നവാഗത സംവിധായകൻ അൻസാറും എന്ന് നമ്മുക്ക് തോന്നും.

ഒരന്തവും കുന്തവുമില്ലാതെയുള്ള പോക്ക് എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ദൃശ്യം പോലെയുള്ള ഒരു വിസ്മയം രചിച്ച ജീത്തു ജോസഫിന്റെ കഴിവിന്റെ ആയിരത്തിൽ ഒന്നുപോലും ലക്ഷ്യത്തിൽ പ്രകടമായില്ല എന്ന് ഖേദപൂർവ്വം പറയേണ്ടി വരും. കഥയുടെ സസ്പെൻസ് ആദ്യപകുതിയിൽ തന്നെ പൊളിച്ചതും പോരാ, ഒരു ആന്റി ക്ലൈമാക്സ്‌ പ്രതീക്ഷിച്ച പ്രേക്ഷകരെ തീർത്തും നിരാശരാക്കിക്കൊണ്ടാണ് ലക്ഷ്യം ദയനീയമായി അവസാനിക്കുന്നത്.

ഇന്ദ്രജിത്തിനും, ബിജുമേനോനും തത്തുല്യ പ്രാധാന്യമുള്ള വേഷങ്ങളാണെങ്കിലും ചടുലമായ നർമ്മസംഭാഷണങ്ങൾ കൊണ്ട് ആദ്യ പകുതിയിൽ ബിജുമേനോൻ നിറഞ്ഞു നില്ക്കുന്നു. ഇടവേള സമയത്തെ സസ്പെൻസ് പൊളിക്കലിന്റെ ആഘാതത്തിൽ രണ്ടാം പകുതിയിൽ ശോകമൂകനായ ബിജുമേനോനെ കാണികൾക്കു ദഹിക്കുകയും ഇല്ല.

ത്രില്ലടിപ്പിക്കലിന്റെ ഭാഗമായി ഏഴെട്ടു കുരങ്ങുകൾ, ഒരു പെരുമ്പാമ്പ്, ഒരു കരടി ഇത്യാദി വന്യമൃഗങ്ങളെയും സിനിമയിൽ ഉൾപ്പെടുത്തുവാനുള്ള മഹാമനസ്കത അണിയറക്കാർ കാണിച്ചിട്ടുണ്ട്. അതിൽ തന്നെ കരടി വരുന്ന രംഗം ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് കണ്ടാൽ യഥാർത്ഥ കരടി നെഞ്ചത്തടിച്ചു കരയുന്ന നിലവാരവുമാണ്.

“മിഥുനം”, സിനിമയിൽ തേങ്ങായുടക്കൂ സ്വാമീ എന്നു ജഗതി പറയുന്നത് പോലെ സിനിമ അവസാനിപ്പിക്കാൻ പ്രേക്ഷകർ ഒരുപാട് തവണ മനസ്സിൽ പറഞ്ഞിട്ടുണ്ടാകണം.

നായികയായി വന്ന ശിവദ അനുവദിച്ചു കൊടുത്ത രംഗങ്ങളിൽ മിന്നി മറഞ്ഞു പോകുന്നു, ജീത്തു ജോസഫും ഒരു രംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. നവാഗത സംവിധായകനായ അൻസാർ ഖാന് നിരാശപ്പെടാനൊന്നുമില്ല. നല്ലയൊരു തിരക്കഥ ലഭിച്ചാൽ മികച്ച ഫിനിഷിങ്ങോട് കൂടി ചെയ്യാൻ സാധിക്കുന്നയാളാണ് അദ്ദേഹമെന്ന് മനസിലാക്കാം.

വരും കാലങ്ങളിൽ പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകൾ തീർച്ചയായും അദ്ദേഹം ചെയ്യുമെന്നും കരുതാം.

Share
Leave a Comment