ഖത്തർ വിമാനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ  വ്യോമ ഇടനാഴികൾ അനുവദിക്കാൻ തീരുമാനം

Published by
Janam Web Desk

ഖത്തർ വിമാനങ്ങൾക്ക് നാളെ മുതൽ അടിയന്തര ഘട്ടങ്ങളിൽ ഒൻപത് വ്യോമ ഇടനാഴികൾ അനുവദിക്കാൻ സൗദി സഖ്യരാജ്യങ്ങൾ തീരുമാനിച്ചു. സൗദി, യു.എ.ഇ, ബഹ്‍റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും അന്താരാഷ്‌ട്ര വ്യോമയാന സംഘടനയും സഹകരിച്ചാണ് തീരുമാനം നടപ്പിലാക്കുക.

തീവ്രാവദികൾക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് സൗദി, യു.എ.ഇ, ബഹ്‍റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. കൂടാതെ ഈ രാജ്യങ്ങളുടെ വ്യോമ മേഖല ഖത്തറിന് നിരോധിക്കുകയും ചെയ്തു. നീണ്ട ചർച്ചകൾക്കൊടുവിലാണ് നാളെ മുതൽ അടിയന്തിര ഘട്ടങ്ങളിൽ ഖത്തർ വിമാനങ്ങൾക്ക് ഒൻപത് വ്യോമ ഇടനാഴികൾ അനുവദിക്കാൻ തീരുമാനിച്ചത്.

സൗദി സഖ്യരാജ്യങ്ങളുടെ വ്യോമയാന വകുപ്പുകളും അന്താരാഷ്‌ട്ര വ്യോമയാന സംഘടനയും സഹകരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മേഖലയുടെ സുരക്ഷയെ കരുതിയാണ് ഈ നിയന്ത്രണമെന്ന് യു.എ.ഇ വ്യോമയാന വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. ഒൻപത് ഇടനാഴികളിൽ ഒന്ന് മെഡിറ്ററേനിയൻ കടലിനു മുകളിലൂടെയുള്ള അന്താരാഷ്‌ട്ര പാതയാണ്. ഇത് ഈജിപ്റ്റായിരിക്കും നീരിക്ഷിക്കുക.

എന്നാൽ, തീവ്രവാദ വിരുദ്ധ പോരാട്ടം ശക്തമാക്കുക, തീവ്രവാദികൾക്ക് പണവും സ്ഥലവും നൽകുന്നത് അവസാനിപ്പിക്കുക, അയൽ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുക, ഒപ്പുവച്ച 2013 ലേയും 2014 ലേയും റിയാദ് ഉടമ്പടി പ്രാവർത്തികമാക്കുക, വെറുപ്പും പ്രകോപനവും സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളും പ്രസ്താവനകളും തടയുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഖത്തറുമായി ചർച്ചയ്‌ക്കുള്ളുവെന്ന നിലപാടിൽ സൗദി സഖ്യരാജ്യങ്ങൾ ഉറച്ചു നിൽക്കുകയാണ്.

Share
Leave a Comment