Entertainment

മലയാള സിനിമ 2017

Published by
Janam Web Desk

മലയാള സിനിമ മുൻപെങ്ങും ഇല്ലാത്തവിധത്തിൽ അസ്വാരസ്യങ്ങളുടെ പിടിയലമർന്ന വർഷമായിരുന്നു 2017. അനാവശ്യപ്രവണതകളും മാഫിയാബന്ധവും സിനിമയിൽ പിടിമുറുക്കുന്നുവെന്ന വിമർശനം ശരിവെക്കുന്ന രീതിയിലുള്ള ചില സംഭവങ്ങൾ കുറച്ചൊന്നുമല്ല മലയാളികളെ ആശങ്കപ്പെടുത്തിയത്. എന്നാൽ ആസ്വദിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്‍‍ത സിനിമകൾ ഉണ്ടായി എന്നതാണ് ആശ്വാസം.

പ്രതീക്ഷകളോടെ ഒട്ടേറെ സിനിമകൾ പ്രേക്ഷകരെ തേടിയെത്തിയെങ്കിലും വിജയ ചിത്രങ്ങളായത് ചിലത് മാത്രം. കെട്ടുകാഴ്ചകളോ,ബഹളങ്ങളോ ഇല്ലാതെ റിയലിസത്തിന്‍റെ പകർത്തിയെഴുത്തായെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും തന്നെയാണ് പ്രേക്ഷകരും നിരൂപകരും ഒരു പോലെ സ്വീകരിച്ച സിനിമകളിൽ പ്രധാനം. മഹേഷിന്‍റെ പ്രതികാരത്തിലൂടെ പ്രതിഭതെളിയിച്ച ദിലീഷ് പോത്തൻ, പോത്തൻ ബ്രില്ല്യൻസിലൂടെ വീണ്ടും കാഴ്‍‍ചക്കാരെ അതിശയിപ്പിച്ചു.ഭാവാഭിനയത്തിലൂടെ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പ്രേക്ഷകരുടെ മനം കവർന്നു. നിമിഷ സജയൻ എന്ന കഴിവുറ്‍റ് നായികാനടിയെക്കൂടി സമ്മാനിച്ചു ഈ സിനിമ.

നഴ്‍‍സുമാരുടെ പ്രശ്നങ്ങളും ഇസ്ലാമിക ഭീകരയുടെ ക്രൂരതയും വരച്ചുകാട്ടിയ ടേക്കോഫാണ് ഏറെ ചർച്ചചെയ്യപ്പെട്ട മറ്‍റൊരു സിനിമ. മഹേഷ് നാരായണൻ ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം പ്രമേയത്തിലെ സ്വീകാര്യതകൊണ്ടും അവതരണത്തിലെ പ്രത്യേകതകൊണ്ടും സിനിമാചരിത്രത്തിൽ തന്നെ ഇടം നേടിയെടുത്തു.സമീറ എന്ന കഥാപാത്രത്തിലൂടെ പാർവ്വതി നായികമാരിലെ മുൻനിര സ്ഥാനം ഭദ്രമാക്കി. ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരും തങ്ങളുടെ റോളുകൾ മികവുറ്‍റതാക്കി. ഗോവൻ ചലച്ചിത്രമേളയിലടക്കം നിരവധി പുരസ്ക്കാരങ്ങളും ടേക്ക് ഓഫ് സ്വന്തമാക്കി

എൺപതോളം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരിയൊരുക്കിയ അങ്കമാലി ഡയറീസ് സിനിമയുടെ പല സങ്കൽപങ്ങളേയും പൊളിച്ചെഴുതിയിരുന്നു. ചെമ്പൻ വിനോദിന്‍റെ തിരക്കഥയിലൊരുക്കിയ ക്രൈം ഡ്രാമ ത്രില്ലർ താരപ്പൊലിമ ഒട്ടുമില്ലാതെയാണ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യമായത്. ആന്‍റണി വർഗീസ്, രേഷ്‍‍മ രാജൻ, ശരത് കുമാർ, ബിറ്‍റോ ഡേവിഡ് എന്നിങ്ങനെ ഒരു കൂട്ടം യുവനിരയെതന്നെ മലയാള സിനിമയ്‍‍ക്ക് നൽകി അങ്കമാലി ഡയറീസ്. പകയും പ്രണയവും ഭക്ഷണവും കേന്ദ്രീകൃതമായ സിനിമ ഡ്രാമത്രില്ലറിന്‍റെ സമർത്ഥമായ ആവിഷ്‍‍ക്കാരം തന്നെയായിരുന്നു.

രഞ്ജൻ പ്രമോദിന്‍റെ കഥയിലും തിരക്കഥയിലും സംവിധാനത്തിലും പിറന്ന രക്ഷാധികാരി ബൈജു ഒപ്പ് ഗ്രാമീണതയും ഗൃഹാതുരത്വവും അനുഭവിപ്പിച്ച സിനിമയായിരുന്നു. ക്രിക്കറ്‍റും നാട്യങ്ങളില്ലാത്ത ജീവിതങ്ങളേയും അടയാളപ്പെടുത്തിയ രക്ഷാധികാരി ബിജുമേനോന്‍റെ അനായാസമായ അഭിനയമികവിനും സാക്ഷ്യം വഹിച്ചു. സ്വാഭാവിക ഹാസ്യം തനിക്കേറെ വഴങ്ങുമെന്ന് ഒരിക്കൽ കൂടി ബിജുമോനോൻ പ്രേക്ഷകരെ ബോധ്യപ്പെടുത്തി.

കുഞ്ചാക്കോ ബോബനേയും അനുസിത്താരയേയും നായികാനായകന്മാരാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്‍‍ത രാമന്‍റെ ഏദൻ തോട്ടം വിമർശനങ്ങളും സ്വീകാര്യതയും ഒരു പോലെ ഏറ്‍റുവാങ്ങി. ആൺപെൺ സൗഹൃദത്തിന്‍റെ അതിർ വരമ്പുകളും കുടുംബ ജീവിതത്തിന്‍റെ പൊരുത്തക്കേടുകളും അനാവരണം ചെയ്‍‍ത ഏദൻ തോട്ടം മനോഹരമായ ഫ്രെയ്മുകളാലും സമ്പന്നമായിരുന്നു.രമേഷ് പിഷാരടിയും ശ്രീജിത്ത് രവിയും അജുവർഗീസുമൊക്കെ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി.

ഹാസ്യതാരമായി നമ്മെ ഏറെ ചിരിപ്പിച്ച സൗബിൻ സാഹിർ സംവിധായകനായെത്തി അത്‍‍ഭുതപ്പെടുത്തിയ സിനിമയാണ് പറവ. താരങ്ങളുണ്ടായിട്ടും കഥയും കഥാപരിസരവും പറവയിൽ താരമായി. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ പട്ടം പറത്തലും പ്രാവു വളർത്തലും പ്രമേയമായമാക്കിയ സിനിമ അരികു ജീവിതങ്ങളെ പതർച്ചകളില്ലാതെ ചേർത്തുനിർത്തി.


അനിശ്ചിതത്വങ്ങൾക്കൊടുവിൽ തീയേറ്‍ററിലെത്തിയ രാമലീലയും വിജയത്തിന്‍റെ പട്ടികയിൽ തന്നെയുണ്ട്. സച്ചിയുടെ തിരക്കഥയിൽ നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്‍‍ത സിനിമ ശ്രദ്ധേയമായത് അത് മുന്നോട്ടുവെച്ച രാഷ്‍‍ട്രീയം കൊണ്ട് കൂടിയാണ്. വിജയ ചിത്രമാകാനുളള ചേരുവകൾ തുലോം കുറവാണെങ്കിലും പ്രതീക്ഷിച്ചതിലും വലിയ വിജയവും കളക്ഷനും തന്നെയാണ് രാമലീല നേടിയെടുത്തത്.

ഫാന്‍റെ പ്രവീണിന്‍റെ സംവിധാനത്തിലെത്തിയ ഉദാഹരണം സുജാത മഞ്ജുവാര്യരുടെ അഭിനയ പാടവം കൊണ്ട് തന്നെയാണ് പ്രേക്ഷക സ്വീകാര്യത നേടിയത്. ചമയങ്ങളില്ലാത്ത ജീവിതാന്തരീക്ഷം പ്രമേയമാക്കിയ സിനിമ പലതുകൊണ്ടും ഒരു പരീക്ഷണം തന്നെയായിരുന്നു

വർഷാന്ത്യത്തിൽ ക്രിസ്‍‍മസ് ചിത്രങ്ങളായെത്തിയ മായാനദിയും ആടും മാസ്‍റ്റർ പീസും വിജയകരമായി പ്രദർശനം തുടരുകയാണ്. വിനീത് ശ്രീനിവാസനെ നായകനാക്കി ദിലീപ് മോനോൻ സംവിധാനം ചെയ്‍‍ത ആന അലറോടലറലിന് പ്രേക്ഷക ശ്രദ്ധ അത്ര ലഭിച്ചിട്ടില്ല. എഡ്വേർഡ് ലിവിംഗ്‍‍സ്‍‍റ്‍റൺ എന്ന കോളേജ് അധ്യാപകന്‍റെ വേഷത്തിൽ മമ്മൂട്ടി മാസ് ലുക്കിലെത്തിയ സിനിമ മാസ് എന്‍റർടെയ്‍‍നറായാണ് അജയ് വാസുദേവ് ഒരുക്കിയിരിക്കുന്നത്.  തന്‍റെ ആദ്യ ചിത്രമായ രാജാധിരാജയിൽ നിന്നും അധികം മുമ്പോട്ടുപോയിട്ടില്ലാത്തസംവിധായകൻ മമ്മൂട്ടി എന്ന മെഗാതാരത്തിന് ചുറ്റും കുറേ കഥാപാത്രങ്ങളെ നിരത്തിവെച്ചിരിക്കുകയാണ്.

അമൽ നീരദിന്‍റെ തിരക്കഥയിൽ ആഷിക് അബു സംവിധാനം ചെയ്‍‍ത മായാനദി ക്റാഫ്‍‍റ്‍റ് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ചുംബനങ്ങളും രതിക്കാഴ്‍‍ചകളും നിറച്ചുവച്ച സിനിമ അതിലപ്പുറം ഒന്നും തന്നെ പറഞ്ഞുവെച്ചില്ല എന്നതാണ് യാഥാർത്ഥ്യം.

യുക്തിയേയും ഔചിത്യത്തേയും മാറ്‍റിനിർത്തി തീയേറ്ററിലേക്ക് പോവുകയാണെങ്കിൽ ആസ്വദിക്കാം ആടിനെ. ഷാജിപാപ്പനും സംഘവും കാണിക്കുന്ന മണ്ടത്തരങ്ങളും കോപ്രായങ്ങളും അത്രമേൽ വേണോയെന്ന സംശയങ്ങൾക്ക് ഇടനൽകുന്നുവെങ്കിലും ജയസൂര്യ തന്നെ പറഞ്ഞതുപോലെ മറ്‍റെല്ലാം തൽക്കാലത്തേക്ക് സൗകര്യപൂർവ്വം മറന്നാൽ കണ്ടിരിക്കാം ആടിന്‍റെ രണ്ടാംഭാഗം…

[author title=”കെ പി സുരേഷ് കുമാർ” image=”https://janamtv.com/wp-content/uploads/2018/01/profile-kp-suresh.jpg”]മാദ്ധ്യമ പ്രവർത്തകൻ[/author]

Share
Leave a Comment