Kerala

കുഴൽ കിണർ സ്ഥാപിക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

Published by
Janam Web Desk

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ കിണറിനുള്ളിൽ കുഴൽകിണർ സ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കുഴൽ കിണറിൽ നിന്ന് പുറത്തേക്കുവന്ന വാതകം ശ്വസിച്ച് ആലപ്പുഴ മുഹമ്മ സ്വദേശി അമൽ കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ രണ്ടുപേരെ ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയോടെ ആലപ്പുഴ മണ്ണഞ്ചേരിയ്‌ക്ക് സമീപമായിരുന്നു സംഭവം. പൊന്നാട് പ്രവര്‍ത്തിക്കുന്ന പൊന്നാടന്‍ ലൈം ഇന്റസ്ട്രീസിലെ കിണറ്റില്‍ കുഴൽ കിണർ സ്ഥാപിക്കുന്നതിന് ഇടയില്‍ ആണ് അപകടം. മാലിന്യങ്ങൾ പുറത്ത് എത്തിച്ചശേഷമാണ് മുഹമ്മ സ്വദേശി അമൽ കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവര്‍ കിണറ്റിനു ഉള്ളില്‍ ഇറങ്ങിയത്. കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിനിടെ ഇതില്‍ നിന്നും വന്ന വാതകം ശ്വസിച്ച അമലിനും ഗിരീഷിനും ശ്വാസംമുട്ടലുണ്ടായി. കിണറിനുള്ളിലെ ചെളിയിൽ അകപ്പെട്ട അമലിനേയും ഗിരീഷിനേയും നാട്ടുകാർക്ക് രക്ഷപ്പെടുത്താനായില്ല.

ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും പൊലീസും ചേർന്നാണ് മരിച്ചവരെ പുറത്ത് എത്തിച്ചത്. ഇവരെ രക്ഷിക്കാനായി ജിത്ത്, മഹേഷ് എന്നിവർ കൂടി കിണറ്റില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇവർക്കും ശ്വാസംമുട്ടൽ നേരിട്ടതിനെ തുടർന്ന് നാട്ടുകാർ രണ്ടുപേരെയും ഉടന്‍ തന്നെ പുറത്ത് എത്തിച്ചു. നിസാര പരിക്കുകളോടെ ഇവരെ സമീപത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
Leave a Comment