India

വിഭാ‍ഗീയത വ്യക്തമാക്കി സിപിഎം പാർട്ടി കോൺഗ്രസ്സിന് തുടക്കം

Published by
Janam Web Desk

ഹൈദരാബാദ്: സിപിഎം കേന്ദ്ര നേതൃത്വത്തിലെ രൂക്ഷമായ വിഭാ‍ഗീയത വ്യക്തമാക്കി 22-ാം പാർട്ടി കോൺഗ്രസ്സിന് ഹൈദരബാദിൽ തുടക്കം. പാർട്ടിയുടെ രാഷ്‌ട്രീയ നയം തെറ്റാണെന്ന് വിശദീകരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് വേദിയിൽ ബദൽ നിലപാടുമായി രംഗത്തെത്തി. അതേ സമയം രാഷ്‌ട്രീയ നയത്തെ ചോദ്യം ചെയ്യുന്ന നിലപാടിൽ നിന്ന് പിന്മാറിയില്ലെങ്കിൽ യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി വീണ്ടും തുടരാൻ അനുവദിയ്‌ക്കേണ്ടെന്ന് പ്രകാശ് കാരാട്ട് വിഭാഗം തീരുമാനിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാലുമണിയോടെയാണ് സംഘടന കാര്യങ്ങളിലേയ്‌ക്ക് പാർട്ടി കോൺഗ്രസ് കടന്നത്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാ‍രാട്ട് കരട് രാഷ്‌ട്രീയ പ്രമേയം സമ്മേളനത്തിന് മുന്നിൽ വച്ചു. ബിജെപിയെ എതിർക്കുന്നത് പോലെ എതിർക്കേണ്ട ശക്തിയല്ല കോൺഗ്രസ്സ് എന്ന വാദത്തെ പൂർണ്ണമായും തള്ളിക്കളയുന്ന പ്രമേയമാണ് പ്രകാശ് കാരാട്ട് അവതരിപ്പിച്ചത്.

കോൺഗ്രസ്സിന്റെ സാമ്പത്തിക നയങ്ങളെയും അതി നിശിതമായ് കരട് രാഷ്‌ട്രീയ പ്രമേയം വിമർശിയ്‌ക്കുന്നു. പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്‌ട്രീയ പ്രമേയത്തിന് തുടർച്ചയായി സീതാറാം യെച്ചൂരി ബദൽ നിലപാടുമായി സമ്മേളനത്തെ അഭിമുഖീകരിച്ചു. പ്രകാശ്കാരാട്ട് അവതരിപ്പിച്ച കരട് രാഷ്‌ട്രീയ പ്രമേയത്തിലെ സഖ്യവുമായി ബന്ധപ്പെട്ട ഭാഗത്തെ ശക്തമായ ഭാഷയിൽ എതിർക്കുന്ന നിഗമനങ്ങളാണ് യെച്ചൂരി മുന്നോട്ട് വച്ചത്.

ബിജെപിയെ നേരിടാൻ കോൺഗ്രസ് അടക്കം എല്ലാ മതേതര ജനാധിപത്യ ശക്തികളും സഹകരിച്ച് പ്രവർത്തിയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് യെച്ചൂരിയുടെ ബദൽ നിലപാട് വ്യക്തമാക്കുന്നു. രാഷ്‌ട്രീയ പ്രമേയത്തിന്മേലും ബദൽ നിലപാടിന്മേലും ഉള്ള പൊതു ചർച്ച നാളെ നടക്കും.

അതേസമയം ജനറൽ സെക്രട്ടറി പദത്തിൽ തുടരണമെങ്കിൽ പൊതു ചർച്ചയ്‌ക്ക് ശേഷം ബദൽ നിലപാട് പിൻ വലിയ്‌ക്കണമെന്ന ഉപാധി കാരാട്ട് വിഭാഗം യെച്ചൂരിയെ അറിയിച്ചു. ബദൽ നിലപാട് ഉപേക്ഷിച്ചില്ലെങ്കിൽ രണ്ടാം തവണ ജനറൽ സെക്രട്ടറി പദത്തിലേയ്‌ക്ക് എത്താം എന്ന മോഹം വേണ്ടെന്നാണ് യെച്ചൂരിയ്‌ക്ക് കാരാട്ട് വിഭാഗത്തിന്റെ താക്കീത്.

അതിനിടെ കേരള ഘടകം യെച്ചൂരിയുടെ ബദൽ നിലപാടിനെ പൊതു ചർച്ചയിൽ എതിർക്കാൻ തീരുമാനിച്ചു. ഉച്ചയ്‌ക്ക് പ്രത്യേക യോഗം ഹൈദരാബാദിൽ ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്, പി രാജീവ് എന്നിവരാകും സംസ്ഥാന ഘടകത്തെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുക്കുക.

Share
Leave a Comment