Kerala

ആലപ്പുഴ നഗരത്തിൽ പുതിയ ആധുനിക അറവുശാല നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ

Published by
Janam Web Desk

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ പുതിയ ആധുനിക അറവുശാല നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്. കിഫ്‌ബിയിൽ നിന്നും ശുചിത്വ മിഷനിൽ നിന്നും അറവുശാലയ്‌ക്കായി പണം നൽകാം എന്ന് പറഞ്ഞു. ഇതുവരെ സർക്കാർ വഞ്ചിക്കുക ആയിരുന്നു. അതിനാലാണ് അറവുശാലയുടെ നിർമ്മാണം വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ അനധികൃത അറവുശാലയെ കുറിച്ചുള്ള ജനം ടി വി വാർത്തയെ തുടർന്നാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ അനധികൃത അറവ് ശാലയെ കുറിച്ചും, നഗരസഭയുടെ നേതൃത്വത്തിൽ രണ്ടു കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച ആധുനിക അറവുശാലയെ കുറിച്ചുമുള്ള വാർത്ത ജനം ടിവി പുറത്തു വിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ നഗരസഭാ അധികൃതർ വിഷയത്തിൽ ഇടപെടുന്നത്. നഗരസഭയുടെ തനതു ഫണ്ട് ഉപയോഗിച്ച് ഉടൻ നഗരത്തിൽ ആധുനിക അറവുശാല നിർമ്മിക്കുമെന്നും ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു.

സർക്കാർ തലത്തിൽ നിന്നും അറവുശാല നിർമ്മിക്കാൻ ഫണ്ട് നൽകാം എന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ഇതുവരെ ഒരു പൈസപോലും കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നഗരസഭ പുതിയ അറവുശാല നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ രണ്ടു കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച അറവുശാല ആരും തിരഞ്ഞു നോക്കാൻ ഇല്ലാതെ നോക്കുകുത്തി ആകുകയാണ്.

Share
Leave a Comment