Kerala

മഴക്കെടുതി: കോട്ടയം ജില്ലയില്‍ 40000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

Published by
Janam Web Desk

കോട്ടയം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ നാല്‍പ്പതിനായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലെ ദുരിതത്തിന് അറുതി വന്നെങ്കിലും പടിഞ്ഞാറന്‍ മേഖല ഇപ്പോഴും ദുരിതത്തിലാണ്. കിഴക്കു നിന്നെത്തിയ വെള്ളമാണ് താഴ്ന്ന പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ മേഖലയും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

170 ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. 8963 കുടുംബങ്ങളില്‍ നിന്നായി നാല്‍പ്പതിനായിരത്തോളം പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ ചിലയിടങ്ങളില്‍ മാത്രം വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാല്‍, രണ്ട് ദിവസം കൂടി മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പാണ് ജനങ്ങളുടെ ആശങ്ക. ചുരുക്കം ചില ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ തിരികെ വീടുകളിലേക്ക് പോയിട്ടുണ്ട്.

10.42 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയില്‍ ഉണ്ടായത്. മട വീണ് 1650 ഹെക്ടര്‍ പാടശേഖരം വെള്ളത്തിനടിയിലായി. 2,270 ഹെക്ടര്‍ നെല്‍കൃഷിയും 117 ഹെക്ടര്‍ പച്ചക്കറി കൃഷിയും നശിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷം ജില്ലയിലുണ്ടായ ഏറ്റവും വലിയ മഴക്കെടുതിയില്‍ നിന്നും തിരികയെത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും.

Share
Leave a Comment