കുവൈറ്റ്: പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നവീകരിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും പുതിയ പദ്ധതിയുമായി കുവൈറ്റ് സര്‍ക്കാര്‍. ഇതിനായി പ്രവാസികളുടെ ആരോഗ്യ പരിരക്ഷ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് സ്വകാര്യ ഏജന്‍സിയായ ദമാന്‍ കമ്പനിയിലേക്ക് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. ദമാന്‍ കമ്പനിയുടെ കീഴില്‍ രാജ്യത്ത് മൂന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികളും വിവിധ സ്ഥലങ്ങളിലായി ക്ലിനിക്കുകളും സ്ഥാപിക്കും.
വിദേശികളുടെ ചികിത്സ ദമാന്‍ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും മാറ്റുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് ക്രമീകരിക്കാനാകുമെന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികളുടെ ഭരണസമിതി തലവന്‍ അഹമ്മദ് അല്‍ സാലെ പറഞ്ഞു. നവീകരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം ദമാന്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കും. സെക്കന്ററി ഹെല്‍ത്ത് കെയര്‍ ആകും ഈ ആശുപത്രികളില്‍ ലഭിക്കുക. മറ്റു കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുമെന്നും ഇതിനായി ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.