അമൃതവര്‍ഷിണി; പുതുമണ്ണിന്‍ ഗന്ധം പോലെ മഴ രാഗം…

Published by
Janam Web Desk

അമൃതവര്‍ഷിണി… പാടിയാല്‍ മപെയ്യുമെന്ന് പഴമക്കാര്‍ പാടിപ്പുകഴ്‌ത്തിയ രാഗം. കുളിരിന്റെ അമൃത കുംഭവുമായി മഴ. അമൃതമായി പൊഴിയുന്ന വര്‍ഷം അതാണ് അമൃതവര്‍ഷിണി.

അമൃതവര്‍ഷിണി രാഗത്തിന്റെ പ്രത്യേകത ഇതാണ്. അമൃതം പൊഴിക്കുന്ന രാഗം. പാടിയാല്‍ പ്രകൃതിക്ക് ആനന്ദാശ്രു പൊഴിക്കാതിരിക്കാന്‍ കഴിയില്ല. അമൃതവര്‍ഷിണി രാഗത്തിന്റെ ശക്തിക്ക് മറുപക്ഷമില്ല. ഇതിന് നിരവധി തെളിവുകളും നിലനില്‍ക്കുന്നുണ്ട്. മാസങ്ങളോളം മഴപെയ്യാതിരുന്ന് കൊടും ചൂടില്‍ ഉരുകി ഭൂമി വരണ്ട സമയത്ത് ത്രിമൂര്‍ത്തികളില്‍ ഒരാളായ ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാലാപനം നടത്തുകയും തുടര്‍ന്ന് മഴപെയ്യുകയും ചെയ്തു.

‘ആനന്ദാമൃതകര്‍ഷിണി അമൃതവര്‍ഷിണി’…. എന്ന് തുടങ്ങുന്ന കീര്‍ത്തനമാണ് ദീക്ഷിതര്‍ പാടിയത്. ഈ കീര്‍ത്തനത്തിലെ വരികളിലെ ‘വര്‍ഷ വര്‍ഷ’ എന്ന് പാടുന്ന സ്ഥലമെത്തിയപ്പോള്‍ മഴ പെയ്തു തുടങ്ങി. എന്നാല്‍ മഴനില്‍ക്കാതെ പ്രളയമായി മാറുകയും ഇതേ കീര്‍ത്തനത്തിലെ വരികളിലെ ‘സ്തംഭയ സ്തംഭയ’ എന്ന വരികള്‍ പാടിയപ്പോള്‍ മഴ ശമിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഇതാണ് ഈ രാഗത്തിന്റെ ശക്തി.

അമൃതവര്‍ഷിണി ഒരു സന്തോഷ രാഗമാണ്. ആകര്‍ഷണീയമായ ഈ രാഗം 66ാമത് മേളകര്‍ത്താരാഗമായ ചിത്രാംബരിയിലാണ് ജന്യം. ഇത് ഒരു ഔഡവ ഔഡവ രാഗമാണ്. അതായത് ആരോഹണത്തിലും ആരോഹണത്തിലും 5 വീതം സ്വരങ്ങളാണ് ഉള്ളത്. രാഗത്തിന്റെ ആരോഹണം: സഗാമപനിാസ അവരോഹണം: സനിപമഗസ എന്നാണ്. രി,ധ എന്നീ സ്വരങ്ങള്‍ അമൃതവര്‍ഷിണിയില്‍ വര്‍ജ്യമാണ്.

ലളിതമായ രാഗമാണ് അമൃതവര്‍ഷിണി. ഇതിലെ കോംബിനേഷനുകള്‍ പഠിക്കാനും പഠിപ്പിക്കാനും എളുപ്പമാണ്. വക്ര സംഗതികള്‍ കുറവായതിനാല്‍ തന്നെ കൊച്ചു കുട്ടികള്‍ക്കുവരെ പഠിപ്പിച്ചുകൊടുക്കാനും അവര്‍ക്ക് അത് വേഗം പഠിച്ചെടുക്കാനും സാധിക്കും.

വളരെ കീര്‍ത്തനങ്ങള്‍ ഒന്നും കര്‍ണാടക സംഗീതത്തില്‍ അമൃതവര്‍ഷിണി രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടില്ല. മുത്തയ്യാ ഭാഗവകരുടെ ‘ സുധാമയീ…സുധാനിധീ…. എന്ന് തുടങ്ങുന്ന കീര്‍ത്തനമാണ് പ്രസിദ്ധമായിട്ടുള്ളത്. ഇതല്ലാതെ എടുത്തു പറയത്തക്ക കീര്‍ത്തനങ്ങള്‍ പറഞ്ഞുകേട്ടിട്ടില്ല.

ഇനി അമൃതവര്‍ഷിണിയില്‍ ചിട്ടപ്പെടുത്തിയ ചലച്ചിത്ര ഗാനങ്ങള്‍ നോക്കിയാല്‍ വളരെയൊന്നും ഇല്ലെങ്കിലും ഉള്ളവ എക്കാലവും ചലച്ചിത്ര ഗാനങ്ങളില്‍ രത്‌നങ്ങളായി അവശേഷിക്കുന്നു.

1987 ല്‍ പുറത്തിറങ്ങിയ ഹരികുമാര്‍ സംവിധാനം ചെയ്ത ജാലകം എന്ന ചിത്രം മലയാളികള്‍ അത്ര പെട്ടെന്ന് വിസ്മരിക്കാനിടയില്ല. ഇതിലെ ‘ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍’… എന്നു തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ചുണ്ടുകളില്‍ തങ്ങി നില്‍ക്കുന്നു. ഒഎന്‍വി കുറുപ്പ് രചിച്ച് എംജി രാധാകൃഷ്ണന്‍ ഈണം പകര്‍ന്ന ഈ ഗാനം അമൃതവര്‍ഷിണിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു എടുത്തു പറയേണ്ട ഗാനമാണ് ലെനിന്‍ രാജേന്ദ്രന്റെ മഴ എന്ന ചിത്രത്തിലെ ‘ആഷാഢം പാടുമ്പോള്‍’… എന്നു തുടങ്ങുന്ന ഗാനം. അന്തരിച്ച കവയിത്രി മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന ചെറുകഥ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു മഴ.

മഴ മാസമാണ് ആഷാഢം. ‘ആഷാഢം പാടുമ്പോള്‍’… എന്നു തുടങ്ങുന്ന ഗാനത്തിലെ ‘ഈ പുല്‍ നാമ്പില്‍’…. എന്നു തുടങ്ങുന്ന വരി മഴയുടെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന സംഗീതധാരയാണ്. വരിയും രാഗത്തിന്റെ പ്രത്യേകതയും സംഗീതവും ചേര്‍ന്നപ്പോല്‍ കേള്‍ക്കുന്നവര്‍ക്ക് അത് അക്ഷരാര്‍ത്ഥത്തില്‍ മഴയുടെ തേന്‍ സംഗീതം തന്നെയായി.

മറ്റൊരു ഗാനം ‘മാനം പൊന്‍ മാനം’… എന്നു തുടങ്ങുന്ന ഗാനമാണ്. ‘ഇടവേളയ്‌ക്കു ശേഷം’ എന്ന ചിത്രത്തിലെ ഗാനമാണിത്. രവീന്ദ്രന്‍ മാസ്റ്ററുടെ മാന്ത്രിക  സംഗീതം. അമൃതവര്‍ഷിണിയുടെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടുള്ള ഗാനം. വരികളിലും മഴയുടെ സുഗന്ധം.

തമിഴില്‍ നോക്കുകയാണെങ്കില്‍ അമൃതവര്‍ഷിണിയുടെ അനന്തസാധ്യത ഉള്‍ക്കൊണ്ടത് സംഗീത സംവിധായകന്‍ ഇളയരാജയാണ്. ‘അഗ്നിനക്ഷത്രം’ എന്ന ചിത്രത്തിലെ ‘തൂങ്കാത മിഴികള്‍ രണ്ട്’…. എന്ന ഗാനം അമൃതവര്‍ഷിണിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനം ഇന്നും തെന്നിന്ത്യന്‍ സംഗീതത്തില്‍ തങ്ങി നില്‍ക്കുന്നതാണ്.

7 സ്വരത്തില്‍ ആയിരക്കണക്കിന് രാഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും, എത്ര രാഗങ്ങള്‍ ജനിച്ചാലും അമൃതവര്‍ഷിണിക്കുള്ള ഇരിപ്പിടം എന്നും സിംഹാസനം തന്നെയാകും.

Share
Leave a Comment