കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികളുടെ സിവില്‍ ഐഡി കാര്‍ഡില്‍ വിസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് പാസ്പോര്ട്ടില് വിസ സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനം പൂര്‍ണമായും യന്ത്രവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി താമസാനുമതികാര്യ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു.
വിദേശികളുടെ പാസ്പോര്‍ട്ട് തൊഴിലുടമകള്‍ പിടിച്ചുവക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് അ്ദ്ദേഹം പറഞ്ഞു. നിലവില്‍ റസിഡന്‍സി വിവരം പാസ്പോര്ട്ടില് സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കാറുണ്ട്.
ഓരോ തവണ ഇഖാമ പുതുക്കുമ്പോഴും സ്റ്റിക്കര്‍ പതിക്കുന്നതിന് പാസ്പോര്‍ട്ടിലെ പുതിയ പേജ് ഉപയോഗിക്കേണ്ടതായും വരുന്നു.
പുതിയ സംവിധാനത്തെക്കുറിച്ചു വ്യാപകമായ ബോധവല്‍ക്കരണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.