ഇസ്ലാമാബാദ്: വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധനെ കസ്റ്റഡിയിലെടുത്തതിന് തുടർന്ന് ഇന്ത്യ ശക്തമായ തിരിച്ചടിക്കുമെന്ന് ഭയന്ന് പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി ആഭ്യന്തര- വിദേശ വിമാന സർവ്വീസുകൾ പാകിസ്ഥാൻ പൂർണ്ണമായി റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമഗതാഗതം തടയുന്നതായും പാകിസ്ഥാന്റെ സിവിൽ വ്യോമയാന വകുപ്പ് ഉത്തരവിറക്കി.
അതേ സമയം പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തി. ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയുടെ നിർദ്ദേശം പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഭീകര സംഘടനകൾക്ക് താവളമൊരുക്കുന്ന നടപടി നിർത്തണമെന്നും, ഭീകരർക്ക് ലഭ്യമാകുന്ന ഫണ്ട് തടയാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും അമേരിക്കൻ സ്‍റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പു നൽകി. പാകിസ്ഥാനും ഇന്ത്യയും എല്ലാ സൈനിക നടപടികളും നിർത്തി വയ്‌ക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
പൈലറ്റ് അഭിനന്ദൻ വർദ്ധനെ സുരക്ഷിതമായി ഉടൻ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദർശിപ്പിച്ച നടപടിയ്‌ക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു.
മനുഷ്യാവകാശങ്ങളുടെയും,ജനീവ കൺവൻഷന്റെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയത്. പൈലറ്റ് എത്രയും വേഗം തിരികെയെത്തുമെന്നാണ് പ്രതീക്ഷ.സ്വന്തം മണ്ണിലെ ഭീകരരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാതെ പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുകയാണ്. രാജ്യ താല്പര്യം സംരക്ഷിക്കുന്ന നടപടി എടുക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.