ലോകത്തിന് ആശ്വസിക്കാം; ഇസ്ലാമിക് സ്റ്റേറ്റിനെ പൂർണമായും തുടച്ചു നീക്കി ; ബാഗൂസ് സഖ്യസേനയ്‌ക്ക് കീഴടങ്ങി

Published by
Janam Web Desk

ഡമാസ്കസ് : 2014 ൽ ഭീകരതയുടെ കരിങ്കൊടിയുമായി ലോകം കീഴടക്കാനെത്തിയ ഇസ്ലാമിക് സ്റ്റേറ്റിന് ഒടുവിൽ അന്ത്യം. ഐഎസിന്റെ അവസാനത്തെ അഭയകേന്ദ്രമായ ബാഗൂസ് സഖ്യസൈന്യം കീഴടക്കി. സിറിയൻ ജനാധിപത്യ സേനയുടെ വക്താവായ മുസ്തഫ ബാലിയാണ് പ്രഖ്യാപനം നടത്തിയത്.

സ്ത്രീകളേയും കുട്ടികളേയും മതിലാക്കി നിർത്തി പ്രതിരോധം തുടർന്ന ഐഎസിനെ ആഴ്‌ച്ചകൾ നീണ്ട പോരാട്ടത്തിലാണ് ജനാധിപത്യ സേന കീഴടക്കിയത്. ബാഗൂസ് സ്വതന്ത്രമായിരിക്കുന്നു. ഐഎസിന്റെ മേലുള്ള യുദ്ധവിജയം പൂർണമായിരിക്കുന്നു. ബാലി ട്വിറ്ററിൽ പ്രഖ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെ പൂർണമായും ഇല്ലാതാക്കുമെന്ന പ്രതിജ്ഞ പാലിക്കുമെന്നും ഇനിയും പലയിടങ്ങളിലും ഒളിച്ചു കഴിയുന്ന ഭീകരരെ പൂർണമായും ഇല്ലായ്മ ചെയ്യുമെന്നും ജനാധിപത്യ സേന വ്യക്തമാക്കി.

ബാഗൂസിൽ തമ്പടിച്ച ഭീകരർ ജനങ്ങളെ ബന്ദികളാക്കി കേന്ദ്രം സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും സഖ്യസൈന്യത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. നേരത്തെ.മൂവായിരത്തോളം ഭീകരർ  കീഴടങ്ങിയതായി സഖ്യസേന വക്താവ് വ്യക്തമാക്കിയിരുന്നു. ഇതിൽ മലയാളി ഭീകരരും ഉൾപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു.

2014 ൽ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇറാഖിന്റെയും സിറിയയുടേയും നല്ലൊരു ശതമാനം പ്രദേശവും കൈക്കലാക്കിയ ഇസ്ലാമിക്ക് സ്റ്റേറ്റ് അമേരിക്കയുടേയും റഷ്യയുടേയും ഇടപെടലും സിറിയൻ ജനാധിപത്യസേനയുടെ ശക്തമായ പ്രതിരോധവും കാരണമാണ് ക്ഷയിച്ചത്. പ്രധാന കേന്ദ്രങ്ങളായ റഖയും മൊസൂളും നഷ്ടമായതിനു ശേഷം പിന്നീടൊരിക്കലും പഴയ പ്രതാപത്തിലേക്കെത്താൻ ഇസ്ലാമിക് സ്റ്റേറ്റിനു കഴിഞ്ഞിരുന്നില്ല. അവസാന യുദ്ധത്തിന് തയ്യാറെടുക്കാനുള്ള ആഹ്വാനം തള്ളി ജീവനുവേണ്ടി സഖ്യസേനയ്‌ക്ക് മുന്നിൽ നേരത്തെ കീഴടങ്ങിയത് മൂവായിരത്തോളം ഐഎസ് ഭീകരരാണ്.

സ്ത്രീകളേയും കുട്ടികളേയും ബന്ദികളാക്കി ഒളിയുദ്ധം നടത്തിയ ഐഎസിനെ ആഴ്‌ച്ചകളോളം കാത്തിരുന്നാണ് സഖ്യസേന ഇല്ലാതാക്കിയത്. പരമാവധി സ്ത്രീകളേയും കുട്ടികളേയും രക്ഷപ്പെടുത്താനായിരുന്നു ഇത്.

Share
Leave a Comment