തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദ പരിപാടിയായ മേം ഭി ചൗക്കിദാര്‍ ഇന്ന്. ഞാനും കാവൽക്കാരൻ എന്ന മുദ്രാവാക്യവുമായി ഇന്ന് രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി നടക്കും. ജനങ്ങൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാം എന്നതാണ് പരിപാടിയുടെ പ്രത്യേകത.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും സംവാദ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
കാവൽക്കാരൻ കള്ളനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായാണ് ബിജെപി ചൗക്കിദാര്‍ ക്യാംപെയ്ൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ ബിജെപി നേതാക്കളും പ്രവർത്തകരുമടക്കമുള്ളവർ ട്വിറ്ററിലെ തന്റെ പേരിനൊപ്പം ചൗക്കിദാര്‍ എന്നുകൂടി ചേർത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ആദ്യം ട്വിറ്ററിലെ തന്റെ പേര് മാറ്റിയത്. ചൗക്കിദാര്‍ നരേന്ദ്ര മോദി എന്നായിരുന്നു പേര് മാറ്റിയത്. പിന്നാലെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, ബിജെപി നേതാക്കൾ തുടങ്ങിയവരും തങ്ങളുടെ പേര് മാറ്റുകയായിരുന്നു.