ന്യൂ ഡല്‍ഹി: ഏറെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു ഉത്തര്‍പ്രദേശിലെ അമേഠി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയോട് 44082 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2014-ലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി സ്മൃതിയുടെ അമേഠിയിലെ വിജയം.
2004 മുതല്‍ അമേഠിയെ പ്രതിനിധീകരിക്കുന്നത് രാഹുലാണ്. കഴിഞ്ഞ മൂന്ന് തവണയും എതിരാളികളേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ രാഹുല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പരാജയം എന്താണെന്നറിഞ്ഞു. ജനങ്ങള്‍ക്കു മുന്നില്‍ ‘ന്യായ്’ പോലെയുള്ള പദ്ധതികള്‍ അവതരിപ്പിച്ചിട്ടും സ്വന്തം സഹോദരി പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കിയിട്ടും പരാജയത്തില്‍ നിന്നു രക്ഷ നേടാന്‍ രാഹുലിനായില്ല. കേരളത്തില്‍ വയനാട് എന്ന സുരക്ഷിത മണ്ഡലമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ രാഹുല്‍ ഗാന്ധിക്ക് മുന്പില് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വാതില്‍ തന്നെ കൊട്ടിയടക്കപ്പെടുമായിരുന്നു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ജനഹിതം മാനിക്കുന്നുവെന്നും ഒപ്പം അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നുവെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒപ്പം സ്മൃതി ഇറാനിക്ക് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.