ന്യൂ ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ആന്ധ്രയില്‍ തെലുങ്കു ദേശം പാര്‍ട്ടി(ടിഡിപി)യില്‍ നിന്നും അനായാസമായി ഭരണം പിടിച്ചെടുത്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരമേല്‍ക്കും. മെയ് 30-ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ആന്ധ്രയിലെ 25 ലോക്സഭ മണ്ഡലങ്ങളില്‍ 22-ലും വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. 175 സീറ്റുള്ള നിയമസഭയിലും സ്ഥിതി വ്യത്യസ്തമല്ല. 149 സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ടിഡിപി 25 സീറ്റിലേക്കും പവന് കല്യാണിന്റെ ജന സേന പാര്‍ട്ടി ഒരു സീറ്റിലേക്കും ചുരുങ്ങിയിരിക്കുകയാണ്.
ബിജെപിയെ തോല്‍പ്പിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തില്‍ സഖ്യം സ്ഥാപിക്കാനുള്ള തിടുക്കത്തിലായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. എന്നാല്‍ മോദി തരംഗത്തില്‍ ആദ്യം തൂത്തെറിയപ്പെട്ട പ്രമുഖരില്‍ ചന്ദ്രബാബു നായിഡുവുമുണ്ട് ,അതും സ്വന്തം സംസ്ഥാനത്ത് നിന്ന് തന്നെ. ഇതോടെ നായിഡുവിന്റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലായിരിക്കുകയാണ്.
ഒഡീഷയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡി വന്‍ മുന്നേറ്റമാണ് നടത്തിയത്. നിലവില്‍ 146 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ 2 മണ്ഡലങ്ങളില്‍ വിജയിച്ച ബിജെഡി 113 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 21 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. നിലവില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
32 മണ്ഡലങ്ങളിലേക്ക് സിക്കിമില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച 14 മണ്ഡലങ്ങളില്‍ വിജയിക്കുകയും 3 മണ്ഡലങ്ങളില്‍ വിജയിക്കുകയും ചെയ്തപ്പോള്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 9 ഇടങ്ങളില്‍ വിജയിക്കുകയും 6 ഇടങ്ങളില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു.