ദോഹ: പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഖത്തറില്‍ 2017-ന്റെ തുടക്കം മുതല്‍ വാട്ട്സ് ആപ്പില്‍ ഏര്‍പ്പെടുത്തിയിരുന്ന ഓഡിയോ, വീഡിയോ കോളുകളുടെ നിയന്ത്രണം നീക്കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രവാസികള്‍ക്ക് മാത്രമല്ല സ്വദേശികള്‍ക്കും ഇത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. കുറഞ്ഞ ചിലവില്‍ നാട്ടിലേക്ക് വിളിക്കാമെന്നതിനാല്‍ പ്രവാസികളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് വാട്സ് ആപ്പിനെയായിരുന്നു.
ഖത്തറില്‍ ഓഡിയോ, വീഡിയോ കോളുകള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് വാട്ട്സ് ആപ്പിലൂടെ
സാധാരണ സന്ദേശങ്ങളും ഒപ്പം ഫോട്ടോകളും വീഡിയോകളും അയക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളു. കഴിഞ്ഞ ദിവസമാണ് വാട്ട്സ് ആപ്പ് നിയന്ത്രണങ്ങള്‍ നീക്കിയതില്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് നിരവധി പേര് സമൂഹ മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
വാട്ട്സ് ആപ്പിനു പുറമേ സ്കൈപ്പ്, വൈബര്‍ തുടങ്ങിയവയും ഖത്തറില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ ആപ്ലിക്കഷനുകളും ലഭിച്ചു തുടങ്ങിയോ എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.