സത്യമപ്രിയം

ഹിന്ദുക്കളെ ലക്ഷ്യമിട്ട് മാരണ നിയമവുമായി പിണറായി

സത്യമപ്രിയം - ജി.കെ. സുരേഷ്ബാബു

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം വരാന്‍ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും ആര്‍ത്തവ സംരക്ഷണത്തിനായി പുതിയ നിയമനിര്‍മ്മാണവുമായി വരികയാണ്. അനാചാരങ്ങളെന്ന പേരില്‍ ഇക്കുറിയും ലക്ഷ്യമിടുന്നത് ഹിന്ദു സമൂഹത്തെ തന്നെയാണ്.

ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാന്‍ നിയമം കൊണ്ടുവരാന്‍ സംസ്ഥാന നിയമപരിഷ്‌ക്കാര കമ്മീഷനോടാണ് കരടുനിയമം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. കമ്മീഷന്‍ കരടുനിയമത്തിന് രൂപം കൊടുത്തുകഴിഞ്ഞു. അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്നവിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കാനാണ് കരടുനിയമത്തില്‍ ശുപാര്‍ശ. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവും 50,000 രൂപ പിഴയും നല്‍കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. അമാനുഷിക ശക്തി അവകാശപ്പെട്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് കമ്മീഷന്‍ പറയുന്നു. ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദുര്‍മന്ത്രവാദം, ചികിത്സാനിഷേധം എന്നിവ കാരണം സംസ്ഥാനത്ത് പലരും മരണമടഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ പറഞ്ഞിരുന്നു. കര്‍ണ്ണാടകത്തിലും മഹാരാഷ്ട്രയിലും നേരത്തെ തന്നെ സമാന നിയമം കൊണ്ടുവന്നിട്ടുണ്ടെന്ന് കമ്മീഷന്‍ ശുപാര്‍ശയില്‍ പറഞ്ഞിട്ടുണ്ട്. നിയമപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് കുറ്റകരമായ ആചാരങ്ങള്‍ ഇനി പറയുന്നവയാണ്.

* കൂടോത്രം, ദുര്‍മന്ത്രവാദം, നഗ്നരായി നടത്തിക്കല്‍ തുടങ്ങിയവ
* അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സം നില്‍ക്കുക
* നിധി അന്വേഷണം, അതിന്റെ പേരിലുള്ള ഉപദ്രവങ്ങള്‍
* ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന പേരിലുള്ള ഭീഷണിപ്പെടുത്തലും ഉപദ്രവിക്കലും
* പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ മര്‍ദ്ദനം, കെട്ടിയിടല്‍, മുടി മുറിയ്ക്കുക, ലൈംഗിക പ്രവര്‍ത്തികള്‍ക്ക് നിര്‍ബ്ബന്ധിക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയവ
* അമാനുഷിക ശക്തിയുടെ പേരിലുള്ള ചികിത്സ, മരണം ശാരീരിക വേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍
* അമാനുഷിക ശക്തിയെന്നോ ഈശ്വരാവതാരമെന്നോ തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക
* സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഊരുവിലക്ക്, ആര്‍ത്തവസമയത്തും പ്രസവാനന്തരവും മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്നരായി നടത്തല്‍ എന്നിവ
* മൃഗത്തെയോ പക്ഷിയെയോ ഉപദ്രേവിക്കുകയോ കൊല്ലുകയോ, അത് ചെയ്യാനായി നിര്‍ബ്ബന്ധിക്കുകയോ ചെയ്യുക
* കവിളില്‍ കമ്പിയോ അമ്പോ തറയ്ക്കുക, ചാത്തനേറ്, ഭക്ഷണവും വെള്ളവും മലിനപ്പെടുത്തുക
* ചികിത്സ തേടുന്നതില്‍ നിന്ന് തടയുക, മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ത്ഥന എന്നിവ ചികിത്സയ്ക്കു പകരം നടത്തുക എന്നിവയാണ് കുറ്റകരമാക്കേണ്ട ആചാരങ്ങളായി വിവരിച്ചിട്ടുള്ളത്.

നിയമം ബാധകമല്ലാത്ത കാര്യങ്ങളും കരടുനിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

* മത-ആത്മീയകേന്ദ്രങ്ങളില്‍ നടക്കുന്ന ആരാധനാ രീതികള്‍
* പുരാതന സന്യാസിമാരുടെയും പുണ്യാളന്മാരുടെയും പരാമ്പര്യ അറിവുകള്‍, കല, ആചാരങ്ങള്‍ എന്നിവ പ്രചരിപ്പിക്കല്‍
* അന്തരിച്ച സന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അത്ഭുതങ്ങളെ കുറിച്ചുള്ള വിവരണങ്ങളും അവയുടെ പ്രചാരണവും.
* മതപ്രഭാഷകരുടെ അത്ഭുതങ്ങള്‍ സംബന്ധിച്ച പ്രചാരണം.
* വീട്, ക്ഷേത്രം, ക്രിസ്ത്യന്‍-മുസ്ലീം ദേവാലയങ്ങള്‍, മറ്റ് മതപരമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന, ശരീരത്തിന് ആപത്തുണ്ടാക്കാത്ത ആചാരങ്ങള്‍.
* ഉത്സവങ്ങള്‍, പ്രാര്‍ത്ഥനകള്‍, ഘോഷയാത്രകള്‍ തുടങ്ങിയവ
* വഞ്ചനയോ, ചൂഷണമോ ഇല്ലാത്ത വാസ്തു-ജ്യോതിഷ ഉപദേശങ്ങള്‍
* സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന മറ്റ് ആചാരങ്ങള്‍ എന്നിവയാണ് ഒഴിവാക്കിയിട്ടുള്ളത്.

ഒറ്റ നോട്ടത്തില്‍ മതേതരവും ശാസ്ത്രീയാധിഷ്ഠിതവും ആണെന്ന് തോന്നത്തക്ക രീതിയിലാണ് കരടുനിയമം രൂപകല്പന ചെയ്തിട്ടുള്ളത്. ഹിന്ദു സമൂഹത്തിലെ ബഹുഭൂരിപക്ഷവും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുന്നവരാണ്. പക്ഷേ, അന്ധവിശ്വാസം ഏത്, വിശ്വാസം ഏത് എന്ന് കണ്ടെത്താനുള്ള അധികാരം അല്ലെങ്കില്‍ ചുമതല ആര്‍ക്കാണെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമത്തിലെ ഏറ്റവും കാതലായ പ്രശ്‌നം. ഒരു ദൈവത്തെയോ ഒരു ഗ്രന്ഥത്തെയോ മാത്രം ഈശ്വരനായി കാണുന്നതല്ല സനാതനധര്‍മ്മം. പ്രപഞ്ചത്തിലെ ഈശ്വരീയ ശക്തി ഒന്നുമാത്രമാണെങ്കിലും അതിന്റെ പ്രതിസ്ഫുരണങ്ങള്‍ അല്ലെങ്കില്‍ അവതാരങ്ങള്‍ മുപ്പത്തിമുക്കോടി ദേവതകളിലായി നിറഞ്ഞു നില്‍ക്കുന്നു. ഈ ദേവതകളില്‍ ചാത്തനും മറുതയും മുതല്‍ അതീന്ദ്രിയജ്ഞാനത്തിന്റെ ഉപാസകര്‍ വരെയുണ്ട്. ഈശ്വരനില്ല എന്ന് വിശ്വസിക്കുന്ന ചാര്‍വാകനെയും മഹര്‍ഷിയായി കണ്ട സംസ്‌ക്കാരമാണ് നമ്മുടേത്. ഏത് ആചാരമാണ് നിയമവിധേയം, ഏതൊക്കെ ഈശ്വരനാണ് നിയമവിധേയം എന്ന് തീരുമാനിക്കാനുള്ള അധികാരം ഭരണഘടന സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ ഏതെങ്കിലും സര്‍ക്കാരുകള്‍ക്കോ നിയമ പരിഷ്‌ക്കരണ കമ്മീഷനോ നല്‍കിയിട്ടുണ്ടോ?

പതിവുപോലെ സംഘടിത മതവിഭാഗങ്ങളെ ഒഴിവാക്കി ഹിന്ദു സമൂഹത്തിന്റെ മേല്‍ കുതിര കയറാനുള്ള ഒരു ഉപാധിയായി ഇതിനെയും മാറ്റും എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. മാജിക്കല്‍ റെമഡീസ് ആക്ട് എന്ന പേരില്‍ വളരെ ശക്തമായ ഒരു നിയമം ഇപ്പോള്‍ നിലവിലുണ്ട്. പക്ഷേ, അതനുസരിച്ച് ആര്‍ക്കെങ്കിലും എതിരെ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടോ? സംസ്ഥാന സര്‍ക്കാരിന്റെതടക്കമുള്ള പൊതു സ്ഥലങ്ങളില്‍ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നവര്‍ പ്രേതബാധ മാത്രമല്ല, എയ്ഡ്‌സ് മുതല്‍ കാന്‍സര്‍ വരെയുള്ള എല്ലാ രോഗങ്ങള്‍ക്കും ചികത്സ നടത്തുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എ്‌ന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

ശാസ്ത്രത്തിന്റെ, ശാസ്ത്ര നേട്ടത്തിന്റെ ഏറ്റവും ഉന്നത നിലയില്‍ നില്‍ക്കുന്നവരെന്ന് അഭിമാനിക്കുന്ന കേരളീയ സമൂഹത്തില്‍, ആലപ്പുഴയിലെ കൃപാസനം എന്ന ക്രൈസ്തവ സ്ഥാപനം നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ഒരു പെറ്റി കേസുപോലും എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളിയിലെ പുരോഹിതന്‍ വെഞ്ചരിച്ചു കൊടുക്കുന്ന പത്രം വയറ്റില്‍ വച്ചാല്‍ ഗര്‍ഭിണിയാകുമെന്നും തലയില്‍ വച്ചാല്‍ ട്യൂമര്‍ പോകുമെന്നും പത്രം അരച്ച് ദോശമാവില്‍ ചേര്‍ത്ത് ദോശ കഴിച്ചാല്‍ കല്യാണം നടക്കുമെന്നും പ്രചരിപ്പിക്കുന്നു. ഇതിനെതിരെ നടപടി എടുത്തില്ലെന്ന് മാത്രമല്ല, വോട്ട് കിട്ടാന്‍ വേണ്ടി 25 ലക്ഷം രൂപ ധനമന്ത്രി തോമസ് ഐസക്ക് ധനസഹായമായി ബജറ്റില്‍ ഉള്‍പ്പെടുത്തി നല്‍കി എന്ന കാര്യം കൂടി അറിയുമ്പോഴാണ് അനാചാരങ്ങള്‍ക്കെതിരെയായ പിണറായി സര്‍ക്കാരിന്റെ തട്ടിപ്പിന്റെ നേര്‍ചിത്രം മനസ്സിലാവുക.

ആചാരത്തിന്റെ ഭാഗമായി ആറ്റുകാലില്‍ ചൂരല്‍ കുത്തുന്നതും മുരുകക്ഷേത്രങ്ങളില്‍ വേല്‍ കുത്തുന്നതിനെയും ആണ് സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ഒരുമ്പെടുന്നത്. അതേസമയം സുന്നത്ത് മുതല്‍ കുത്തി റാത്തീബ് വരെയുള്ള കാര്യങ്ങളെ കുറിച്ച് ഈ പുതിയ നിയമത്തില്‍ പരാമര്‍ശമില്ല. ബൈക്ക് അപകടം ഉണ്ടായിട്ട് ആശുപത്രിയില്‍ കൊണ്ടുപോകാതെ പ്രാര്‍ത്ഥന നടത്തി മരണത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്നവരെ കുറിച്ചും ഇതില്‍ കാര്യമായ പരാമര്‍ശം ഇല്ല. പ്രേതബാധയും കൂടോത്രവും ഹിന്ദു ആചാരങ്ങളെന്ന പേരില്‍ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നവര്‍ ജിന്നുകളെ കുറിച്ചോ ഇബിലീസുകളെ കുറിച്ചോ ക്രിസ്തുമതത്തിലെ സാത്താന്‍ ഒഴിപ്പിക്കലിനെ കുറിച്ചോ മിണ്ടുന്നില്ല. മൂത്രം കുടിക്കുന്നത് തടയണമെന്ന് നിയമം കൊണ്ടുവരുന്നവര്‍ സി പി എമ്മിന്റെ ഘടകകക്ഷി കൂടിയായിരുന്ന ഒരു മുന്‍ പ്രധാനമന്ത്രി മൂത്രചികിത്സ നടത്തിയിരുന്ന കാര്യം മറന്നുപോയി. മാത്രമല്ല, കേരളത്തിലുടനീളം രഹസ്യകേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സാത്താന്‍ ആരാധനാ സമ്പ്രദായത്തെ കുറിച്ചും നിയമം മിണ്ടുന്നില്ല. രക്തം കുടിപ്പിക്കലും ഒരു പുരോഗമന സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത അനാചാരങ്ങളുടെയും ദുഷ്‌കര്‍മ്മങ്ങളുടെയും ഒക്കെത്തന്നെ പ്രതീകമായ സാത്താന്‍ ആരാധനയെയും സര്‍ക്കാര്‍ നിയമത്തില്‍ പരാമര്‍ശിക്കുന്നതേയില്ല.

കരടുനിയമം അനുസരിച്ച് ഹിന്ദു ക്ഷേത്രങ്ങളെയോ ആരാധനാലയങ്ങളെയോ ആശ്രമങ്ങളെയോ സന്യാസിമാരെയോ ഒക്കെത്തന്നെ കള്ളക്കേസുണ്ടാക്കി കുടുക്കാന്‍ എളുപ്പമാണെന്നതാണ് സത്യം. കുറച്ചു പോലീസ് ഉദ്യോഗസ്ഥരും സഖാക്കളും ചേര്‍ന്ന് പണ്ടത്തെപ്പോലെ സംസ്ഥാനത്തുടനീളം ഹിന്ദുക്കളുടെ നേരെ ആചാരത്തിന്റെയും അനാചാരത്തിന്റെയും പേരില്‍ കടന്നാക്രമണം നടത്താനും കേസ് എടുക്കാനുമുള്ള എളുപ്പവഴിയായിട്ടാണ് ഈ നിയമത്തെയും കാണേണ്ടത്.

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close