ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും നടത്തിയ ഓഫര്‍ സെയിലില്‍ മുന്ന് ദിവസം കൊണ്ട് വിറ്റഴിച്ചത് 1.8 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍. സെപ്തംബര്‍ 29 ന് ആരംഭിച്ച സെയില്‍ ഇന്ന് അവസാനിക്കും. സെയില്‍ അവസാനിക്കുന്നതോടെ 3.7 ബില്ല്യണ്‍ ഡോളറിന്റെ വില്‍പ്പന നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് ആമസോണ്‍ സെയില്‍ നടത്തുന്നത്. ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരിലാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫര്‍ സെയില്‍.
സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഡ്യൂറബിള്‍സ് തുടങ്ങിയവയ്‌ക്ക് വന്‍ വിലക്കുറവാണ് ഇരുകമ്പനികളും സെയിലില്‍ ഒരുക്കിയിരിക്കുന്നത്. റിയല്‍ മീ, ഓപ്പോ, ഷവോമി, സാംസങ്, മോട്ടറോള, ഹോണര്‍, നോക്കിയ, വിവോ എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഡിസ്‌കൗണ്ടാണ് ലഭിച്ചിരിക്കുന്നത്.
ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 60 മുതല്‍ 80 ശതമാനം വരെയാണ് വിലക്കിഴിവ്. ഫോണ്‍ കവറുകള്‍, പവര്‍ബാങ്ക്, ലാപ്ടോപ്പ്, ഹെഡ്സെറ്റ് എന്നിവയ്‌ക്കും വന്‍ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, എ സി എന്നീ ഗൃഹോപകരണങ്ങള്‍ക്കും വമ്പിച്ച വിലക്കുറവാണ്. വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍, ക്യാമറ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്‌ക്കും ഗ്രോസറി സാധനങ്ങള്‍ക്കും വന്‍ വിലക്കിഴിവാണ് കമ്പനി നല്‍കിയിരുന്നത്.
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി പേര്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങി. സ്മാര്‍ട്ട് ഫോണുകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. വണ്‍പ്ലസ്, ആപ്പിള്‍, സാസംങ് എന്നീ ബ്രാന്‍ഡുകളുടെ ഫോണുകളാണ് കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്.
29,000 രൂപയ്‌ക്കാണ് വണ്‍പ്ലസ് 7 സെയിലില്‍ വില്‍പന നടത്തുന്നത്. 400 രൂപ വരെ വിലക്കിഴിവാണ് വണ്‍പ്ലസ് 7 പ്രോയ്‌ക്ക് ഒരുക്കിയിരുന്നത്. 4,999 രൂപയാണ് റെഡ് മീ 7 എയ്‌ക്ക് ലഭിക്കുന്നത്. 44,999 രൂപയ്‌ക്കാണ് ഐഫോണ്‍ XR ലഭിക്കുന്നത്. എല്‍ജി, ഹോണര്‍, വിവോ, റിയല്‍ മീ, ഓപ്പോ, നോക്കിയ എന്നീ സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം വമ്പിച്ച വിലക്കുറവാണ് കമ്പനി നല്‍കിയിരുന്നത്.















