ഓരോ ശ്വാസത്തിലും ദേശീയത പ്രതിഫലിപ്പിച്ച ഉത്തമ സംഘാടകനായിരുന്നു മേജർ ലാൽ കൃഷ്ണ. ജനം ടിവിയെ നയിക്കുന്നതിലും ശബരിമല പ്രക്ഷോഭത്തിലെ മുന്നണിപോരാളിയെന്ന നിലയിലും ലാൽ കൃഷ്ണയുടെ ഇടപെടലുകൾ ഏറെ പ്രശംസ പിടിച്ചുപറ്റി.
തിരക്കുപിടിച്ച ആർമി ജീവിതത്തിനിടയിൽ വീണ് കിട്ടുന്ന അവധിദിവസങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ലീവെടുത്ത് ആർഎസ്എസിന്‍റെ സംഘശിക്ഷാവർഗ്ഗിന് മുടങ്ങാതെയെത്തുന്ന മേജർ ലാൽ കൃഷ്ണയെ സ്വയംസേവകർക്ക് മറക്കാനാവില്ല. കുടുംബത്തോളം തന്നെ പ്രിയങ്കരമായിരുന്നു അദ്ദേഹത്തിന് രാഷ്‌ട്രവും സംഘടനയും. സ്വയംസേവർക്കൊപ്പം അവരിലൊരാളായി ശിക്ഷകനായും പ്രബന്ധകനായും വഴികാട്ടിയായും അദ്ദേഹം നിറഞ്ഞുനിന്നു. ഔദ്യോഗിക ജീവിതത്തിനുശേഷം സംഘപഥത്തിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നായിരുന്നു ലാൽകൃഷ്ണയുടെ ആഗ്രഹം. തുടർന്ന് അന്താരാഷ്‌ട്രാ ശ്രീകൃഷ്ണ കേന്ദ്രത്തിന്‍റെ മുഖ്യചുതമലക്കാരനായി.
കുമ്മനം രാജശേഖരന്‍ സംസ്ഥാന ബിജെപിയുടെ അമരക്കാരനായപ്പോൾ ലാൽ കൃഷ്ണയെയും അദ്ദേഹം കൂടെക്കൂട്ടി. പ്രതീക്ഷയോടെ മുന്നിലെത്തുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നടപ്പാക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. വിവിധ ആവശ്യങ്ങളുമായി ബിജെപി ഓഫീസിലെത്തുന്ന പാവങ്ങൾക്ക് കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഊണും ഉറക്കവുമൊഴിഞ്ഞ് പ്രവർത്തിച്ചു. കുമ്മനത്തിന്‍റെ നേതൃത്വത്തിൽ ബിജെപി നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം നിശബ്ദ പോരാളിയായിരുന്നു മേജർ ലാൽകൃഷ്ണ.
കർമ്മപഥത്തിൽ സംഘത്തെ മാറ്റിനിർത്തിയായിരുന്നില്ല ഈ പ്രവർത്തനങ്ങളെല്ലാം. ആർഎസ്എസിന്‍റെ ഇടുക്കി വിഭാഗ് പ്ര ചാർ പ്രമുഖായി പ്രവർത്തിച്ച് വരികയായിരുന്നു. ജനം കുടുംബത്തിന്‍റെ ഭാഗമായും പ്രവർത്തിച്ചു. 2016 -17 കാലയളവിൽ ജനം ടിവിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു അദ്ദേഹം.
ശബരിമലയെ തകർക്കാനുള്ള പിണറായി വിജയന്‍റെ ധാർഷ്ഠ്യത്തിന് മുന്നിൽ കയ്യുംകെട്ടി നോക്കിനിൽക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിണറായിയുടെ വിലക്കുകൾ മറികടന്ന് സന്നിധാനത്തെത്തിയ അദ്ദേഹം ആചാരംസംരക്ഷണത്തിനുവേണ്ടി ശക്തമായ കവചമൊരുക്കി. പിണറായി പോലീസിന്റെ തിട്ടൂരത്തിന് മുന്നിൽ നിവർന്നുനിന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് ശക്തിയായി അവർക്കൊപ്പം പോരാടി.
രണ്ട് തവണ കേരളം മഹാപ്രളയത്തെ നേരിട്ടപ്പോഴും രക്ഷാപ്രവർത്തനത്തിനായി ലാൽകൃഷ്ണ മുന്നിലുണ്ടായിരുന്നു. 2018 ൽ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിപ്പോഴും രണ്ടാമതൊന്നാലോചിക്കാതെ തൊടുപുഴ താലൂക്ക് സ്വയം സേവകരോടൊപ്പം കാക്കി ട്രൗസറുമിട്ട് അദ്ദേഹമിറങ്ങി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്തു.
പിന്നീട് പേമാരിയിൽ തകർന്നുപോയ പുത്തുമലയിലും കവളപ്പാറയിലും നേരിട്ടെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി. ശ്വാസകോശത്തിൽ പടർന്ന് കയറിക്കൊണ്ടിരിക്കുന്ന അണുബാധയെപ്പോലും ശ്രദ്ധിക്കാതെയുള്ള പോരാട്ടമായിരുന്നു അത്. ആരോഗ്യം തളർത്തിയെങ്കിലും പതറാത്ത മനസുമായി ലാൽകൃഷ്ണ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പം പ്രതീക്ഷയായി അടിയുറച്ച് നിന്നു. ഒടുവിൽ തളർന്നുപോയ ശരീരവുമായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും എല്ലാം അതിജീവിച്ച് വരുന്ന ലാൽകൃഷ്ണയെ സ്വയംസേവകരും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷെ വിധി മറിച്ചായിരുന്നു….