ദേശീയതയുടെ വസന്തതിലകം ; വള്ളത്തോൾ

Published by
Janam Web Desk

“സാഹിത്യ രംഗത്ത് ചില സ്രഗ്‌ദ്ധരാ വൃത്തങ്ങൾ ഇഴഞ്ഞു വരുന്നതിനിടയിലായിരുന്നു ഒരു വസന്ത തിലകം പോലെ അദ്ദേഹത്തിന്റെ വരവ് “

മഹാകവി വള്ളത്തോളിനെപ്പറ്റിയായിരുന്നു ആ വിശേഷണം. പറഞ്ഞത് വിടി ഭട്ടതിരിപ്പാടും. ആധുനിക കവിത്രയങ്ങളിൽ ശബ്ദസുന്ദരനെന്ന് പുകൾ പെറ്റിരുന്ന വള്ളത്തോൾ കോഴിപ്പറമ്പ് നാരായണമേനോൻ അനുവാചകരുടെ ഹൃദയങ്ങളെ അടക്കി ഭരിച്ചത് അങ്ങനെയൊക്കെയാണ്.

ഒരു കാലത്ത് ആശാൻ – വള്ളത്തോൾ പക്ഷങ്ങളുടെ മൂപ്പിളമ തർക്കങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു മലയാള സാഹിത്യ രംഗം. അറിയപ്പെടുന്ന പലരും പരസ്യമായി തന്നെ ഇരുപക്ഷത്തും നിലയുറപ്പിച്ചതോടെ സാഹിത്യ രംഗത്ത് വാദ കോലാഹലങ്ങളൊഴിഞ്ഞൊരു നേരമില്ലായിരുന്നു. പല പേരിൽ പല രൂപത്തിൽ സാഹിത്യകാരന്മാർ പരസ്പരം കവിതകളെഴുതിപ്പോലും തങ്ങളുടെ പക്ഷമാണ് മികച്ചതെന്ന് സമർത്ഥിച്ചു. എന്നാൽ വള്ളത്തോൾ കവിതകളിലെ ദേശീയ ബോധത്തിന്റെ കാര്യത്തിൽ മാത്രം പലപ്പോഴും ഇരുകൂട്ടരും ഒരുമിച്ചിരുന്നു.

അതെ മഹാകവി വള്ളത്തോൾ ശബ്ദ സുന്ദരൻ മാത്രമല്ല ഉറച്ച ദേശീയബോധമുള്ള സ്വാതന്ത്ര്യഗായകൻ കൂടിയായിരുന്നു.

സ്വാതന്ത്ര്യദാഹം മലയാളക്കരെയെ പിടിച്ചു കുലുക്കുന്ന കാലത്തായിരുന്നു വള്ളത്തോൾ നാരായണമേനോന്റെ കവിതാ ജീവിതം ഏറ്റവും പുഷ്കലമായിരുന്നത്. മഹാത്മാഗാന്ധിയും തിലകനും സുഭാഷ് ബോസും ഉൾപ്പെടെയുള്ളവർ ദേശീയ ജീവിതത്തിന്റെ മാതൃകകളായി ഉയർന്നു നിൽക്കുന്ന കാലം.

കവിയെന്നാൽ വ്യവസ്ഥിതിയോട് മല്ലിടേണ്ടവനാണെന്ന പൊതുബോധം വച്ച് എങ്കിൽ കിടക്കട്ടെയെന്ന് കരുതി കവിതകളെഴുതിയ ഒരു വെറും കവിയാകാൻ വള്ളത്തോൾ നാരായണമേനോൻ ഒരുക്കമായിരുന്നില്ല. ദേശീയ ബോധത്തിന്റെ മൂശയിൽ അടിച്ചുരുക്കിയെടുത്ത ശക്തമായ കവിതകൾ. ഏതൊരു സ്വാതന്ത്ര്യ ദാഹിയേയും കോൾമയിർ കൊള്ളിക്കുന്ന വിധം അതങ്ങനെ മലയാളക്കരയിൽ ഒഴുകിപ്പരക്കുകയായിരുന്നു.

മണ്ണ് , മാതൃഭാഷ , മാതൃഭൂമി ഇവ മൂന്നിനേയും ആസ്പദമാക്കി വള്ളത്തോൾ രചിച്ച കവിതകൾ മലയാളിയെ ദേശീയബോധത്തിലേക്കുയർത്തി.കേരളത്തെ ഉദ്ദേശിച്ചു കൊണ്ടെഴുതിയതാണെങ്കിലും വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയിലെ ചില വരികൾ ഭാരതത്തിനും അനുയോജ്യമാണ്.

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ
—– —– —— —-
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ
—— ———– —–
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിനുപാസ്യരായുള്ളോർക്കുമുപാസ്യയെ

എന്നുള്ള വരികൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തേജസ്സോടെ നിറഞ്ഞു നിൽക്കുക സംർവാംഗ വിഭൂഷിതയായ ഭാരതാംബ തന്നെയായിരിക്കുമെന്നതിൽ സംശയമില്ല.ഗാന്ധിജി സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായതോടെ വള്ളത്തോളിന്റെ കവിതകളിൽ സ്വദേശിയും സ്വാഭിമാനവും ഒപ്പം അഹിംസയും കൂടുതൽ നിറഞ്ഞു തുടങ്ങി. ഒരർത്ഥത്തിൽ ഗുരുനാഥനായ ഗാന്ധിജിയായിരുന്നു വള്ളത്തോളിനെ ദേശീയ ഗീതങ്ങളിലേക്ക് കൂടുതൽ ചേർത്തു നിർത്തിയത്.

പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ
ഭാരതഷ്മ ദേവിയുടെ തൃപ്പതാകകൾ..
….നമ്മൾ നൂറ്റ അനൂലു കൊണ്ട് നമ്മൾ നെയ്ത വസ്ത്രം കൊണ്ട്
നിർമ്മിതം ഇതനീതിക്കൊരന്ത്യാവരണം…

എന്ന വരികൾ കേരളത്തിലെ ഓരോ സ്വാതന്ത്ര്യ സമരഭടന്മാർക്കും ആവേശമായി. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ചൊല്ലുന്ന വരികൾ സ്വാതന്ത്ര്യസമര ജാഥകളിലെ നിത്യസാന്നിദ്ധ്യവുമായി.

വൈരമല്ലുണ്ടയായ് സ്നേഹമാണിന്ത്യ തൻ
പീരങ്കിയിൽ നിറപ്പിതസ്മദ് ഗുരു

എന്ന് അഹിംസയെ വാഴ്‌ത്തി ഗാന്ധിജിയെ ആദരവോടെ കണ്ട് പാടിയ കവിതന്നെയാണ്

ഭാരതമെന്ന പേർ കേട്ടാലഭിമാന
‌പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളയ്‌ക്കണം ചോര ഞരമ്പുകളിൽ

എന്ന വരികളെഴുതി സ്വാതന്ത്ര്യ സമരത്തീയിൽ എണ്ണ പകർന്നു കൊടുത്തതും.

മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്‌ക്കുന്ന പിഞ്ചിളം–
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്‌ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.

സാഹിത്യമഞ്ജരിയിലെ ഈ വരികൾ ഒരേ സമയം അമ്മയെയും മാതൃഭാഷയേയും മാത്രമല്ല മഹനീയമായി വരച്ചു കാട്ടുന്നത് ഒപ്പം മാതൃഭൂമിയെക്കൂടിയാണ്. മാതാവും മാതൃഭാഷയും മഹനീയമാണെങ്കിൽ അതിനൊപ്പം മഹത്തായതാണ് മാതൃഭൂമിയെന്നത് ആ കവി സാർവ്വ ഭൗമനെ പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ.

കേവലം വരികളിൽ മാത്രമായിരുന്നില്ല പ്രവൃത്തിയിലും ദേശീയ പ്രസ്ഥാനങ്ങളോട് ചേർന്നു നിന്നു വള്ളത്തോൾ. അയിത്തോച്ചാടനത്തിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ടു. വൈക്കം , ഗുരുവായൂർ സത്യഗ്രഹങ്ങളിൽ പങ്കെടുത്തു. വെയിൽസ് രാജകുമാരൻ വച്ചു നീട്ടിയ പട്ടും വളയും അർത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം നിരസിച്ചതിൽ നിന്ന് തന്നെ വള്ളത്തോളിന്റെ ദേശസ്നേഹവും സ്വാതന്ത്ര്യ പോരാട്ടത്തോടുള്ള ആത്മാർത്ഥതയും വ്യക്തമാകുന്നു.

എന്റെ ഗുരുനാഥൻ എന്ന മഹത്തായ കവിത ഗാന്ധിജിയെക്കുറിച്ച് എഴുതിയിട്ടുള്ള ഏത് സാഹിത്യങ്ങളിലും അത് ഏതു ഭാഷയിലാണെങ്കിൽ പോലും പ്രഥമ ഗണനീയമാണെന്നതിൽ സംശയമില്ല. എന്റെ ഗുരുനാഥനിൽ ഗാന്ധിജിയുടെ ജീവിതം മനോഹരമായ വരികളിൽ വർണ്ണിക്കുന്നതിനോടൊപ്പം തന്നെ ആർഷ ഭാരതത്തിന്റെ മഹിമയും വരികളിൽ പ്രകടമാകുന്നുണ്ട്. ഗാന്ധിജി ജനിച്ച നാടിനെ , അല്ലെങ്കിൽ ഗാന്ധിജിയെപ്പോലൊരാൾക്ക് ജന്മം നൽകാൻ കഴിഞ്ഞ നാടിന്റെ മഹത്വമാണ് അദ്ദേഹം ഈ വരികളിലൂടെ വെളിപ്പെടുത്തുന്നത്.

ഗീതയ്‌ക്ക് മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കർമയോഗിയെ പ്രസവിക്കൂ
ഹിമവദ് വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിഹത്തിനെ

ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്‌ക്കും കല്പപാദപമുണ്ടായ് വരൂ
നമസ്തേ ഗതതർഷ , നമസ്തേ ദുരാധർഷ
നമസ്തേ സുമഹാത്മൻ നമസ്തേ ജഗദ് ഗുരോ !

മാതൃവന്ദനം നടത്തിയ മഹാകവിയുടെ മാതൃഭൂമി വന്ദനമാണ് ഈ വരികൾ. ഭാരതമെന്താണെന്ന് അറിഞ്ഞ , അതിനെ ആത്മാവിലേക്ക് ആവാഹിച്ചവർക്ക് മാത്രം എഴുതാൻ കഴിയുന്ന വരികൾ.

[author title=”വായുജിത്” image=”https://janamtv.com/wp-content/uploads/2017/12/vayujith-profile.jpg”]ചീഫ് സബ് എഡിറ്റർ ജനം ടിവി[/author]

Share
Leave a Comment