സിഡ്നി; ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങളുടെ പ്രതിഷേധം. പത്രങ്ങളുടെ ഒന്നാം പേജ് കറുപ്പാക്കിയാണ് സര്‍ക്കാരിനെതിരെ മാദ്ധ്യമങ്ങള്‍ പ്രതിഷേധിച്ചത്. ദേശീയ പ്രാദേശിക പത്രങ്ങളായ ദി ഓസ്ട്രേലിയന്‍, ദി സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ്, ഓസ്ട്രലിയന്‍ ഫിനാഷല് റിവ്യൂ, ഡെയിലി ടെലിഗ്രാഫ് ഉള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങളാണ് ഒന്നാം പേജിലെ അക്ഷരങ്ങള്‍ കറുപ്പാക്കി പത്രം പ്രിന്റ് ചെയ്ത് ഇറക്കിയത്.
വിദേശരാജ്യങ്ങളില്‍ ഓസ്ട്രേലിയന്‍ സൈന്യം നടത്തിയ ഇടപെടലുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ നെറ്റ് വര്‍ക്കായ എബിസിയുടെ സിഡ്നി ആസ്ഥാനത്തും ,ന്യൂസ് കോര്‍പ്പ് എഡിറ്റര്‍ ആനിക സ്മെതര്‍സ്റ്റിന്റെ വീട്ടിലും ഫെഡറല്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിനു ശേഷം മൂന്ന് മാദ്ധ്യമ പ്രവര്‍ത്തകരെയാണ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിടെ ഓസ്ട്രേലിയന്‍ സ്പെഷ്യല്‍ ഫോഴ്സ് അനധികൃതമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന് എബിസിയിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനാണ് അവരെ കേസില്‍ ഉള്‍പ്പെടുത്തിയത്.
ഓസ്ട്രേലിയന്‍ മാദ്ധ്യമ ചരിത്രത്തിലാദ്യമായാണ് മുന്പേജുകള് കറുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.