കോന്നി; ത്രികോണ മത്സരം നടന്ന കോന്നിയില്‍ ശുഭ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കോന്നിയില്‍ ശക്തമായ പോരാട്ടം നടത്തിയെന്നും വിജയ പ്രതീക്ഷയിലാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പറഞ്ഞു. ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ പിന്തുണയും യുഡിഎഫിലെ അടിയൊഴുക്കും പിന്തുണയ്ക്കമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
അതേസമയം അടൂര്‍ പ്രകാശിന് ശേഷം കോന്നിയില്‍ താന്‍ തന്നെയായിരിക്കും എംഎല്‍എ എന്നാണ് അവസാന നിമിഷവും പി മോഹന്‍രാജ് അവകാശപ്പെടുന്നത്. എന്നാല്‍ കോന്നിയില്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകും എന്നാണ് ഇടത് സ്ഥാനാര്‍ത്ഥി കെ.യു ജെനീഷിന്റെ നേരത്തെതന്നെയുള്ള പ്രതീക്ഷ.
മലയോരമേഖലകളിലടക്കം ശക്തികേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട പോളിംഗ് ഉണ്ടായി എന്നതാണ് ഇടതിന് പ്രതീക്ഷ നല്‍കുന്നത്. അടൂര്‍ പ്രകാശിന് തുണയായിരുന്ന ഈഴവ വോട്ട് ഇത്തവണ തങ്ങള്‍ക്കൊപ്പം നിന്നെന്നാണ് ഇടത് വിലയിരുത്തല്‍. എന്നാല്‍ എന്‍എസ്എസ് പിന്തുണ ലഭിച്ചെന്നും പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുക്കുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടമായിട്ടില്ലെന്നുമാണ് യുഡിഎഫിന്റെ പ്രതീക്ഷ. കൂടാതെ യുഡിഎഫില്‍ ഒരു തരത്തിലുള്ള അനൈക്യവും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആവര്‍ത്തിച്ചു പറയുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകളറിയാം. അന്തിമ ഫല സൂചനകള്‍ക്കായുള്ള കാത്തിരിപ്പിലാണ് മൂന്ന് മുന്നണികളും.