വിധി ചരിത്രത്തിലെ നാഴികക്കല്ല്; രാജ്യത്ത് ഐക്യവും സമാധാനവും കാത്തു സൂക്ഷിക്കണമെന്ന് രാജ്‌നാഥ് സിംഗ്

Published by
Janam Web Desk

ന്യൂഡല്‍ഹി: അയോദ്ധ്യ വിധി ചരിത്രത്തിലെ നാഴികക്കല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും ജനങ്ങള്‍ സമാധാനവും ഐക്യവും കാത്തു സൂക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിലൂടെ കടന്നു പോയ കേസിന്റെ അന്തിമ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അയോധ്യയിലെ ക്രമസമാധാന നില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്.

അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കുകയും പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തര്‍ക്ക ഭൂമിയ്‌ക്ക് പുറത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാനുമാണ് കോടതി വിധിയായത്. ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് ഭൂമി കൈമാറണമെന്നും മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം ഇതിനായി പദ്ധതി ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അയോദ്ധ്യ കേസില്‍ ഒറ്റവിധിയാണ് കോടതി പറഞ്ഞത്. അത് ഐക്യകണ്‌ഠേനയുള്ള വിധിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതിയുടെ വിധി തള്ളിയ സുപ്രീംകോടതി കൃത്യമായി ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് കേസിന്റെ നാള്‍ വഴികളും, ഇരു കൂട്ടരുടെയും വാദങ്ങളിലെ പ്രധാന ഭാഗങ്ങളും പരാമര്‍ശിച്ചു .കേസില്‍ സുന്നി വഖഫ് ബോര്‍ഡിനു വാദം തെളിയിക്കാനായില്ല .

Share
Leave a Comment