ഹൈദരാബാദ്: ആമകള്‍ ഉള്‍പ്പെടെ വനജീവികളെ കടത്തുന്നതിനിടെ ഹൈദരാബാദില്‍ ഒരാള്‍ പിടിയില്‍. ഹൈദരാബാദ് ചന്ദ്രയാന്ഗുഡ സ്വദേശിയായ സലേഹ് ബിന്‍ മഹമ്മൂദിനെയാണ് ഹൈദരാബാദ് കമ്മീഷണര്‍ ഉള്‍പ്പെടുന്ന ടാസ്ക് ഫോഴ്സ് പിടികൂടിയത്. നാലു കുട്ടിതേവാങ്കുകള്, കാരാമ, നക്ഷത്ര ആമ എന്നിവയാണ് ഇയാളില്‍ നിന്നും ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തത്.
സലേഹ് സഹോദരനായ അലി ബിന്‍ മഹമ്മൂദുമായി ചേര്‍ന്നാണ് വന്യജീവി കടത്ത് ബിസിനസ് ആരംഭിച്ചത്. അലിയും സുഹൃത്തുക്കളും കാട്ടില്‍ നിന്ന് പിടിക്കുന്ന വന ജീവികളെ സലേഹാണ് നഗരത്തില്‍ വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
വനജീവികള്‍ക്ക് പ്രത്യേകിച്ച് നക്ഷത്ര ആമകള്‍ക്ക് നഗരത്തില്‍ വലിയ ഡിമാന്റാണ് ഉള്ളത്. വീടുകളില്‍ അലങ്കാരത്തിനായാണ് പലരും ഇവയെ വാങ്ങുന്നത്. എന്തു വില കൊടുത്തും ഇവയെ വാങ്ങാന്‍ നഗരവാസികള്‍ തയ്യാറാണ്. കൂടാതെ മരുന്നു നിര്‍മ്മാണത്തിനും ഇവ ഉപയോഗിക്കുന്നതിനാല്‍ നിരവധി ആവശ്യക്കാരാണ് ഹൈദരാബാദിലുള്ളത്. സലേഹിനെ കൂടുതല്‍ അന്വേഷണത്തിനായി വനംവകുപ്പിന് വിട്ടുകൊടുത്തു. ഇയാളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ പേരെ പിടികൂടാന്‍ സാധിക്കുമെന്ന് സംഘം പറഞ്ഞു.