മുംബൈ: മഹാരാഷട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന ത്രികക്ഷി സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ചു മണിക്ക് ദാദര്‍ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കോണ്‍ഗ്രസിലെ ബാലാസാഹെബ് തോറാട്ട്, എന്‍സിപിയുടെ ജയന്ത് പാട്ടീല്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും.
ഡിസംബര്‍ 1-ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ മാത്രമാണ് ഇന്ന് നടക്കുക. ഗവര്‍ണര്‍ നിയമിച്ച ബിജെപി എംഎല്‍എ കാളിദാസ് കൊലാംകറയാണ് പ്രോടൈം സ്പീക്കര്‍.
സഖ്യത്തിന്റെ നേതാക്കള്‍ ചൊവ്വാഴ്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നു പാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷി യോഗത്തിലാണ് ഉദ്ധവ് താക്കറയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.
വിശ്വാസവോട്ട് ഉടന്‍ നടത്തണമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഫഡ്‌നാവിസ് രാജി സമര്‍പ്പിച്ചത്. 54 എന്‍സിപി എഎംഎല്‍മാരുടെ പിന്തുണയുമായി വന്ന അജിത് പവാര്‍ രാജിവെച്ചതോടെയാണ് ഫഡ്‌നാവിസ് രാജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ 145 എന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ ഫഡ്‌നാവിസ് രാജിവെക്കുകയായിരുന്നു.