തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വകുപ്പിന്റെ തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.
ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഈടാക്കില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചത്. തുടക്കത്തില്‍ ഉപദേശവും ബോധവത്ക്കരണവുമാണ് നടപ്പാക്കുക. കുട്ടികള്‍ ഉള്‍പ്പെടെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രധാന റോഡുകളിലെല്ലാം ഹെല്‍മെറ്റ് പരിശോധനയ്‌ക്കിറങ്ങാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ആദ്യപടി എന്ന നിലയില്‍ കഴിഞ്ഞ ദിവസം തന്നെ ഹെല്‍മറ്റ് പരിശോധനയ്‌ക്ക് കൂടുതല്‍ സ്‌ക്വാഡുകള്‍ ഇറങ്ങിയിരുന്നു. കാക്കനാട് ഭാഗത്ത് നിന്നും 174 പേരാണ് പരിശോധനയില്‍ കുടുങ്ങിയത്. പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ഓടിക്കുന്നവര്‍ക്കാണ് ഉത്തരവാദിത്തം.
പെരുമ്പാവൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിയത്. വരും ദിവസങ്ങളില്‍ ഹെല്‍മെറ്റില്ലാതെ പിടികൂടിയാല്‍ പിഴ ഈടാക്കല്‍ കൂടാതെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍ തുടങ്ങിയ നടപടികളും സ്വീകരിക്കും.
പിഴ അടക്കാന്‍ വിസമ്മതിക്കുന്നവരുടെ കേസുകള്‍ കോടതിയിലേക്ക് കൈമാറും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി ഇന്നു മുതല്‍ സ്വീകരിക്കും. കൂടെയുള്ള സഹയാത്രികന്‍ ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവറെ കുറ്റക്കാരനായി കണക്കാക്കും.