കൊളംബൊ: ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും ശ്രീലങ്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്‌സെ. മുന്‍ കാലത്തുണ്ടായ പ്രശ്‌നങ്ങളും തെറ്റിദ്ധരണകളും മറക്കണമെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഗോതാബയ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മഹിന്ദ രജപക്‌സെ ശ്രീലങ്ക ഭരിക്കുന്ന സമയത്ത് ഇന്ത്യയെ പ്രയാസപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങള്‍ ഇനി രാജ്യത്ത് നിന്നും ഉണ്ടാവില്ലെന്നും രജപക്‌സെ സൂചിപ്പിച്ചു. ഇന്ത്യയുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ, ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളോ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടനാണ്. പ്രധാനമന്ത്രി മോദിക്കൊപ്പം തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം വളരെ പ്രാക്ടിക്കലായ മനുഷ്യനാണ്. അതുകൊണ്ടു തന്നെ ശ്രീലങ്കയെ തിരിച്ചറിയാനും മോദിക്ക് സാധിക്കുമെന്നും ഗോതാബയ പറഞ്ഞു.
ഐഎസ് ഭീകരവാദം ഇന്ത്യയേയൊ, ശ്രീലങ്കയേയൊ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ഭീഷണിയാണ്. ആഗോള തലത്തില്‍ നിന്നു തന്നെ ഇവരെ തുടച്ചുമാറ്റാനുള്ള പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും ഗോതാബയ പറഞ്ഞു. വെല്ലുവിളി ആഗോളതലത്തിലായതിനാല്‍ അയല്‍രാജ്യങ്ങളേയും കൂട്ടുപിടിച്ച് ഒരുമിച്ച് പോരാടുന്നതാണ് നല്ലതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശ്രീലങ്കയില്‍ എല്‍ടിടിഇ ഭീകര സംഘടനയെ നേരിടുന്നതില്‍ വിജയം നേടിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഭീകരതയെ നശിപ്പിച്ചത്. എന്നാല്‍ ഇസ്ലാമിക ഭീകരത പുതിയ ഭീഷണിയാണ്. മുന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കില്‍ ഐഎസ് ഭീകരവാദം ഇന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കും. രാജ്യത്തിന്റെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വൈക്കോയും മറ്റ് നേതാക്കളും കൂടെ നില്‍ക്കുമെന്ന് തോന്നുവെന്നും അദ്ദേഹം പറഞ്ഞു.