കൊച്ചി: ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ശബരിമല വ്യാപാര വ്യവസായി ഏകോപന സമിതി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പമ്പയിലും സന്നിധാനത്തും ഭക്ഷണ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നിശ്ചിത വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാം എന്ന കരാര്‍ പ്രകാരമാണ് സ്റ്റാളുകള്‍ ലേലത്തില്‍ പിടിക്കുന്നത്. തുടര്‍ന്ന് വില വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മണ്ഡല കാലം ആരംഭിച്ച സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യമല്ലെന്നാണ് കോടതി നിലപാട്.
കച്ചവടക്കാര്‍ക്ക് വേണമെങ്കില്‍ അടുത്ത വര്‍ഷം സ്റ്റാളുകള്‍ ലേലത്തില്‍ നല്‍കുന്നതിന് മുമ്പ് തന്നെ നിരക്ക് പുതുക്കി നിശ്ചയിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ, ശബരിമലയില്‍ നിലവിലെ വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.