ഇന്ത്യയിലെ അവസാനത്തെ വില്ലേജ് ….. മാനയെ പറ്റി അറിയാം …..

Published by
Janam Web Desk

ദൈവം അടുത്ത നിമിഷം ഭൂമിയിലേക്കിറങ്ങിവരും എന്ന് തോന്നിപ്പിക്കുന്ന ചില മനോഹരമായ പ്രദേശങ്ങള്‍ ഭൂമിയിലുണ്ട്. തഴുകിയകന്നു പോകുന്ന പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങള്‍. അവ്യക്തമെങ്കിലും അത്ര അകലെയല്ലാതെ ഉയര്‍ന്ന് നില്‍ക്കുന്ന വെള്ള പുതച്ച മലനിരകള്‍. വെള്ളിയരഞ്ഞാണം പോലെ പൊട്ടിച്ചിരിച്ചൊഴുകുന്ന അരുവികള്‍. ആകാശത്തെ തൊട്ടു നില്‍ക്കുന്ന അവസ്ഥ. ഒപ്പം സുഖകരമായ ഒരു തണുപ്പും ശുദ്ധവായുവും..

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മാന എന്ന ഗ്രാമത്തില്‍ നില്‍ക്കുമ്പോള്‍ നിങ്ങളീ അനുഭൂതി തൊട്ടറിയും. വെറുമൊരു ഗ്രാമമല്ല ഇന്ത്യയുടെ ഒടുവിലത്തെ ഗ്രാമം എന്നാണ് മാന അറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3200 മീറ്റര്‍ ഉയരത്തിലാണ് മാന സ്ഥിതി ചെയ്യുന്നത്. ബരീനാഥപ്രഭുവിന് മൂന്ന് കിലോമീറ്റര്‍ അടുത്ത് തിബത്തന്‍ അതിര്‍ത്തിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലത്താണ് മാന. ഒടുവിലത്തെ ഗ്രാമമായതു കൊണ്ടുതന്നെ മാനയിലെ ചായക്കട ഇന്ത്യയുടെ ഒടുവിലത്തെ ചായക്കടയാണ്.

ഭാരതത്തിന്റെ പ്രാചീനമായ സംസ്‌കാരവുമായി അഭേദ്യമായ ബന്ധം മാനയ്‌ക്കുണ്ട്. വ്യാസന്‍ മഹാഭാരതം രചിച്ചുവെന്ന് കരുതപ്പെടുന്ന വ്യാസഗുഹ മാനയിലാണ്. അടുക്കുകളായി ഉയര്‍ന്ന് പോകുന്ന അടിത്തട്ടിലാണ് വ്യാസഗുഹ. തൊട്ടു താഴെയായി ഗണപതി ഗുഹയുമുണ്ട്. മഹാഭാരതം പകര്‍ത്തിയെഴുതാന്‍ വ്യാസനെ സഹായിച്ചത് ഗണപതിയാണത്രെ.

അതിനു പിന്നില്‍ സുന്ദരമായ ഒരു കഥയുണ്ട്. ഭാരതമെഴുതാന്‍ ധീക്ഷണ ശാലിയായ ആളെ തേടിയിറങ്ങിയ വ്യാസനെ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശ പ്രകാരം ഗണപതിയെ സ്മരിച്ച വ്യസനു മുമ്പില്‍ ഗണപതി പ്രത്യക്ഷപ്പെടുകയും അപേക്ഷ സ്വീകരിക്കുകയും ചെയ്തു. സഹായിക്കാമെന്നേറ്റ ഗണപതി വ്യാസനുമുൻപിൽ ഒരു ഉപാധി വെച്ചു. നിര്‍ത്താതെ ഇടതടവില്ലാതെ പറയുകയാണെങ്കില്‍ മാത്രം കഥ പകര്‍ത്തിയെഴുതാമെന്ന്. എന്നാല്‍ അര്‍ഥം പൂര്‍ണമായും ഗ്രഹിച്ച് എഴുതാമെങ്കില്‍ ഉപാധി സ്വീകരിക്കാമെന്ന് വ്യസന്‍ സമ്മതിച്ചു. വ്യവസ്ഥകള്‍ അംഗീകരിച്ച ഇരുവരും രണ്ട് വര്‍ഷം എടുത്താണ് മഹാഭാരതം പൂര്‍ത്തിയാക്കിയത്.

മാനയിലെ മറ്റൊരു അത്ഭുതമാണ് സരസ്വതി നദിയുടെ ദര്‍ശനം. ഭൂമിക്കടിയിലൂടെ മാത്രം ഒഴുകുന്ന നദി പൊടുന്നനെ മാനയില്‍ കുറച്ചു വാര മാത്രം പ്രത്യക്ഷപ്പെടുന്നത്. പാറക്കല്ലില്‍ തല്ലിത്തകര്‍ത്ത് പിന്നീട് അപ്രത്യക്ഷമാകുന്ന സരസ്വതി നദി ഒരു അത്ഭുതം തന്നെയാണ്. ഉത്ഭവസ്ഥാനം എവിടെയാണെന്നോ കണ്ടെത്താനോ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. കേശവപ്രയാഗില്‍ നന്ദി അളകനന്ദയോട് ലയിച്ചു ചേരുകയാണ്. എന്നാല്‍ കേശവപ്രയാഗില്‍ എത്തുന്നതിനു മുമ്പു തന്നെ സരസ്വതി ഭൂമിക്കടിയിലേക്ക് അന്തര്‍ധാനം ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.

മാനായുടെ അതിര്‍ത്തിയില്‍ സരസ്വതിക്ക് കുറുകെ ഒറ്റപ്പാറയിലൊരുക്കിയ പാലമാണ് മാനയുടെ മറ്റൊരു ആകര്‍ഷീയത. ഒറ്റപ്പാറയിലെ പാലത്തിന് ഭീംഫൂല്‍, അഥവാ ഭീംപാറ എന്നാണ് അറിയപ്പെടുന്നത്. സ്വർഗ്ഗാരോഹണ സമയത്ത് പാഞ്ചാലിയുമൊത്ത് പാണ്ഡവര്‍ സരസ്വതി മുറിച്ചു കടന്നാണ് ഹിമാലയത്തിലേക്ക് പോയത്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ദ്രൗപദിക്ക് സരസ്വതി മുറിച്ചു കടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഭീമന്‍ ഒരു വലിയ പാറക്കല്ല് നദിക്ക് കുറുകെ പാലമായി വച്ചുവെന്നും പാണ്ഡവര്‍ നദി കുറുകെ കടന്നുവെന്നുമാണ് വിശ്വാസം.

മാനയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് ലക്ഷ്മിവനവും വിഷ്ണു ഗംഗയും. ലക്ഷ്മി ദേവി തപസിരുന്ന സ്ഥലമാണ് ലക്ഷ്മി വനമെന്നാണ് വിശ്വാസം. ലക്ഷ്മി വനത്തില്‍ നിന്ന് കുറച്ചകലെയാണത്രെ ഗന്ധര്‍വ്വന്മാരുടേയും കുബേരന്റേയും ആസ്ഥാനമായ അളകാപുരി. ലക്ഷ്മിവനത്തില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് സ്വര്‍ഗാരോഹണ പര്‍വ്വതം.

മാന ഗ്രാമവാസികളുടെ മറ്റോരു വിശേഷപ്പെട്ട സ്ഥലമാണ് സതോപാന്ത് തടാകം. കടുംപച്ച നിറത്തില്‍ കാണുന്ന തടാകത്തിന് ത്രികോണാകൃതിയാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനും മൂന്നു കോണുകളില്‍ തപസ്സ് ചെയ്തിരുന്നുവെന്നാണ് മാന ക്കാരുടെ വിശ്വാസം. ഏകാദശി നാളില്‍ വിഷ്ണു ഇവിടെ സ്‌നാനം ചെയ്യാന്‍ എത്താറുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നു. മരണശേഷം മൃതദേഹങ്ങള്‍ ഈ തടാകത്തില്‍ ഒഴുക്കുന്നവരുണ്ട്. ഒഴുക്കില്‍ മുകളിലോട്ട് ചെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയെന്നാണ് മാനാ ജനങ്ങളുടെ വിശ്വാസം. മഹാഭാരത യുദ്ധത്തിന് ശേഷം പാപ മുക്തിക്കായി അര്‍ജുനന്‍ ഇവിടെ വന്നു മുങ്ങി കുളിച്ചിട്ടുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നു.

ആറു മാസത്തോളം മഞ്ഞുമൂടിക്കിടക്കുന്ന മാനായില്‍ നിന്ന് ബദരിനാഥ് മൂര്‍ത്തിയോടൊപ്പം ഗ്രാമവാസികളും സുരക്ഷിത സ്ഥലമായ ജോഷിമെടിലേക്ക് പോകുകയാണ് പതിവ്. ബദരിനാഥിന് മഞ്ഞുകാലത്ത് ധരിക്കാനുള്ള കമ്പിളി വസ്ത്രം നിര്‍മ്മിക്കുന്നതും മാന നിവാസികളാണ്. പൂര്‍ണ്ണമായും മഞ്ഞില്‍മൂടിയ സമയത്ത് ഇവിടെ ജീവിക്കുന്ന അര്‍ദ്ധനഗ്‌നമാരായ ബാബമാരും, സെല്‍ഫി ബാബയും, പിന്നെ നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ കൊടുംതണുപ്പത്തും നിലയുറപ്പിക്കുന ധീര ജവാന്‍മാരുമൊക്കെ ഇവിടുത്തെ കാഴ്ചകള്‍ ആണ്.

കാഴ്‌ച്ചകളും കഥകളും ഒരിക്കലും അവസാനിക്കാത്ത മാന ഗ്രാമത്തിൽ നിന്നും തിരികെ മടങ്ങുമ്പോൾ ബാക്കിയാകുന്നത് അവിടുത്തെ അത്ഭുതങ്ങളും അനുഭവങ്ങളും ദൃശ്യ വിരുന്നൊരുക്കിയ കാഴ്ചകളും മാത്രമായിരിക്കും…

Share
Leave a Comment